പെലെയേക്കാളും ആദരമർഹിക്കുന്ന താരം, ബ്രസീലിന് സമ്മാനിച്ചത് രണ്ട് ലോകകപ്പ്; കളത്തിലും പുറത്തും അപഥ സഞ്ചാരി; ആരും വാഴ്ത്തിപ്പാടാത്ത ഗരിഞ്ചയെ ഓർമ്മിച്ച് വൈറൽ കുറിപ്പ്

കാനറിപ്പടയെന്ന് ലോകമെമ്പാടും വിളിക്കുന്ന ബ്രസീൽ കാൽപ്പന്ത് ടീമിന് വിജയങ്ങൾ മാത്രം സമ്മാനിച്ച ഒരു ചട്ടുകാലൻ ചാരക്കുരുവി ഉണ്ടായിരുന്നു, അതാണ് മാനെ ഗരിഞ്ച. രണ്ട് ലോകകപ്പുകൾ രാജ്യത്തിന് നേടി കൊടുത്തിട്ടും ഇതിഹാസതാരം പെലെയുടെ സഹകളിക്കാരനും അദ്ദേഹത്തേക്കാൾ മികച്ച പ്രകടനം പലപ്പോഴും കാഴ്ചവെച്ച താരമായിരുന്നിട്ടും ചരിത്രത്തിലെ ‘അൺസങ് ഹീറോ’ ആയി തുടരുന്ന ബ്രസീൽ ഫുട്‌ബോളർ ഗരിഞ്ചയ്ക്ക് അർഹിക്കുന്ന ഓർമ്മക്കുറിപ്പ് തയ്യാറാക്കിയിരിക്കുകയാണ് സന്ദീപ് അലിങ്കീൽ. പെലെയ്ക്ക് ലഭിക്കുന്ന വാഴ്ത്തലുകളുടെ പകുതി ആദരവ് പോലും ലോകം സമ്മാനിക്കാൻ മറന്ന മാനുവൽ ഫ്രാൻസിസ്‌കോ ഡോസ് സാന്റോസ് എന്ന ജനങ്ങൾ സ്‌നേഹത്തോടെ മാനെ ഗരിഞ്ച എന്ന് വിളിക്കുന്ന താരത്തെ കുറിച്ച് ഫേസ്ബുക്കിൽ സന്ദീപ് പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാവുകയാണ്.

കുറിപ്പിന്റെ പൂർണ്ണരൂപം:

ലോകം കണ്ട മികച്ച ഫുട്‌ബോളർമാരിൽ ഒരാളായ ഗാരിഞ്ചയുടെ 90മത് ജന്മദിനം. ബ്രസീലിന് രണ്ട് ലോകകപ്പ് നേടിക്കൊടുത്ത അദ്ദേഹം ഫുട്!ബോൾ ചരിത്രത്തിൽ ‘unsung hero’ആണ്. പെലെയേക്കാൾ ആദരം കിട്ടേണ്ട ഗാരിഞ്ചയുടെ ഓർമ്മകൾ ചാരം മൂടി കിടക്കുന്നു.

