ദുബായ്: ഐപിഎല്ലില്‍ ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന് എതിരെ മുംബൈ ഇന്ത്യന്‍സിന് തകര്‍പ്പന്‍ വിജയം. ഡല്‍ഹി ഉയര്‍ത്തിയ 111 റണ്‍സ് വിജയലക്ഷ്യം 14.2 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ മുംബൈ മറികടന്നു. 47 പന്തുകള്‍ നേരിട്ട ഇഷാന്‍ കിഷന്‍ മൂന്നു സിക്‌സും എട്ട് ഫോറുമടക്കം 72 റണ്‍സ് എടുത്ത് മുംബൈ വിജയം എളുപ്പമാക്കി.
ഓപ്പണര്‍മാരായ ക്വിന്റണ്‍ ഡിക്കോക്കും ഇഷാന്‍ കിഷനും ചേര്‍ന്ന് മികച്ച തുടക്കമാണ് മുംബൈക്ക് നല്‍കിയത്. 10.2 ഓവറില്‍ 68 റണ്‍സ് എടുത്താണ് ഈ സഖ്യം പിരിഞ്ഞത്. ഡിക്കോക്ക് ആന്റിച്ച് നോര്‍ക്യയുടെ പന്തില്‍ പുറത്താകുകയായിരുന്നു. ഡിക്കോക്ക് 28 പന്തില്‍ നിന്ന് 26 റണ്‍സെടുത്തു. തുടര്‍ന്ന് ഇറങ്ങിയ സൂര്യകുമാര്‍ യാദവ് 12 റണ്‍സുമായി പുറത്താകാതെ നിന്നു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹിക്ക് 20 ഓവറില്‍ ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 110 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. മൂന്നു വിക്കറ്റ് വീതം വീഴ്ത്തി ജസ്പ്രീത് ബുംറയും ട്രെന്‍ഡ് ബോള്‍ട്ടുമാണ് ഡല്‍ഹിയെ തകര്‍ത്തത്. നാല് ഓവറില്‍ വെറും 17 റണ്‍സ് വഴങ്ങിയാണ് ബുംറ മൂന്നു വിക്കറ്റ് വീഴ്ത്തിയത്. ബോള്‍ട്ട് നാല് ഓവറില്‍ 21 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്തു.
പവര്‍പ്ലേയില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 22 റണ്‍സെന്ന നിലയിലായിരുന്നു ഡല്‍ഹി. 29 പന്തില്‍ നിന്ന് 25 റണ്‍സെടുത്ത ക്യാപ്റ്റന്‍ ശ്രേയസ് അയ്യരാണ് ഡല്‍ഹിയുടെ ടോപ് സ്‌കോറര്‍. 19-ാം ഓവറിലാണ് ഡല്‍ഹി സ്‌കോര്‍ 100 കടക്കുന്നത്.
Discussion about this post