ഷാർജ: ഷാർജ ക്രിക്കറ്റ് സ്‌റ്റേഡിയത്തിൽ നടന്ന വെടിക്കെട്ട് പൂരത്തിൽ മുംബൈയ്ക്ക് 34 റൺസിന്റെ ഗംഭീര വിജയം. ആദ്യം ബാറ്റ് ചെയ്ത മുംബൈ ഉയർത്തിയ 209 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ഹൈദരാബാദിന് 7 വിക്കറ്റ് നഷ്ടത്തിൽ 174 റൺസെടുക്കാനെ സാധിച്ചുള്ളൂ. വാർണറുടെ ഒറ്റയാൾ പോരാട്ടവും മനീഷ് പാണ്ഡെയുടെ ചെറുത്തുനിൽപ്പും ഫലം കാണാതെ പോയി.
44ന്തിൽ നിന്നും 60 റൺസെടുത്ത് ടീമിനെ വിജയതീരത്തെത്തിക്കാൻ ശ്രമിച്ച ഹൈദരാബാദ് നായകൻ വാർണറെ മികച്ച ക്യാച്ചിലൂടെ പുറത്താക്കി ഇഷാൻ കിഷനാണ് കളിയുടെ ഗതി തന്നെ മാറ്റിയത്. 19 പന്തിൽ നിന്നും 30 റൺസെടുത്ത മനീഷ് പാണ്ഡെയും 15 പന്തിൽ നിന്നും 25 റൺസുമായി ജോണി ബെയർസ്‌റ്റോയുമാണ് ഹൈദരാബാദിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്.
നേരത്തെ തകർത്തടിച്ച താരങ്ങളാണ് മുംബൈയുടെ വിജയത്തിന്റെ കാതലായത്. മുംബൈ ബാറ്റ്‌സ്മാൻമാരായ ക്വിന്റൺ ഡികോക്ക് (39 പന്തിൽ 67), ഇഷാൻ കിഷൻ (23 പന്തിൽ 31), ഹർദിക് പാണ്ഡ്യ (19 പന്തിൽ 28), കീറൺ പൊള്ളാർഡ് (13 പന്തിൽ 25), ക്രുണാൽ പാണ്ഡ്യ (4 പന്തിൽ 20) എന്നിവരുടെ മികവിൽ മുംബൈ 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 208 റൺസാണെടുത്തത്.
തുടർച്ചയായി ഏഴാം തവണയാണ് ഷാർജയിൽ സ്‌കോർ 200 കടക്കുന്നത്. ടോസ് നേടിയ മുംബൈ ഇന്ത്യൻസ് നായകൻ രോഹിത് ശർമ്മ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.