മുംബൈ: വനിതാ ക്രിക്കറ്റിലെ മിന്നും താരം സ്മൃതി മന്ദാനയേയും തന്റെ ആരാധികമാരിലൊരാൾ ആക്കി മാറ്റിയിരിക്കുകയാണ് രാജസ്ഥാൻ റോയൽസിന്റെ മലയാളി താരം സഞ്ജു വി സാംസൺ. താൻ സഞ്ജുവിന്റെ കടുത്ത ആരാധികയാണെന്ന് വെളിപ്പെടുത്തി സ്മൃതി മന്ദാന തന്നെയാണ് രംഗത്തെത്തിയിരിക്കുന്നത്.
സഞ്ജു ടീമിൽ ഉള്ളത് കാരണമാണ് താൻ രാജസ്ഥാൻ ടീമിനെ പിന്തുണയ്ക്കുന്നതെന്നും സ്മൃതി പറയുന്നു. നേരത്തെ, ഐപിഎൽ 13ാം സീസണിൽ രാജസ്ഥാന്റെ ആദ്യ രണ്ടു മത്സരങ്ങൾ കഴിഞ്ഞപ്പോൾ തന്നെ സഞ്ജുവിന്റെ ബാറ്റിങ് ക്രിക്കറ്റ് ലോകത്ത് ചർച്ചയായിരുന്നു. ഇന്ത്യ ടുഡെ കൺസൾട്ടിങ് എഡിറ്റർ ബോറിയ മജുംദാറിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് സ്മൃതി മനസ് തുറന്നത്.
ഐപിഎൽ ടൂർണമെന്റിൽ പ്രത്യേകിച്ച് ആരെയും പിന്തുണയ്ക്കുന്നില്ലെങ്കിലും എല്ലാ മത്സരങ്ങളും കാണുന്ന മന്ദനയുടെ ഇഷ്ട താരങ്ങളുടെ പട്ടികയിൽ മലയാളി താരം സഞ്ജു സാംസണും ഉണ്ട്. വിരാട് കോഹ്‌ലിക്കും എബി ഡി വില്ലിയേഴ്‌സിനും രോഹിത് ശർമ്മയ്ക്കും എംഎസ് ധോണിക്കുമൊപ്പം ഇപ്പോൾ സഞ്ജുവും തന്റെ ഇഷ്ടപ്പെട്ട ക്രിക്കറ്ററാണെന്ന് മന്ദന പറഞ്ഞു.
‘യുവതാരങ്ങൾ ബാറ്റ് ചെയ്യുന്ന രീതി കാണുന്നത് വളരെ പ്രചോദനകരമാണ്. പ്രത്യേകിച്ച് സഞ്ജു സാംസൺ, അദ്ദേഹത്തിന്റെ ബാറ്റിങ് കണ്ട് സഞ്ജുവിന്റെ വലിയൊരു ആരാധികയായി മാറിയിരിക്കുന്നു. അദ്ദേഹം കാരണമാണ് ഞാൻ രാജസ്ഥാനെ പിന്തുണയ്ക്കുന്നത്. അദ്ദേഹത്തിന്റെ ബാറ്റിങ് വേറെ ലെവലാണ്.’
‘ഞാൻ എല്ലാ മത്സരങ്ങളും കാണുന്നുണ്ട്. എല്ലാ കളിക്കാരും എനിക്ക് ഒരുപോലെയാണ്, ഒരു ടീമിനും പ്രത്യേകിച്ച് പിന്തുണ നൽകുന്നില്ല. പിന്തുണയ്ക്കാൻ എനിക്ക് യഥാർത്ഥത്തിൽ ഒരു ടീം ഇല്ല. വിരാട് കോഹ്‌ലി, എബി ഡിവില്ലിയേഴ്‌സ്, രോഹിത് ശർമ്മ, എംഎസ് ധോണി എന്നിവരെ താൻ പിന്തുണയ്ക്കുന്നു.’- മന്ദാന പറഞ്ഞു.
ആദ്യ രണ്ട് മത്സരങ്ങളിലെയും തകർപ്പൻ പ്രകടനത്തിന് ശേഷം സഞ്ജുവും രാജസ്ഥാനും ഇന്നലെ നടന്ന കൊൽക്കത്തയ്‌ക്കെതിരായ മത്സരത്തിൽ പരാജിതരായിരുന്നു. സഞ്ജു എട്ട് റൺസിനാണ് പുറത്തായത്.
Discussion about this post