കോഹ്‌ലിക്ക് മുന്നിലും കീഴടങ്ങി ധോണിയും കൂട്ടരും; ബാംഗ്ലൂരിന്റെ ജയം 37 റൺസിന്

ദുബായ്: ഐപിഎല്ലിൽ ഏറെ പ്രതീക്ഷയോടെ ആരാധകർ കാത്തിരുന്ന മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്‌സ് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് മുന്നിൽ നിരുപാധികം കീഴടങ്ങി. ഇന്ത്യൻ ക്രിക്കറ്റ് ടീം നായകനും മുൻ നായകനും നേർക്കുനേർ വന്ന മത്സരത്തിൽ ജയം കോഹ്‌ലിക്ക് 37 റൺസിന് സ്വന്തമായി.

വെടിക്കെട്ട് ബാറ്റിങ് പ്രകടനം കാഴ്ചവെച്ച കോഹ്‌ലിയുടെ 90 റൺസിന്റെ മികവിലാണ് ബാംഗ്ലൂർ വിജയത്തിലേക്ക് നടന്നടുത്തത്. 170 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ചെന്നൈക്ക് എട്ടുവിക്കറ്റ് നഷ്ടത്തിൽ 132 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. 25 റൺസ് എടുക്കുമ്പോഴേക്കും ഫോമിലുള്ള ഫാഫ് ഡുപ്ലെസിയേയും ഷെയ്ൻ വാട്‌സണേയും നഷ്ടപ്പെട്ട ചെന്നൈക്ക് പിന്നീട് പൊരുതി നോക്കാൻ പോലും സാധിച്ചില്ല.

എൻ ജഗദീഷും (33) അമ്പാട്ടിറായുഡുവും (42) ക്രീസിൽ ഉറച്ചുനിന്നെങ്കിലും വമ്പനടികൾക്ക് സാധിക്കാതെ വന്നത് തിരിച്ചടിയായി. ആറുപന്തുകളിൽ നിന്നും 10 റൺസുമായി ധോണി ഒരിക്കൽ കൂടി നിരാശനാക്കി. വിജയത്തിലേക്ക് വേണ്ട റൺനിരക്ക് കൂടിവന്ന ചെന്നൈയെ ബാംഗ്ലൂരിന്റെ ബൗളിങ് നിര വരിഞ്ഞുമുറുക്കി. ക്രിസ് മോറിസ് മൂന്നും വാഷിങ്ടൺ സുന്ദർ രണ്ടുവിക്കറ്റും വീഴ്ത്തി.

ജയത്തോടെ ബാംഗ്ലൂരിന് ആറുകളികളിൽ നിന്നും എട്ട് പോയന്റ് സ്വന്തമായി. ചെന്നൈക്ക് ഏഴ് കളികളിൽ നിന്നും 4 പോയന്റ് മാത്രമാണുള്ളത്. ആദ്യം ബാറ്റുചെയ്ത ബാംഗ്ലൂരിനായി കത്തിക്കയറിയ കോഹ്‌ലി അവസാന ഓവറുകളിലാണ് ആക്രമണകാരിയായത്. 52 പന്തുകളിൽ 90 റൺസുമായി കോഹ്‌ലി പുറത്താകാതെ നിന്നു.

ബാംഗ്ലൂരിന്റെ തുടക്കം പതുക്കെയായിരുന്നു. 34 പന്തുകളിൽ നിന്നും 33 റൺസെടുത്ത് ദേവ്ദത്ത് പടിക്കലും റൺസൊന്നുമെടുക്കാതെ എബി ഡിവില്ലിയേഴ്‌സും പുറത്തായതോടെ ഭാരമെല്ലാം കോഹ്‌ലിയുടെ തലയിലായെങ്കിലും അദ്ദേഹം അത് കൈകാര്യം ചെയ്തു. ശിവം ദുബെ (22) കോഹ്‌ലിക്ക് മികച്ച പിന്തുണ നൽകി.

Exit mobile version