ട്രാക്കിലെത്തിയില്ല, പാതിയിൽ ഇറങ്ങി ചെന്നൈ; കൊൽക്കത്തയ്ക്ക് 10 റൺസ് വിജയം

അബുദാബി: ഐപിഎല്ലിൽ തുടർവിജയത്തിന് ഇറങ്ങിയ ധോണിക്കും കൂട്ടർക്കും തോൽവി. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് എതിരെ ചെന്നൈ 10 റൺസിന്റെ തോൽവി ചോദിച്ചുവാങ്ങുകയായിരുന്നു. അതേസമയം, കഴിഞ്ഞ കളിയിലെ തോൽവിയുടെ ക്ഷീണം തീർക്കാൻ കൊൽക്കത്തയ്ക്കും സാധിച്ചു. കൊൽക്കത്ത ഉയർത്തിയ 168 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈയ്ക്ക് 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 157 റൺസ് എടുക്കാനേ സാധിച്ചുള്ളൂ.

തുടർച്ചയായ രണ്ടാം അർധശതകം പൂർത്തിയാക്കിയ ഷെയ്ൻ വാട്‌സന്റെ (50) ചെറുത്ത് നിൽപ്പ് പാഴായി. ചെന്നൈയ്ക്ക് വിജയിക്കാവുന്ന മത്സരം ബാറ്റ്‌സ്മാന്മാരുടെ പിടിപ്പുകേടുകൊണ്ട് തോൽവിയിലേക്ക് വഴി മാറുകയായിരുന്നു. അമ്പാട്ടി റായ്ഡുവും(30) രവീന്ദ്ര ജഡേജയുമാണ് (27) ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. എംഎസ് ധോണി 11 റൺസെടുത്ത് വരുണിന് മുന്നിൽ കീഴടങ്ങി. കൊൽക്കത്തയ്ക്കായി റസലും നാഗർകോട്ടിയും വരുൺ ചക്രവർത്തിയും ഓരോവിക്കറ്റ് വീതം വീഴ്ത്തി.

നേരത്തെ, ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത കൊൽക്കത്ത നൈറ്റ്‌റൈഡേഴ്‌സ് 20 ഓവറിൽ 167 റൺസിന് പുറത്തായി. ഓപ്പണറായി സ്ഥാനക്കയറ്റം ലഭിച്ച രാഹുൽ ത്രിപാഠിയാണ് കൊൽക്കത്ത ഇന്നിങ്‌സിന്റെ നട്ടെല്ലായത്. 51 പന്തിൽ 81 റൺസെടുത്ത് വെടിക്കെട്ട് ബാറ്റിങ് പ്രകടനം കാഴ്ചവെച്ച രാഹുൽ മാത്രമാണ് കൊൽക്കത്തയുടെ ബാറ്റിങ് നിരയിൽ മികച്ചു നിന്നത്. വിക്കറ്റുകൾ തുടരെ വീണപ്പോഴും ഒരുവശത്ത് ഉറച്ച് നിന്ന് ത്രിപാഠി അഞ്ചാം ഐപിഎൽ അർധ സെഞ്ച്വറി പൂർത്തിയാക്കുകയായിരുന്നു.31 പന്തിൽ നിന്നായിരുന്നു അർധശതകം. എട്ട് ബൗണ്ടറികളും മൂന്ന് സികസുകളും അടങ്ങുന്നതായിരുന്നു ത്രിപാഠിയുടെ ഇന്നിങ്‌സ്.

11 റൺസെടുത്ത ശുഭ്മാൻ ഗില്ലും നിതീഷ് റാണയും (9) ഓയിൻ മോർഗനും(7) ആന്ദ്രേ റസലും (2)സുനിൽ നരെയ്‌നും (17) കാർത്തിക്കു(12) മെല്ലാം പ്രതീക്ഷയ്ക്ക് ഒത്ത് ഉയരാതെ നിരാശപ്പെടുത്തി. കമലേഷ് നാഗർകോട്ടിയും ശിവം മാവിയും പൂജ്യത്തിന് പുറത്തായി. വരുൺ ചക്രവർത്തി ഒരു റണ്ണെടുത്ത് റൺഔട്ടായി. 9 പന്തിൽ നിന്നും 17 റൺസുമായി പാറ്റ് കമ്മിൻസ് പുറത്താകാതെ നിന്നു.

ചെന്നൈക്കായി ഡൈ്വൻ ബ്രാവോ മൂന്നും സാം കറൻ, ഷാർദ്ദുൽ ഠാക്കൂർ, കരൺ ശർമ്മ എന്നിവർ രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി.

Exit mobile version