ദുബായ്: ആദ്യ മത്സരത്തിലെ വിജയത്തിന് ശേഷം തുടർത്തോൽവി വഴങ്ങി ആരാധകരുടെ പോലും പഴി കേട്ട ചെന്നൈ സൂപ്പർ കിങ്‌സിന് ഓപ്പണിങ് ബാറ്റ്‌സ്മാൻമാരുടെ മികവിൽ ത്രില്ലിങ് വിജയം. കിങ്‌സ് ഇലവൻ പഞ്ചാബിനെതിരെ 10 വിക്കറ്റിന്റെ വിജയമാണ് ചെന്നൈ നേടിയത്. കിങ്‌സ് ഇലവൻ ഉയർത്തിയ 179 റൺസിന്റെ വിജയലക്ഷ്യം ചെന്നൈ വിക്കറ്റൊന്നും നഷ്ടപ്പെടുത്താതെ 14 പന്ത് ബാക്കി നിൽക്കെ മറികടക്കുകയായിരുന്നു. 17.4 ഓവറിൽ 181 റൺസ് നേടിയാണ് വാട്‌സൺ-ഡ്യൂപ്ലെസി സഖ്യം വിജയത്തോടെ കളത്തിൽ നിന്നും മടങ്ങിയത്.
ഇത്രനാൾ മോശം തുടക്കം നൽകിയിരുന്ന ഓപ്പണർമാരാണ് ഇന്ന് തകർത്തുകളിച്ച് ചെന്നൈയ്ക്ക് വിജയമൊരുക്കിയത്. ഷെയ്ൻ വാട്‌സൺ-ഡ്യൂപ്ലെസിസ് ഓപ്പണിങ് സഖ്യത്തിന്റെ സെഞ്ചൂറിയൻ കൂട്ടുകെട്ട് പൊളിക്കാൻ പോലുമാകാതെ പഞ്ചാബ് ബൗളേഴ്‌സ് നന്നേ കഷ്ടപ്പെട്ടു. ഓപ്പണിങ് പാട്ണർഷിപ്പിൽ ചെന്നൈയ്ക്ക് മികവ് പുലർത്താനായാൽ പിന്നീടങ്ങോട്ട് പിടിച്ചുകെട്ടാനാകില്ലെന്ന നിരീക്ഷണങ്ങളെ ശരിവെയ്ക്കുന്നതായിരുന്നു വാട്‌സൺ-ഡ്യൂപ്ലെസിസ് കൂട്ടുകെട്ടിന്റെ പ്രകടനം.
ഐപിഎല്ലിൽ ഇതുവരെ താളം കണ്ടെത്താനാകാതെ ഉഴലുകയായിരുന്ന വാട്‌സൺ (53 പന്തിൽ 83റൺസോടെ ) മൂന്നു സിക്‌സും 11 ഫോറുമടക്കം അർധസെഞ്ച്വറി പ്രകടനത്തോടെ മികച്ചു നിന്നു. ഡ്യൂപ്ലെസിസ് 53 പന്തിൽ ഒരു സിക്‌സും 11 ഫോറുമടക്കം 87 റൺസോടെ പതിവ് പോലെ രക്ഷകനായി വാട്‌സണോടൊപ്പം കട്ടയ്ക്ക് കൂടെ പിടിച്ചുനിന്നതോടെ ചെന്നൈയുടെ വിജയം അനായാസമാവുകയായിരുന്നു.
നേരത്തെ, ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കിങ്‌സ് ഇലവൻ നിശ്ചിത ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 178 റൺസെടുത്തു. അർധ സെഞ്ചുറി നേടിയ ക്യാപ്റ്റൻ കെഎൽ രാഹുലാണ് ബാറ്റിങിൽ കരുത്ത് കാണിച്ചത്. 52 പന്തുകളിൽ നിന്ന് ഒരു സിക്‌സും ഏഴ് ഫോറുമടക്കം രാഹുൽ 63 റൺസെടുത്തു. ഐപിഎല്ലിൽ രാഹുൽ 1500 റൺസ് തികച്ചു. രാഹുലിനെ ഷാർദൂൽ ഠാക്കൂറിന്റെ പന്തിൽ ധോണി ക്യാച്ചെടുത്ത് പുറത്താക്കി. ഐപിഎല്ലിൽ ചെന്നൈയ്ക്കായി ധോണിയുടെ 100ാം ക്യാച്ചായിരുന്നു ഇത്.
8.1 ഓവറിൽ 61 റൺസ് ചേർത്ത ശേഷം മായങ്ക് അഗർവാൾ ഔട്ടായതോടെ പഞ്ചാബിന്റെ ഓപ്പണിങ് കൂട്ടുകെട്ട് പൊളിഞ്ഞു. 19 പന്തിൽ നിന്ന് 26 റൺസെടുത്താണ് മായങ്ക് പുറത്തായത്. മൻദീപ് സിങ് തകർത്തടിച്ച് തുടങ്ങിയെങ്കിലും 16 പന്തിൽ രണ്ടു സിക്‌സ് സഹിതം 27 റൺസെടുത്തു പുറത്തായി. പിന്നീട് വന്ന നിക്കോളാസ് പൂരാൻ 17 പന്തുകൾ നേരിട്ട പുരൻ മൂന്നു സിക്‌സും ഒരു ഫോറുമടക്കം 33 റൺസെടുത്ത് മടങ്ങി. മൂന്നാം വിക്കറ്റിൽ രാഹുലിനൊപ്പം 58 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ശേഷമാണ് പൂരാൻ മടങ്ങിയത്. ഗ്ലെൻ മാക്‌സ്‌വെൽ (11), സർഫറാസ് ഖാൻ (14) എന്നിവർ പുറത്താകാതെ നിന്നു. ചെന്നൈക്കായി ഷാർദൂൽ ഠാക്കൂർ രണ്ടു വിക്കറ്റ് വീഴ്ത്തി.
Discussion about this post