ദുബായ്: ഐപിഎല്ലിൽ ഇന്ന് നടന്ന ആദ്യ മത്സരത്തിൽ തോൽവിയുടെ മുനമ്പിൽ നിന്നും വിജയത്തിലേക്ക് ചവിട്ടിക്കയറി രാജസ്ഥാൻ റോയൽസ്. സൺറൈസേഴ്‌സ് ഹൈദരാബാദിനെ അഞ്ചു വിക്കറ്റിന് രാജസ്ഥാൻ തകർത്തടുക്കുകയായിരുന്നു. തുടക്കത്തിൽ തന്നെ മുൻനിര ബാറ്റ്‌സ്മാന്മാരെ നഷ്ടപ്പെട്ട രാജസ്ഥാൻ തോൽവി മുന്നിൽകണ്ടിരിക്കെയാണ് രാഹുൽ തെവാതിയ-റിയാൻ പരാഗ് സഖ്യം വിജയത്തിലേക്ക് എത്തിച്ചത്.
ആറാം വിക്കറ്റിൽ ഒത്തുചേർന്ന റിയാൻ പരാഗ്-രാഹുൽ തെവാതിയ സഖ്യത്തിന്റെ 12ാം ഓവർ തൊട്ട് തുടങ്ങിയ വെടിക്കെട്ടാണ് ഹൈദരാബാദിനെ തോൽവിയിലേക്ക് തള്ളിവിട്ടത്.ഈ സഖ്യം 85 റൺസാണ് രാജസ്ഥാൻ സ്‌കോറിലേക്ക് ചേർത്തത്. 26 പന്തിൽ രണ്ടു വീതം സിക്‌സും ഫോറുമായി റിയാൻ പരാഗ് 42 റൺസോടെ പുറത്താകാതെ നിന്നു. 28 പന്തിൽ രണ്ടു സിക്‌സും നാലു ഫോറും സഹിതം രാഹുൽ തെവാതിയ 45 റൺസെടുത്തു. അവസാന ഓവറിലെ അഞ്ചാം പന്ത് സിക്‌സറിന് പറത്തി പരാഗാണ് രാജസ്ഥാന് ആവേശ ജയം സമ്മാനിച്ചത്.
159 റൺസ് വിജയലക്ഷ്യം ഉയർത്തിയ ഹൈദരാബാദിനായി ബൗളർമാർ നല്ല തുടക്കമാണ് സമ്മാനിച്ചത്. ആദ്യ 4.1 ഓവറുകൾക്കുള്ളിൽ രാജസ്ഥാന്റെ ബെൻ സ്‌റ്റോക്ക്‌സ് (5), സ്റ്റീവ് സ്മിത്ത് (5), ജോസ് ബട്ട്‌ലർ (16) എന്നിവരുടെ വിക്കറ്റുകൾ നഷ്ടപ്പെട്ട് വൻതകർച്ച മുന്നിൽ കണ്ടു. സ്മിത്ത് റണ്ണൗട്ടായപ്പോൾ സ്‌റ്റോക്ക്‌സിനെയും ബട്ട്‌ലറെയും ഖലീൽ അഹമ്മദ് മടക്കി.
പിന്നീട് ക്രീസിൽ ഒന്നിച്ച സഞ്ജു സാംസൺ റോബിൻ ഉത്തപ്പ സഖ്യം സ്‌കോർ 63 വരെയെത്തിച്ചു. 15 പന്തിൽ നിന്ന് ഒരു സിക്‌സും ഫോറുമടക്കം 18 റൺസെടുത്ത ഉത്തപ്പയെ മടക്കി റാഷിദ് ഖാനാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 12ാം ഓവറിൽ സഞ്ജുവിനെയും റാഷിദ് തന്നെ പുറത്താക്കി. 25 പന്തിൽ നിന്ന് മൂന്നു ഫോറുകൾ സഹിതം 26 റൺസായിരുന്നു സഞ്ജുവിന്റെ സമ്പാദ്യം. 12 ഓവറിൽ അഞ്ചിന് 78 റൺസെന്ന നിലയിൽ തകർന്ന രാജസ്ഥാനെയാണ് റിയാൻ പരാഗ് രാഹുൽ തെവാട്ടിയ സഖ്യം വിജയത്തിലേക്ക് നയിച്ചത്.
നേരത്തെ, ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് നിശ്ചിത ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 158 റൺസെടുത്തു. അർധ സെഞ്ചുറി നേടിയ മനീഷ് പാണ്ഡെയും 48 റൺസെടുത്ത ക്യാപ്റ്റൻ ഡേവിഡ് വാർണറുമാണ് ഹൈദരാബാദിന്റെ പൊരുതാവുന്ന സ്‌കോറിനായി ബാറ്റേന്തിയത്. രണ്ടാം വിക്കറ്റിൽ ഇരുവരും 73 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി.
40 പന്തിൽ നിന്ന് അർധ സെഞ്ചുറി നേടിയ മനീഷ് പാണ്ഡെ 44 പന്തുകൾ നേരിട്ട് മൂന്നു സിക്‌സും രണ്ടു ഫോറുമടക്കം 54 റൺസെടുത്ത് പുറത്തായി. 38 പന്തുകൾ നേരിട്ട ക്യാപ്റ്റൻ ഡേവിഡ് വാർണർ രണ്ടു സിക്‌സും മൂന്നു ഫോറുമടക്കമാണ് 48 റൺസെടുത്തത്.
19 പന്തിൽ നിന്ന് 16 റൺസെടുത്ത ജോണി ബെയർസ്‌റ്റോയെ അഞ്ചാം ഓവറിൽ തന്നെ ഹൈദരാബാദിന് നഷ്ടമായതോടെ ടീം പ്രതിരോധിച്ച് മുന്നോട്ട് നീങ്ങുകയായിരുന്നു. തന്റെ 100ാം ഐപിഎൽ മത്സരം കളിക്കുന്ന മലയാളി താരം സഞ്ജു സാംസന്റെ മികച്ച ക്യാച്ചിലാണ് ബെയർസ്‌റ്റോ പുറത്തായത്.
പ്രിയം ഗാർഗ് 15 റൺസെടുത്താണ് പുറത്തായത്. വീണ്ടും നിരാശപ്പെടുത്തിയ കെയ്ൻ വില്യംസൺ 22 റൺസോടെ പുറത്താകാതെ നിന്നു. രാജസ്ഥാനായി ജോഫ്ര ആർച്ചർ, കാർത്തിക് ത്യാഗി, ഉനദ്കട്ട് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. നേരത്തെ ടോസ് നേടിയ ഹൈദരാബാദ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.
Discussion about this post