അബുദാബി: ഐപിഎല്ലില്‍ തിങ്കളാഴ്ച നടന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് തകര്‍പ്പന്‍ ജയം. ഏഴു വിക്കറ്റിനാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിനെ രാജസ്ഥാന്‍ റോയല്‍സ് തകര്‍ത്തത്. ചെന്നൈ ഉയര്‍ത്തിയ 126 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ 3 വിക്കറ്റുകള്‍ മാത്രം നഷ്ടപ്പെടുത്തി 15 പന്തുകള്‍ ബാക്കി നില്‍ക്കെ വിജയം കുറിക്കുകയായിരുന്നു. നാലാം ജയത്തോടെ രാജസ്ഥാന്‍ പോയന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തേക്കുയര്‍ന്നു. തോല്‍വിയോടെ ചെന്നൈയുടെ പ്ലേ ഓഫ് സാധ്യതകള്‍ ഏതാണ്ട് അവസാനിച്ചു.
ബാറ്റിങിന് ഇറങ്ങിയ രാജസ്ഥാന്‍ തകര്‍ച്ചയോടെയാണ് തുടങ്ങിയത്. അഞ്ച് ഓവറിനുള്ളില്‍ മൂന്നു വിക്കറ്റുകളാണ് രാജസ്ഥാന് നഷ്ടമായത്. 11 പന്തില്‍ നിന്ന് 19 റണ്‍സെടുത്ത ബെന്‍ സ്റ്റോക്ക്‌സാണ് ആദ്യം പുറത്തായത്. തൊട്ടടുത്ത ഓവറില്‍ റോബിന്‍ ഉത്തപ്പയും (4) മടങ്ങി. സഞ്ജു സാംസണ് ഈ മത്സരത്തിലും തിളങ്ങാനായില്ല. റണ്ണൊന്നുമെടുക്കാതെയാണ് സഞ്ജു പുറത്തായത്. പവര്‍പ്ലേ ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 31 റണ്‍സെന്ന നിലയിലായിരുന്നു രാജസ്ഥാന്‍. തുടര്‍ന്നാണ് ബട്ട്‌ലറും സ്മിത്തും ചേര്‍ന്ന് രാജസ്ഥാനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. നാലാം വിക്കറ്റില്‍ 98 റണ്‍സാണ് ഇരുവരും ചേര്‍ന്ന് രാജസ്ഥാന്‍ സ്‌കോറിലേക്ക് ചേര്‍ത്തത്.
48 പന്തുകളില്‍ രണ്ടു സിക്‌സും ഏഴ് ഫോറുമടക്കം 70 റണ്‍സെടുത്ത് പുറത്താവാതെ നിന്ന ജോസ് ബട്‌ലറാണ് രാജസ്ഥാന്റെ മികച്ച സ്‌കോറര്‍. സ്റ്റീവ് സ്മിത്ത് (26), ബെന്‍ സ്റ്റോക്‌സ് (19) എന്നിവരും രാജസ്ഥാന്‍ സ്‌കോറില്‍ സംഭാവന നല്‍കി. നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ചെന്നൈക്ക് 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.
ത്.
അഞ്ചാം വിക്കറ്റില്‍ ക്യാപ്റ്റന്‍ എം.എസ് ധോനി – രവീന്ദ്ര ജഡേജ സഖ്യമാണ് സൂപ്പര്‍ കിങ്‌സിനെ 100 കടത്തിയത്. 30 പന്തില്‍ നിന്ന് നാലു ബൗണ്ടറിയടക്കം 35 റണ്‍സെടുത്ത ജഡേജയാണ് ചെന്നൈ നിരയിലെ ടോപ് സ്‌കോറര്‍. 28 പന്തുകള്‍ നേരിട്ട ധോനി 28 റണ്‍സെടുത്ത് പുറത്തായി. നാല് ഓവറിനുള്ളില്‍ തന്നെ ഫാഫ് ഡുപ്ലെസി (10), ഷെയ്ന്‍ വാട്ട്‌സണ്‍ (8) എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായ ചെന്നൈയുടെ തുടക്കം തന്നെ തകര്‍ച്ചയോടെയായിരുന്നു. പവര്‍പ്ലേയില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 43 റണ്‍സെന്ന നിലയിലായിരുന്നു ചെന്നൈ. 17-ാം ഓവറിലാണ് ചെന്നൈക്ക് 100 റണ്‍സ് തികയ്ക്കാനായത്. ധോണിയുടെ 200-ാം ഐ.പി.എല്‍ മത്സരമായിരുന്നു ഇത്.
Discussion about this post