അബുദാബി: സൂപ്പർ ഓവറിലേക്ക് നീണ്ട ത്രില്ലിങ് മത്സരത്തിൽ സൺ റൈസേഴ്‌സ് ഹൈദരാബാദിനെ മുട്ടുകുത്തിച്ച് കൊൽക്കത്ത നൈറ്റ്‌റൈഡേഴ്‌സിന് ഗംഭീര വിജയം. കൊൽക്കത്ത ഉയർത്തിയ 163 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഹൈദരാബാദിന്റെ ഇന്നിങ്‌സും 163 റൺസിൽ അവസാനിച്ചതോടെ മത്സരം സൂപ്പർ ഓവറിലേക്ക് നീളുകയായിരുന്നു. ഒടുവിൽ സൂപ്പർ ഓവറിൽ ലോക്കി ഫെർഗൂസന്റെ കരുത്തിൽ കൊൽക്കത്തയ്ക്ക് വിജയം സ്വന്തമായി.
നാലോവറിൽ 15 റൺസ് മാത്രം വഴങ്ങി ഹൈദരാബാദിന്റെ മൂന്നുവിക്കറ്റുകൾ പിഴുത ഫെർഗൂസൻ സൂപ്പർ ഓവറിൽ വാർണറെയും സമദിനെയും ക്ലീൻ ബൗൾഡാക്കി ഹൈദരാബാദിനെ രണ്ട് റൺസിലൊതുക്കിയതോടെയാണ് വിജയം കൊൽക്കത്തയ്ക്ക് സ്വന്തമായത്.
നേരത്തെ, ഡേവിഡ് വാർണർ (33 പന്തിൽ 47), ജോണി ബെയർസ്‌റ്റോ (28 പന്തിൽ 36) കെയിൻ വില്യംസൺ (19 പന്തിൽ 29) എന്നിവരായിരുന്നു ഹൈദരാബാദിന് വേണ്ടി പൊരുതിയത്. വാലറ്റത്ത് 15 പന്തിൽ 23 റൺസുമായി അബ്ദുൽ സമദ് പരിശ്രമിച്ചെങ്കിലും സ്‌കോർ 163ൽ ഒതുങ്ങുകയായിരുന്നു.
അതേസമയം, ടോസ് നേടിയ ഹൈദരാബാദ് കൊൽക്കത്തയെ ബാറ്റിങിന് അയയ്ക്കുകയായിരുന്നു. പതിഞ്ഞ തുടക്കത്തിൽ ബാറ്റേന്തി തുടങ്ങിയ കൊൽക്കത്ത പതിയെ ഓപ്പണിങ് കൂട്ടുകെട്ടിൽ 48 റൺസ് ചേർത്തു. രാഹുൽ ത്രിപാഠിയ്ക്കും ശുഭ്മാൻ ഗില്ലിനും പിന്നാലെയെത്തിയവരും ശ്രദ്ധയോടെ ബാറ്റ് വീശാൻ അശരമിച്ചതോടെ കൂറ്റനടികളും ടീമിന് വമ്പൻ സ്‌കോറും ലഭിച്ചില്ല. അവസാന ഓവറുകളിൽ ഇയാൻ മോർഗനും ദിനേഷ് കാർത്തിക്കും ചേർന്ന് നടത്തിയ വെടിക്കെട്ടാണ് സ്‌കോർ 150 കടത്തിയത്. കാർത്തിക് 14 പന്തിൽ 24 റൺസും. മോർഗൻ 23 പന്തിൽ 34 റൺസാണ് അടിച്ചുകൂട്ടിയത്.
ഹൈദരാബാദിന് വേണ്ടി ബേസിൽ നാലോവറിൽ 46 റൺസ് വഴങ്ങി രണ്ട് വിക്കറ്റുകളെടുത്തു. നടരാജൻ നാൽപ്പത് റൺസ് വഴങ്ങി രണ്ട് വിക്കറ്റുമെടുത്തു. വിജയ് ശങ്കർ, റാഷിദ് ഖാൻ, എന്നിവർ ഓരോ വിക്കറ്റുകൾ വീതവും നേടി.