പാരീസ്: ഫ്രാൻസ് ദേശീയ ടീമിൽ നിന്നും വിരമിച്ചെന്ന വാർത്തകളെ തള്ളി ഫ്രഞ്ച് മധ്യനിര താരം പോൾ പോഗ്ബ. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണിന്റെ ഇസ്ലാം വിരുദ്ധ പരാമർശത്തിൽ പ്രതിഷേധിച്ച് പോഗ്ബ വിരമിക്കുകയായിരുന്നു എന്നാണ് പുറത്തു വന്ന വാർത്തകൾ. എന്നാൽ, ദി സൺ റിപ്പോർട്ട് ചെയ്ത വാർത്തയിൽ ‘അംഗീകരിക്കാനാവാത്ത വ്യാജവാർത്ത’ എന്ന് എഴുതി തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ സ്റ്റോറി ആയി പോസ്റ്റ് ചെയ്താണ് പോഗ്ബ തന്റെ നിലപാട് അറിയിച്ചത്.
പ്രവാചകന്റെ ചിത്രം പ്രദർശിപ്പിച്ചെന്ന് ആരോപിച്ച് ചരിത്ര അധ്യാപകനായ സാമുവൽ പാറ്റിയെ മതമൗലികവാദികൾ കൊലപ്പെടുത്തിയതിന് പിന്നാലെ സംഭവത്തെ അപലപിച്ചുകൊണ്ട് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ നടത്തിയ പരാമർശമാണ് വിവാദമായത്. പാറ്റിയെ തലയറുത്തു കൊലപ്പെടുത്തിയയാളെ പോലീസ് വെടിവെച്ചു കൊന്നിരുന്നു. തുടർന്ന് അധ്യാപകന്റെ കൊലപാതകം ഇസ്ലാമിക ഭീകരവാദമാണെന്ന് പ്രഖ്യാപിച്ച മാക്രോൻ മുസ്ലിം ആരാധനാലയങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തു. കൊല്ലപ്പെട്ട സാമുവൽ പാറ്റിയെ ആദരിക്കാനും തീരുമാനിച്ചിരുന്നു.
ഇതോടെയാണ് പോഗ്ബ വിരമിച്ചെന്ന വാർത്ത ദി സൺ പത്രം റിപ്പോർട്ട് ചെയ്തത്. 2013ൽ ഫ്രഞ്ച് ദേശീയ ടീമിനായി അരങ്ങേറിയ പോഗ്ബ 2014 ലോകകപ്പിലെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കുകയും ഫ്രഞ്ച് ജേഴ്‌സിയിൽ 72 മത്സരങ്ങൾക്ക് ഇറങ്ങുകയും ചെയ്തിരുന്നു. കഴിഞ്ഞ ലോകകപ്പിൽ ഫ്രാൻസിന് കപ്പ് സമ്മാനിക്കുന്നതിൽ നിർണായക പങ്കും താരം വഹിച്ചു. ഗിനിയയിൽ നിന്ന് ഫ്രാൻസിലേക്ക് കുടിയേറിയ മാതാപിതാക്കൾക്കു പിറന്ന പോഗ്ബ ഇസ്ലാം മത വിശ്വാസിയാണ്.