ഷാർജ: ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സിനെ പരാജയപ്പെടുത്തി കിങ്‌സ് ഇലവൻ പഞ്ചാബിന്റെ തകർപ്പൻ തിരിച്ചുവരവ്. ബാംഗ്ലൂർ ഉയർത്തിയ 172 റൺസ് വിജയലക്ഷ്യം രണ്ട് വിക്കറ്റ് നഷ്ടത്തിൽ പഞ്ചാബ് മറികടന്നു. ക്യാപ്റ്റൻ രാഹുലിന്റെയും മായങ്ക് അഗർവാളിന്റെയും ക്രിസ് ഗെയ്‌ലിന്റെയും വെടിക്കെട്ടാണ് പഞ്ചാബിനെ വിജയത്തിലേക്ക് എത്തിച്ചത്. ഈ വിജയത്തോടെ പഞ്ചാബ് പ്ലേ ഓഫ് സാധ്യതകൾ സജീവമാക്കി.
ഇരുടീമുകളും ഈ സീസണിൽ ഏറ്റുമുട്ടിയ ആദ്യ മത്സരത്തിലും പഞ്ചാബാണ് വിജയം സ്വന്തമാക്കിയത്. കളിയുടെ എല്ലാ മേഖലകളും കീഴടക്കായാണ് പഞ്ചാബ് വിജയം സ്വന്തമാക്കിയത്. 49 ബോളുകളിൽ നിന്നും 61 റൺസെടുത്ത് രാഹുലും 45 പന്തുകളിൽ നിന്നും 53 റൺസെടുത്ത് ഗെയ്‌ലും പഞ്ചാബിനെ വിജയത്തിലെത്തിച്ചു.
നേരത്തെ, ടോസ് നേടിയ ബാംഗ്ലൂർ നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 171 റൺസാണെടുത്തത്. കണിശതയോടെ പന്തെറിഞ്ഞ പഞ്ചാബ് ബൗളർമാരാണ് ഒരു പരിധിവരെ ബാംഗ്ലൂരിനെ ഒതുക്കിയത്. 39 പന്തുകളിൽ നിന്നും 48 റൺസെടുത്ത ക്യാപ്റ്റൻ കോഹ്‌ലിയും അവസാന ഓവറുകളിൽ അടിച്ചു തകർച്ച മോറിസുമാണ് ബാംഗ്ലൂരിന് മികച്ച സ്‌കോർ സമ്മാനിച്ചത്. സിംഗിൾസും ഡബിൾസുമെടുത്ത് കളിച്ച വിരാട് കോഹ്‌ലിയുടെ ഇന്നിങ്‌സാണ് മാന്യമായ സ്‌കോർ ബാംഗ്ലൂരിന് സമ്മാനിച്ചത്. വെറും മൂന്ന് ഫോറുകൾ മാത്രമാണ് കോഹ്‌ലി നേടിയത്. ഇന്നത്തെ മത്സരത്തിലൂടെ താരം ഐപിഎല്ലിൽ 200 മത്സരങ്ങൾ തികച്ചു.
Discussion about this post