ദുബായ്: ഓപ്പണർ റൺമഴ പെയ്യിച്ച മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിന് കിങ്‌സ് ഇലവൻ പഞ്ചാബിനെതിരെ കൂറ്റൻ സ്‌കോർ. 202 റൺസിന്റെ വിജയലക്ഷ്യമാണ് ഹൈദരാബാദ് പഞ്ചാബിന് മുന്നിൽ ഉയർത്തിയത്. 20 ഓവറിൽ സൺറൈസേഴ്‌സ് ആറ് വിക്കറ്റ് നഷ്ടത്തിൽ 201 റൺസെടുത്തു. ഈ ഐപിഎൽ സീസണിൽ സൺറൈസേഴ്‌സ് നേടുന്ന ഏറ്റവും വലിയ ആദ്യ വിക്കറ്റ് കൂട്ടുകെട്ടാണ് ഇന്ന് പിറന്നത്.
തകർപ്പൻ പ്രകടനം കാഴ്ചവെച്ച ഓപ്പണർമാരായ ജോണി ബെയർസ്‌റ്റോയും ഡേവിഡ് വാർണറുമാണ് സൺറൈസേഴ്‌സിന് ഈ കൂറ്റൻ സ്‌കോർ സമ്മാനിച്ചത്.ഇരുവരും ചേർന്ന് 160 റൺസിന്റെ കൂട്ടുകെട്ട് ആദ്യ വിക്കറ്റിൽ നേടി. ജോണി ബെയർസ്‌റ്റോ 55 പന്തുകളിൽ നിന്നും 97 റൺസും വാർണർ 40 പന്തുകളിൽ നിന്നും 52 റൺസും നേടി. ഐപിഎല്ലിൽ വാർണർ നേടുന്ന 50ാം അർധ സെഞ്ചുറിയാണിത്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ താരമാണ് വാർണർ. ഇരുവരും ചേർന്ന് സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയർത്തി.
ഒരു ഘട്ടത്തിൽ സ്‌കോർബോർഡ് 250 കടക്കുമെന്ന നിലയിൽ നിന്ന്് 201 റൺസിലേക്ക് സൺറൈസേഴ്‌സിനെ പഞ്ചാബ് ബൗളേഴ്‌സ് ഒതുക്കുകയായിരുന്നു. പഞ്ചാബിനായി ബിഷ്‌ണോയിയും അർഷ്ദീപും മികച്ച പ്രകടനം കാഴ്ചവെച്ചു.
ട്വന്റി 20 യിൽ 9500 റൺസ് നേടുന്ന താരം എന്ന നേട്ടവും വാർണർ ഈ മത്സരത്തിലൂടെ സ്വന്തമാക്കി. കിങ്‌സ് ഇലവനെതിരെ വിവിധ മത്സരങ്ങളിൽ നിന്നുമായി ഏറ്റവുമധികം റൺസ് നേടുന്ന താരമെന്ന റെക്കോഡും ഡേവിഡ് വാർണറുടെ പേരിലാണ്.
Discussion about this post