അപഥ സഞ്ചാരിയായ ഏകാന്ത താരകം. ഫുട്ബാളിലെ ചാർളി ചാപ്ലിനെന്ന് ഗാരിഞ്ചയെ വിശേഷിപ്പിച്ചത് സഹകളിക്കാരനായിരുന്ന ദിൽമ സാന്റോസ് ആണ്. കണ്ണഞ്ചിപ്പിക്കുന്ന വേഗതയും ട്രിബിലിങ്ങും കൊണ്ട് എതിരാളികളെ ഒന്നൊന്നായി അയാൾ കബളിപ്പിച്ചു. ഗരിഞ്ച ഒരു പന്തായി ചുരുങ്ങുകയും ആ പന്തിനു പിറകെ എതിരാളികൾ വിഡ്ഢികളെ പോലെ വലയുകയും ചെയ്തു.ഗാലറികൾ ചിരിച്ചാർത്തു. മറ്റൊന്നുമില്ലാതെ അമേരിക്കയുടെ കാൽചുവട്ടിലമർന്ന മനുഷ്യർ തുകൽ പന്തിന്റെ പുറത്തെ തൊലിയായി ഒട്ടി കിടന്നു. ഫാക്ടറി വളപ്പിലും ചേറ്റുപാടങ്ങളിലും വൈരാഗ്യ ബുദ്ദിയൊടെ മനുഷ്യർ പന്തിനു പുറകെ ഓടി. അവർ പണിശാലകളിൽ നിന്ന് ചേറ്റുപാടങ്ങളിൽ നിന്നും മുഷിഞ്ഞ വസ്ത്രങ്ങളോടെ കളിയിടങ്ങളിലേക്കു മാർച്ചു ചെയ്തു. അവർക്ക് സന്തോഷിക്കാൻ ഗരിഞ്ച ഉണ്ടായിരുന്നു. മാനുവൽ ഫ്രാൻസിസ്‌കോ ഡോസ് സാന്റോസ് എന്നായിരുന്നു അയാളുടെ പേര് അവർ അയാളെ മാനെ ഗാരിഞ്ച എന്ന് വിളിച്ചു. ചട്ടുകാലൻ കുരുവി എന്നായിരുന്നു അതിന്റെ അർത്ഥം. അയാളുടെ കാലിൽ പന്ത് കിട്ടുമ്പോഴൊക്കെ സ്പാനിഷ് കാളപ്പോരിലെന്ന പോലെ ഗാലറികൾ ‘ഓലെ ഓലെ… ‘എന്നാർത്തു.മാരക്കാനയിൽ നിന്ന് അവർ ജീവിതത്തിന്റെ ഉശിരും ഉല്‌സാഹവും കണ്ടെടുത്തു. കളിയും ജീവിതവും രണ്ടായിരുന്നില്ല അയാൾക്ക്. മൈതാനത്തു നിന്ന് ജീവിതത്തിലേക്ക് അയാൾ നൂൽപ്പാലമിട്ടു. സുരക്ഷാസംവിധാനങ്ങളില്ലാതെ ട്രപ്പീസു കളിച്ചു. ഗാരിഞ്ചയുടെ കൂസലില്ലായ്മയും സമ്പ്രദായങ്ങളോടുള്ള നിഷേധവും ആൾക്കൂട്ടങ്ങളുടെ അരുമയാക്കി. ഗാരിഞ്ചയുടെ തോളിലേറി ബ്രസീൽ ലോകക്കപ്പ് തൊട്ടു. ഒന്നല്ല രണ്ടുതവണ. അവകാശവാദങ്ങളൊന്നും ഇല്ലാതെ അയാൾ ജീവിതത്തിൽ മദ്യവും പെണ്ണുങ്ങളുമായി അലിഞ്ഞു ചേർന്നു. ഏകാന്തമായ ഒരു താരത്തെ പോലെ ജ്വലിച്ചു. ഗരിഞ്ച ഉന്മാദികളിലെ കളിക്കാരനും കളിക്കാരിലെ ഉന്മാദിയുമായിരുന്നു.

