ദുബായ്: ഐപിഎൽ ടൂർണമെന്റിലെ പന്ത്രണ്ടാം മത്സരത്തിൽ കൊൽക്കത്തയ്ക്ക് രാജസ്ഥാനെതിരെ 37 റൺസ് വിജയം. പുതിയ സീസണിൽ ഇതു വരെയുള്ള എല്ലാ കളി മികവും മറന്ന ബാറ്റിങ് നിരയാണ് രാജസ്ഥാൻ റോയൽസിന് പരാജയം സമ്മാനിച്ചത്. ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ രാജസ്ഥാന്റെ ബൗളർമാർ കൂറ്റൻ സ്കോറിലേക്ക് പോകാതെ പിടിച്ചു കെട്ടിയെങ്കിലും, സ്വന്തം ബാറ്റ്സ്മാൻമാർ കളത്തിൽ പരാജയമായതോടെ സ്ലോ പിച്ചിൽ രാജസ്ഥാന് അനിവാര്യമായ തോൽവി സംഭവിക്കുകയായിരുന്നു. 175 റൺസെന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ രാജസ്ഥാന് 20 ഓവറിൽ 137 റൺസെടുക്കാനെ സാധിച്ചുള്ളൂ. അർദ്ധ സെഞ്ച്വറി നേടിയ ടോം കറൻ (54*) മാത്രമാണ് രാജസ്ഥാന് അല്പമെങ്കിലും ആശ്വാസമായത്.
കഴിഞ്ഞ മത്സരങ്ങളിൽ രാജസ്ഥാന്റെ നട്ടെല്ലായ മലയാളി താരം സഞ്ജു സാംസണിന് ഇത്തവണ തിളങ്ങാനാവാത്തതും തിരിച്ചടിയായി. 9 പന്തിൽ 8 റൺസെടുത്ത സഞ്ജുവും ഏഴ് പന്തിൽ മൂന്ന് റൺസെടുത്ത നായകൻ സ്റ്റീവ് സ്മിത്തും തുടക്കത്തിലെ മടങ്ങുകയായിരുന്നു. 16 പന്തിൽ 21 റൺസെടുത്ത് ജോസ് ബട്‌ലറും വലിയ പ്രതിരോധമൊന്നും തീർക്കാതെ ശിവം മാവിക്ക് വിക്കറ്റ് നൽകി കൂടാരം കയറി. പിന്നീട് വന്നവർക്കും കാര്യമായി ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. കഴിഞ്ഞ മത്സരത്തിൽ അമ്പരപ്പിച്ച പ്രകടനം കാഴ്ചവെച്ച രാഹുൽ തെവാട്ടിയേയും പിടിച്ചുകെട്ടിയതോടെ കൊൽക്കത്തയ്ക്ക് ഗംഭീര വിജയം സ്വന്തമാവുകയായിരുന്നു. 10 പന്തിൽ 14 റൺസ് മാത്രമാണ് തേവാട്ടിയയ്ക്ക് നേടാനായത്. വാലറ്റത്ത് ടോം കറൻ പ്രതിരോധം തീർത്ത് പുറത്താകാതെ 36 പന്തിൽ 54 റൺസെടുത്ത് സ്പോർട്സ്മാൻ സ്പിരിറ്റ് കാണിച്ച് ടീമിലെ ടോപ് സ്കോറെർ ആയി. ജോഫ്ര ആർച്ചെറിന്റെ കൂറ്റനടികൾ പ്രതീക്ഷിച്ചെങ്കിലും 4 പന്തിൽ 6 റൺസെടുത്തു മടങ്ങി.
