നിറഞ്ഞാടി ഡിവില്ലിയേഴ്‌സ്; ബാംഗ്ലൂരിന് തകർപ്പൻ ജയം

ദുബായ്: എബി ഡിവില്ലിയേഴ്‌സ് പകർന്നാടിയപ്പോൾ ഒടുവിൽ വിജയം സ്വന്തമാക്കി റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ റോയൽസ് ഉയർത്തിയ 177 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്‌സ് 2 പന്ത് ബാക്കി നിൽക്കെ ഏഴ് വിക്കറ്റിന് വിജയം തട്ടിയെടുത്തു. 3 വിക്കറ്റ് നഷ്ടത്തിൽ 179 റൺസെടുത്താണ് ബാംഗ്ലൂർവിജയം.

ബാംഗ്ലൂരിനായി 22 പന്തിൽ 55 റൺസുമായി ഡിവില്ലിയേഴ്‌സ് നിറഞ്ഞാടുകയായിരുന്നു. ആറുസിക്‌സറുകളാണ് ഡിവില്ലിയേഴ്‌സിൻെ ബാറ്റിൽനിന്നും പറന്നത്. ശ്രദ്ധയോടെ കളിച്ച ദേവ്ദത്ത് പടിക്കൽ (37 പന്തിൽ നിന്നും 35), നായകൻ വിരാട് കോഹ്‌ലി (32 പന്തിൽ നിന്നും 43) എന്നിവരുടെ ഇന്നിങ്‌സാണ് ബാംഗ്ലൂരിന് അടിത്തറ പാകിയത്. 19 റൺസെടുത്ത ഗുർക്രീത് സിങ് എബിഡിക്ക് മികച്ച പിന്തുണ നൽകി.

രാജസ്ഥാന്റെ ജോഫ്ര ആർച്ചറടക്കമുള്ള ബൗളർമാർ ബാംഗ്ലൂരിന് മുന്നിൽ അടിപതറി. ജയ്‌ദേവ് ഉനദ്കടിന്റെ 19ാം ഓവറിൽ മൂന്ന് സിക്‌സറുകളക്കം അടിച്ചുകൂട്ടി 25 റൺസെടുത്താണ് ബാംഗ്ലൂരിനെ എബിഡി വിജയതീരമണച്ചത്.

ആദ്യം ബാറ്റുചെയ്ത രാജസ്ഥാനായി ഫോം വീണ്ടെുത്ത സ്റ്റീവൻ സ്മിത്തും (36 പന്തിൽ 57), റോബിൻ ഉത്തപ്പയുമാണ് (22 പന്തിൽ 41) തിളങ്ങിയത്. മലയാളി താരം സഞ്ജു സാംസൺ 9 റൺസെടുത്ത് പുറത്തായി. ബാംഗ്ലൂരിനായി നാലോവറിൽ 26 റൺസ് വഴങ്ങി നാലുവിക്കറ്റെടുത്ത ക്രിസ് മോറിസ് അമ്പരപ്പിച്ചപ്പോൾ ഫോമിലുള്ള യൂസ്‌വേന്ദ്ര ചാഹൽ രണ്ട് വിക്കറ്റ് വീഴ്ത്തി.

Exit mobile version