ജനിക്കുമ്പോഴേ ഗാരിഞ്ചയുടെ ഇടതുകാൽ വലതിനേക്കാൾ 6സെന്റിമീറ്റർ നീളമുണ്ടായിരുന്നു. സമപ്രായക്കാരിൽ വളർച്ച കുറവായിരുന്നു ഗാരിഞ്ചയ്ക്. ഗാരിഞ്ചയെന്നു സഹോദരി റോസിയാണ് ആദ്യം വിളിക്കുന്നത്. വടക്കു കിഴക്കൻ പ്രവിശ്യയിൽ കാണുന്ന ചാരക്കുരുവിയാണ് ഗാരിഞ്ച. ഒരേ കുപ്പായമിട്ട് പെണ്ണുങ്ങളുടെ അടുത്ത് പോവുകയും ഫുട്‌ബോൾ കളിക്കുകയും ചെയ്തു.അച്ഛൻ അമോർ നെ പോലെ കച്ചക്ക കുടിച്ചു.നഗ്‌നപാദനായി നടന്നു. ലാറ്റിനമേരിക്കയിൽ മറ്റെല്ലാമിടത്തെന്ന പോലെ അമേരിക്കൻ മുതലാളിമാരുടെ പഴ സംസ്‌ക്കരണ ഫാക്ടറികളിലും തുണിമില്ലുകളിലും മനുഷ്യർ മല്ലയുദ്ദം നടത്തി പോന്നു. പട്ടിണിയും ദാരിദ്ര്യവും മാന്തിയ കുടുംബത്തിൽ മറ്റെല്ലാവരെയും പോലെ അയാളും നന്നേ ചെറുപ്പത്തിലേ തുണിമില്ലിൽ പണിക്കു പോയി തുടങ്ങി. അയാൾ തരം കിട്ടുമ്പോഴൊക്ക ഉഴപ്പി. സഹപ്രവർത്തകരായ പെണ്ണുങ്ങളുടെ കൂടെ രമിച്ചു.അതിന്റെ പേരിൽ അയാളെ ആരും ഫാക്ടറിയിൽ നിന്ന് പിരിച്ചു വിട്ടില്ല. പാവു ഗ്രാണ്ടേയിലെ ഫുട്‌ബോൾ കളിക്കാൻ കമ്പനിക്ക് ഗരിഞ്ചയെ വേണമായിരുന്നു. അയാൾ സെറാനോയ്ക്ക് വേണ്ടി പെട്രോപോളിസിൽ ലീഗുകളിക്കാൻ പോയി അതിനായി ടോക്കൺ ബോണസും മദ്യവും ഭക്ഷണവും അധികമായി വാങ്ങി. റിയോ വിലെ കുന്നുകളിൽ അയാൾ മദ്യത്തിലും പെണ്ണുങ്ങളിലും ലഹരി കണ്ടെത്തി.

1952ൽ ബോഗോഫോട്ടോയിലെ പ്രതിരോധ കളിക്കാരൻ ആർടി പാവു ഗ്രാൻഡെയിൽ എത്തുകയുണ്ടായി. അവിടുത്തെ പ്രദേശിക മത്സരത്തിൽ റഫറിയായി. കോർണർ കിക്കെടുത്ത ചട്ടുകാലൻ പയ്യൻ അയാളെ അത്ഭുതപ്പെടുത്തി. അതു ഗാരിഞ്ചയുടെ ഉദയമായിരുന്നു. ഗാരിഞ്ചയെ ബോഗോഫോട്ടോയുടെ ട്രെയിനിങ് കാമ്പിലേക്കു ക്ഷണം കിട്ടി. ബ്രസീലിന്റെ ദേശീയ താരം നിൽട്ടൻ സാന്റോസിനെ നിമിഷനേരം കൊണ്ടു ട്രിബിൽ ചെയ്തു ടീമിൽ സ്ഥാനമുറപ്പിച്ചു. ബോൺ സക്‌സെസൊ ആയിരുന്നു അരങ്ങേറ്റ മത്സരത്തിലെ എതിരാളികൾ.ഗാരിഞ്ചയുടെ ഹാട്രിക്കോടെ 63നു ബോഗോഫോട്ടോ ജയിച്ചു. പാവു ഗ്രാന്റെയിലെ ചെളിയിൽ നഗ്‌നപാദനായി കളിച്ച അയാളുടെ കാലുകൾ നഗര വെറിക്ക് മുന്നിൽ പതറിയില്ല. 13വർഷക്കാലം അയാൾ ബോഗോഫോട്ടോയിൽ കളിച്ചു. യൂറോപ്പിൽ നിന്ന് സമ്പന്ന ക്ലബുകൾ വലയെറിഞ്ഞിട്ടും അയാൾ കുരുങ്ങിയേയില്ല. സെലക്ഷൻ ക്യാമ്പിൽ അയാളെ തഴഞ്ഞ ഫ്‌ലെമിംസിസിന്റെയും വാസ്‌കോയുടെയും വലകളിൽ അയാൾ ഗോൾ നിറച്ചു.

