ഷാർജ: ദിവസങ്ങൾക്ക് മുമ്പ് വിടപറഞ്ഞ അച്ഛന്റെ ഓർമ്മകൾക്ക് കളിക്കളത്തിലെ അർധസെഞ്ച്വറി കൊണ്ട് ശ്രദ്ധാഞ്ജലി അർപ്പിച്ച് കിങ്‌സ് ഇലവൻ പഞ്ചാബ് താരം മൻദീപ് സിങ്. അർധസെഞ്ച്വറി നേടിയ മൻദീപ് പുറത്താകാതെ നിന്നതും അച്ഛന് വേണ്ടിയാണെന്ന് പിന്നീട് പ്രതികരിച്ചു.
കഴിഞ്ഞദിവസം ഐപിഎല്ലിലെ 46ാമത്തെ മത്സരത്തിനിടെയാണ് മൻദീപ് അർധസെഞ്ച്വറി നേടിയത്. 56 പന്തിൽ രണ്ട് സിക്‌സും എട്ടു ഫോറും സഹിതം 66 റൺസെടുത്താണ് കൊൽക്കത്ത നൈറ്റ്‌റൈഡേഴ്‌സിന് എതിരെ മൻദീപ് തകർത്തടിച്ച് ദുഃഖങ്ങളെ കഴുകിക്കളഞ്ഞത്.
അർധ സെഞ്ച്വറി തികച്ചതിനു പിന്നാലെ മൻദീപ് ബാറ്റുയർത്തി അത് പിതാവിന് സമർപ്പിക്കുന്ന കാഴ്ച ഹൃദയത്തെ തൊടുന്നതായിരുന്നു. മുകളിലേക്കു നോക്കി മൻദീപ് സിങ് പിതാവ് ഹർദേവ് സിങിന് അഭിവാദ്യം അർപ്പിച്ചത് ദുഃഖത്തോടെയാണ് സഹതാരങ്ങളും സ്‌ക്രീനിലൂടെ ആരാധകരും കണ്ടുനിന്നത്.
‘ഈ മത്സരം വളരെ പ്രത്യേകതയുള്ളതാണ്. കളിക്കുമ്പോൾ വിക്കറ്റ് നഷ്ടപ്പെടുത്തരുതെന്ന് എന്റെ പിതാവ് എപ്പോഴും പറയുമായിരുന്നു. ഈ മത്സരം അദ്ദേഹത്തിനുള്ളതാണ്.’ – മത്സരശേഷം മൻദീപ് സിങ് പറഞ്ഞു.
കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് മൊഹാലിയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് വെള്ളിയാഴ്ച രാത്രി മൻദീപ് സിങ്ങിന്റെ പിതാവ് ഹർദേവ് സിങ് മരിച്ചത്. പിതാവിന്റെ വിയോഗവാർത്ത അറിഞ്ഞതോടെ നാട്ടിലേക്കു പുറപ്പെടാൻ താരം ആലോചിച്ചെങ്കിലും താൻ ക്രിക്കറ്റ് കളിക്കുന്നത് കാണാൻ ആഗ്രഹിച്ച പിതാവിന് വേണ്ടി ടീമിനൊപ്പം തുടരുകയാണ് താരം.
പിന്നീട്, വീഡിയോ കോളിലൂടെയാണ് മൻദീപ് പിതാവിന്റെ സംസ്‌കാര ചടങ്ങുകളിൽ പങ്കെടുത്തത്. വിയോഗത്തിന്റെ തൊട്ടടുത്ത ദിവസം പഞ്ചാബിനായി പാഡ് കെട്ടിയ താരം മായങ്ക് അഗർവാളിനു പകരം ഓപ്പണറായി ശനിയാഴ്ച കളത്തിലിറങ്ങുകയും 17 റൺസ് എടുത്ത് ഔട്ടാവുകയുമായിരുന്നു. മൻദീപ് ക്രിക്കറ്റിനോട് കാണിച്ച ആദരവിനെ പുകഴ്ത്തി സച്ചിൻ തെണ്ടുൽക്കർ ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു.
പിന്നീട് തൊട്ടടുത്ത മത്സരത്തിലും ഹൃദയം നുറുങ്ങുന്ന വേദന കടിച്ചമർത്തി താരം കളത്തിലിറങ്ങുകയും പിതാവിനായി അർധസെഞ്ച്വറി നേടി പുറത്താകാതെ നിൽക്കുകയുമായിരുന്നു. മത്സരത്തിൽ, ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ കൊൽക്കത്ത നേടിയ 149 എന്ന സ്‌കോറിനെതിരെ ബാറ്റേന്തിയ പഞ്ചാബ് 2 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 7 പന്ത് ബാക്കി നിൽക്കെ വിജയം പിടിച്ചെടുക്കുകയായിരുന്നു. അർധസെഞ്ച്വറി നേടിയ ക്രിസ ്‌ഗെയ്‌ലും മൻദീപ് സിങുമാണ് വിജയം അനായാസമാക്കിയത്.
Discussion about this post