ദുബായ്: ഐപിഎൽ മത്സരങ്ങളിൽ നിന്നും വിട്ടുനിൽക്കുന്ന ചെന്നൈ സൂപ്പർ കിങ്‌സ് താരങ്ങളായ സുരേഷ് റെയ്‌ന, ഹർഭജൻ സിങ് എന്നിവരുടെ കരാറുകൾ ടീം റദ്ദാക്കിയതായി സൂചന. ഐപിഎൽ സീസൺ തുടങ്ങുന്നതിനു മുമ്പ് തന്നെ തങ്ങൾ ടൂർണമെന്റിൽനിന്ന് പിൻമാറുന്നതായി താരങ്ങൾ അറിയിച്ചിരുന്നു. ഐപിഎല്ലിനായി ദുബായിയിൽ എത്തിയ ശേഷം റെയ്‌ന നാട്ടിലേക്ക് മടങ്ങുകയായിരുന്നു.
നേരത്തെ, തന്നെ രണ്ടു താരങ്ങളുടെയും പേരുകൾ ചെന്നൈ സൂപ്പർ കിങ്‌സ് വെബ്‌സൈറ്റിൽനിന്നും നീക്കിയിരുന്നു. ഇതിനു പിന്നാലെയാണ് താരങ്ങളുമായുണ്ടാക്കിയ കരാറുകൾ റദ്ദാക്കിയതായും റിപ്പോർട്ട് പുറത്തുവരുന്നത്.
2018ലാണ് സുരേഷ് റെയ്‌നയും ഹർഭജൻ സിങ്ങും ചെന്നൈ സൂപ്പർ കിങ്‌സുമായി മൂന്നു വർഷത്തെ കരാർ ഒപ്പിട്ടത്. ഈ വർഷത്തെ സീസണോട് കൂടി കരാർ അവസാനിക്കാനിരിക്കെയാണ് ടൂർണമെന്റ് തുടങ്ങും മുമ്പെ പടസപ്പിണക്കം ആരംഭിച്ചത്. കരാർ പ്രകാരം റെയ്‌നയ്ക്ക് ഒരു വർഷം 11 കോടി രൂപയാണു ലഭിച്ചിരുന്നത്. ഹർഭജൻ സിങ്ങിനാകട്ടെ ഒരു വർഷം രണ്ട് കോടിയും ലഭിച്ചിരുന്നു. റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് രണ്ടു താരങ്ങൾക്കും ഈ സീസണിൽ പ്രതിഫലം ലഭിക്കില്ലെന്നാണ്.
ചെന്നൈ സൂപ്പർ കിങ്‌സ് സിഇഒ കാശി വിശ്വനാഥും താരങ്ങളുടെ കരാർ റദ്ദാക്കിയത് സംഭവിച്ച് പ്രതികരിച്ചിട്ടില്ല. എന്നാൽ, താരങ്ങൾ കളിക്കുന്നുണ്ടെങ്കിൽ മാത്രം പ്രതിഫലം നൽകിയാൽ മതിയെന്നും അല്ലെങ്കിൽ അതിന്റെ ആവശ്യമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ഫ്രാഞ്ചൈസി കരാർ റദ്ദാക്കിയതോടെ രണ്ടു താരങ്ങളും ഔദ്യോഗികമായി തന്നെ ചെന്നൈ സൂപ്പർ കിങ്‌സിന്റെ ഭാഗമല്ലാതായി. വ്യക്തിപരമായ കാരണങ്ങളാൽ യുഎഇയിൽ നടക്കുന്ന ഐപിഎല്ലിൽ നിന്നും വിട്ടുനിൽക്കുന്നുവെന്നാണു രണ്ടു താരങ്ങളും നേരത്തേ അറിയിച്ചത്.അടുത്ത വർഷത്തെ ഐപിഎൽ താരലേലത്തിന്റെ കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കുന്നതിനാൽ റെയ്‌നയ്ക്കും ഹർഭജനും ഐപിഎലിലേക്കുള്ള തിരിച്ചുവരവ് കഠിനമാകും.
ഐപിഎൽ 13ാം സീസണിൽ വേണ്ടവിധം ശോഭിക്കാനാകാതെ ചെന്നൈ വിയർക്കുകയാണ്. ഇതിനിടെയാണ് പരിക്കും താരങ്ങളുടെ പിന്മാറ്റവും തലവേദനായാകുന്നത്. ഇതിനിടെ, അടുത്ത മത്സരത്തിൽ അംബാട്ടി റായുഡുവും ഓൾ റൗണ്ടർ ഡ്വെയ്ൻ ബ്രാവോയും ചെന്നൈ ടീമിലേക്കു തിരികെയെത്തുമെന്നാണ് വാർത്ത. നിലവിൽ ചെന്നൈ സൂപ്പർ കിങ്‌സ് പോയിന്റ് പട്ടികയിൽ എട്ടാം സ്ഥാനത്താണ്. ഉദ്ഘാടന മത്സരത്തിലെ മുംബൈ ഇന്ത്യൻസിനെതിരായ ഒരു വിജയം മാത്രമാണ് സ്വന്തമായിട്ടുള്ളത്. രണ്ടു കളികൾ തോറ്റു.