ബ്രസീലിൽ വലിയ മാറ്റങ്ങളുടെ കാലമായിരുന്നു. ആധുനിക വൽക്കരണവും വ്യവസായിക വൽക്കരണവും കൊടിയ ദാരിദ്ര്യത്തിന്റെയും ക്രിമിനലിസത്തിന്റെയും രൂപത്തിൽ കാർന്നു തിന്നു. 50ലും 54ൽ സ്വന്തം മണ്ണിൽ ഫൈനലിലും ബ്രസീൽ വീണു. ഫുട്ബാളിലും അതിജീവനത്തിന്റെ പാത തുറക്കുകയായിരുന്നു ബ്രസീൽ. മികച്ച ശാരീരിക ശേഷിയും മാനസിക ഘടനയും ഉള്ളവരെ തിരഞ്ഞു. ഇതിൽ രണ്ടിലും പരാജയപ്പെട്ട ഗാരിഞ്ചയിലൂടെയാണ് കാനറികൾ ലോകകപ്പിൽ മുത്തിയതെന്നത് ചരിത്രത്തിന്റെ കാവ്യനീതി.


ബോഗോഫോട്ടോയിലെ മിന്നുന്ന പ്രകടനം ദേശീയ ടീമിലേക്കു വഴിയൊരുക്കി. നരകസ്വപ്നങ്ങൾ അത്താഴമായുള്ള ഒരു ജനതയ്ക്കു ഫുട്ബാൾ സ്വർഗം പോലെ സന്തോഷമുള്ളതാണ്. മൈതാനത്ത് വെച്ചു മോക്ഷം നേടുവാൻ അവർ പട്ടിണിയിലും സാബത്ത് അനുഷ്ടിച്ചു. ഒന്നിച്ചൊന്നായ് പൊട്ടിത്തെറിക്കുവാൻ അവരവരെ കാത്തുവെച്ചു. 58ൽ ഗരിഞ്ചയ്‌ക്കൊപ്പം പെലെ കളിച്ചു. ആ ടൂർണമെന്റിലെ ഫേവറൈറ്റുകളായ ussr നോടുള്ള മത്സരം 20നു ജയിച്ചു. കിക്കോഫ് ചെയ്താൽ ആഞ്ഞടിക്കുക എന്ന തന്ത്രമാണ് ടീം മാനേജർ വിൻസെന്റ് ഫിയോള സ്വീകരിച്ചത്. ആദ്യ നിമിഷങ്ങളിൽ പെലെയുടെ ഒരു തകർപ്പനടി പോസ്റ്റിൽ തട്ടി മടങ്ങി.തൊട്ടു പിന്നാലെ ഗാരിഞ്ചയുടെ അടി ക്രോസ്സ് ബാറിൽ തട്ടി തെറിച്ചു. ഫുട്ബാൾ ചരിത്രത്തിലെ ഏറ്റവും മനോഹരമായ മൂന്ന് മിനുട്ടായിരുന്നു അത്. ഫൈനലിൽ ഗരിഞ്ച നൽകിയ രണ്ടു ക്രോസ് കളിൽ വാവ നേടിയ രണ്ടു ഗോളുകളോടെ 21നു സ്വീഡനെ തോൽപിച്ചു ബ്രസീൽ കപ്പ് നേടി.

ലോകകപ്പ് നേട്ടവും താരപദവിയും ഗാരിഞ്ചയെ മറ്റൊന്നാക്കിയില്ല. അയാളുടെ അപഥ സഞ്ചാരം യദേഷ്ടം തുടർന്നു. അമിത മദ്യപാനം അയാളുടെ ആരോഗ്യം തകർത്തു. 59ൽ ഇംഗ്ലണ്ടിനെതിരെ നടന്ന സൗഹൃദ മത്സരത്തിൽ ഗരിഞ്ചയ്ക്ക് ടീമിൽ സ്ഥാനം കിട്ടിയില്ല. ഒരിക്കൽ അയാൾ അച്ഛനെയും കൂട്ടി പാവു ഗ്രാനഡയിലെ വീട്ടിലേക്കു നിർത്താതെ കാറോടിച്ചുപോയി. രോക്ഷാകുലരായ ജനക്കൂട്ടം അയാളെ പിൻതുടർന്നു പിടിച്ചു. മദ്യത്തിൽ മുങ്ങിയ ഗാരിഞ്ചയ്ക്ക് സംസാരിക്കാൻ പോലുമാകുമായിരുന്നില്ല.അനേകം അപകടങ്ങൾ അയാൾ തരണം ചെയ്തു. അമ്മായിയമ്മ ഗാരിഞ്ചയോടൊപ്പം യാത്ര ചെയ്യവേ ലോറിയിടിച്ചു കൊല്ലപ്പെട്ടു.

62ൽ ലോകകപ്പിൽ രണ്ടാമത്തെ മത്സരത്തിൽ പെലെ പരിക്കേറ്റു പിന്മാറി. എന്നിട്ടും ഗാരിഞ്ചയുടെ ചിറകിലേറി ബ്രസീൽ കുതിച്ചു. പെലേക്കു പകരമെത്തിയ അമറാൾഡോ സ്‌പെയിനിനെതിരെയ ക്വാർട്ടറിൽ ഗോളടിച്ചു.അല്ല ഗരിഞ്ച ഗോളടിപ്പിച്ചു. ക്വാർട്ടർ ഫൈനലിൽ ഇംഗ്‌ളണ്ടിനെതിരെയും സെമിയിൽ ചിലിക്കെതിരെയും ഗരിഞ്ച നേടിയ ഇരട്ട ഗോളുകളുടെ പിൻബലത്തോടെ ബ്രസീൽ ഫൈനലിൽ കടന്നു. സെമിയിൽ 83മിനിറ്റ് ചിലിക്കാർ നിർത്താതെ ഫൗൾ ചെയ്തിട്ടും ഗരിഞ്ച 2ഗോൾ അടിച്ചു ടീമിനെ വിജയപദത്തിൽ എത്തിച്ചു. ‘ഗരിഞ്ച നിങ്ങൾ ഏത് ഗ്രഹത്തിൽ നിന്ന് വരുന്നു ‘എന്നാണ് ചിലിയൻ പത്രമായ എൽ മേരിക്യൂരിയോ ചോദിച്ചത്. ചെക്കോസ്ലോവാക്യ ആയിരുന്നു ഫൈനലിലെ എതിരാളി. കലശലായ പനി പിടിച്ചിട്ടും ഗരിഞ്ച കളിച്ചു. 31നു ജയിച്ചു രണ്ടാമത്തെ കപ്പിൽ മുത്തമിട്ടു.


66ലെ ലോകകപ്പിൽ ബ്രസീൽ ആദ്യറൗണ്ടിൽ പുറത്തായി. മുട്ടിനു പരുക്കേറ്റ ഗരിഞ്ച രണ്ടു മത്സരങ്ങൾ കളിച്ചു. ബൾഗേറിയക്കെതിരെ ഗാരിഞ്ചയുടെ ഗോൾ ഉൾപ്പെടെ 20നു ജയിച്ചെങ്കിലും ഹങ്കറിയോട് 31ന്റെ തോൽവി ഏറ്റുവാങ്ങി. ഗരിഞ്ച കളിച്ച അവസാനത്തെ അന്താരാഷ്ട്ര മത്സരമായിരുന്നു അത്. ഗരിഞ്ച കളിച്ചിട്ട് ബ്രസീൽ തോറ്റ ഏക മത്സരവും. 1973ൽ പ്രൊഫഷണൽ ഫുട്ബാളിൽ നിന്ന് ഗരിഞ്ച വിരമിച്ചു. അപ്പോഴേക്കും അയാളുടെ മകൾ ഏദെനിർ അലക്‌സാൻഡ്രിയക് ജന്മം നൽകിയിരുന്നു. ഞാനൊരു മുത്തശ്ശനായി എന്നാണ് ഗരിഞ്ച വിടവാങ്ങലിനോട് പ്രതികരിച്ചത്. വിടവാങ്ങൽ മത്സരം കാണാൻ മാരക്കാനയിൽ 131000കാണികൾ ഒഴുകിയെത്തി. കാലങ്ങളായി തങ്ങളെ സന്തോഷത്തിന്റെ വീഞ്ഞ് പകർന്ന പ്രിയപ്പെട്ട കുരുവിയെ യാത്രയാക്കൻ ആളുകൾ ഗാലറിയിൽ തിങ്ങിയിരുന്നു. Fifa ലോക ഇലവനുമായുള്ള ബ്രസീലിന്റെ ആ മത്സരം ഇംഗ്‌ളീഷ് റഫറിക് ഇടവേളയ്ക്കു ശേഷം നിർത്തിവെയ്‌ക്കേണ്ടി വന്നു. മാനെ ഗാരിഞ്ചയെ തേടി മുച്ചൂടും മുടിക്കപ്പെട്ട ജനത മൈതാനത്ത് ഇറങ്ങി. അവരുടെ മുറിവുകൾ സന്താപങ്ങൾ പട്ടിണി മരണങ്ങൾ മാറാരോഗങ്ങൾ കുടുംബ തർക്കങ്ങൾ കിടപ്പറ പ്രശനങ്ങൾ പ്രണയ നൊമ്പരങ്ങൾ ഇക്കാലമത്രയും അകറ്റി നിർത്തിയ, ഒരു ഉറുമ്പ് കടിക്കുന്ന വേദനയാക്കിയ മാറ്റിയ ആ കുറിയ മനുഷ്യനെ അവർ ഏറ്റെടുത്തു.


അനേകം സ്ത്രീകളിലൂടെ അയാൾ കടന്നുപോയി. കുടുംബങ്ങളിൽ ഉറക്കാതെ അനുസരണയില്ലാതെ ഉഴറി. 18ആം വയസ്സിൽ ബോഗോഫോട്ടോയിൽ എത്തുന്നതിനു മുന്നേ അയാൾ വിവാഹിതനായിരുന്നു. നൈർ മാർകേസ് എന്ന ഫാക്ടറി തൊഴിലാളി സ്ത്രീ മുതൽ എൽസ സോർസ് എന്ന വിഖ്യാത സാമ്പ ഗായിക വരെ ഗരിഞ്ച എന്ന ഞെട്ടറ്റ പട്ടത്തിന്റെ ഇങ്ങേ തലയ്ക്കൽ കടിഞ്ഞാണിന് വേണ്ടി ശ്രമിച്ചെങ്കിലും പരാജയപെട്ടു പിന്മാറി. പ്രശസ്ത മോഡലായിരുന്ന ആഞ്ജലീറ്റ മാർട്ടിനസ് ഉൾപ്പെടെ 5പേരിൽ നിന്നായിരുന്നു 14കുട്ടികളായിരുന്നു 1983ൽ 50ആം വയസിൽ അച്ഛനെപ്പോലെ ലിവർ സിറോസിസ് വന്നു മരിക്കുമ്പോൾ ഗാരിഞ്ചയുടെ സമ്പാദ്യം.

സാധാരണ മനുഷ്യന്മാരെപോലെയല്ല പ്രതിഭകൾ അവർ കാലത്തിനും നീതിബോധത്തിനും സാമാന്യ യുക്തിക്കും മീതെയാണ് ചരിക്കുന്നത്. ഒറ്റ ചരടിൽ കോർത്ത പാരമ്പര്യ സമൂഹത്തിൽ പെറ്റടിഞ്ഞു ജീവിച്ചു മരിക്കുന്ന നമ്മൾക്ക് ഗരിഞ്ച ഉന്മാദിയായ മനുഷ്യൻ മാത്രമാണ്. അപഥമെന്നു നമുക്ക് തോന്നുന്ന നടത്തയാണ് ഗരിഞ്ചമാരെ സൃഷ്ടിക്കുന്നത്. പക്ഷേ നമുക്കൊരൊറ്റ ഗരിഞ്ച മാത്രമേയുള്ളു.

Exit mobile version