കൊല്‍ക്കത്തയ്ക്ക് വേണ്ടി ശിവം മാവി, കംലേഷ് നാഗര്‍കോട്ടി, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും സുനില്‍ നരെയ്ന്‍, പാറ്റ് കമ്മിന്‍സ്, കുല്‍ദീപ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
നേരത്തെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത കൊൽക്കത്ത ആറ് വിക്കറ്റ് നഷ്ടത്തിലാണ് 174 റൺസ് നേടിയത്. ആവേശം കൊള്ളിക്കാത്ത ബാറ്റിങ് പ്രകടനമാണ് തുടക്കം മുതൽ കൊൽക്കത്ത കാഴ്ചവെച്ചത്. ഓപ്പണിങിന് ഇറങ്ങി പിടിച്ചു നിന്ന് 47 റൺസെടുത്ത യുവതാരം ശുഭ്മാൻ ഗില്ലാണ് കൊൽക്കത്തയുടെ ടോപ് സ്‌കോറർ. ആദ്യ ഓവറുകളിലെ കൈയ്യയച്ചുള്ള റൺവിട്ട് നൽകലിന് ശേഷം രാജസ്ഥാൻ ബൗളേഴ്‌സ് സംയമനം പാലിച്ചതോടെ കൊൽക്കത്തയുടെ സ്‌കോർ ഉയർത്തലും പതിഞ്ഞ താളത്തിലായി. നാല് ഓവറിൽ 18 റൺസ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റെടുത്ത ജോഫ്ര ആർച്ചറാണ് രാജസ്ഥാനിൽ മിന്നിച്ചത്. ആദ്യ ഓവറിൽ തന്നെ മികച്ച ബൗളിങ്ങാണ് ജോഫ്ര ആർച്ചർ പുറത്തെടുത്തത്. അതിൽ രണ്ടുതവണ ബോൾ 150 കിലോമീറ്റർ വേഗം കണ്ടെത്തി.
രജപുത്, ഉനദ്കട്ട്, ടോം കറൻ, രാഹുൽ തെവാട്ടിയ എന്നിവർ ഓരോ വിക്കറ്റുകൾ വീതം നേടി. കഴിഞ്ഞ മത്സരങ്ങളിൽ നിന്നും മാറ്റങ്ങളില്ലാതെയാണ് ഇരു ടീമുകളും ഇന്ന് ഇറങ്ങിയത്.
15 റൺസെടുത്ത കൊൽക്കത്തയുടെ ഓപ്പണർ നരെയ്‌നെ ഉനദ്കട്ടാണ് മടക്കിയത്. പിന്നീട് ക്രീസിലെത്തിയ നിതീഷ് റാണയും ശുഭ്മാൻ ഗില്ലും ചേർന്ന് മികച്ച കൂട്ടുകെട്ടുണ്ടാക്കി കൊൽക്കത്തയെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിക്കുകയായിരുന്നു. പൊടുന്നനെ, നിതീഷ് റാണയെ പുറത്താക്കി കളിയുടെ ഗതിമാറ്റി കഴിഞ്ഞ മത്സരത്തിലെ രാജസ്ഥാൻ ഹീറോ രാഹുൽ തെവാട്ടിയ വീണ്ടും താരമായി. റാണ 22 റൺസ് നേടി. പിന്നാലെ ശുഭ്മാൻ ഗില്ലിനെ ആർച്ചറും പുറത്താക്കിയതോടെ കളി രാജസ്ഥാൻ ബൗളർമാരുടെ കൈകളിലായി. ഒരു റണ്ണെടുത്ത നായകൻ ദിനേഷ് കാർത്തിക്കും നിരാശപ്പെടുത്തി. ആർച്ചറിനാണ് വിക്കറ്റ്.
പിന്നാലെ ആന്ദ്രെ റസ്സൽ ക്രീസിലെത്തിയതോടെ വെടിക്കെട്ടിന്റെ സൂചനകൾ ലഭിച്ചെങ്കിലും അനാവശ്യ ഷോട്ടിന് ശ്രമിച്ച് താരം പുറത്തായി. 14 പന്തിൽ നിന്നും 24 റൺസെടുത്ത റസ്സലിനെ അങ്കിത് രജ്പുതാണ് പുറത്താക്കിയത്. പിന്നീട് ഒത്തുചേർന്ന മോർഗനും പാറ്റ് കമ്മിൻസണും ചേർന്ന് 34 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയെങ്കിലും ടീം ടോട്ടൽ കൂറ്റൻ സ്‌കോറിലേക്ക് ഉയർന്നില്ല. മോർഗൻ ട്വന്റി 20യിൽ 6500 റൺസെന്ന കടമ്പയും ഇതിനിടെ മറികടന്നു. 12 റൺസെടുത്ത കമ്മിൻസിനെ മികച്ച ഒരു ക്യാച്ചിലൂടെ സഞ്ജു പുറത്താക്കി. അവസാന ഓവറുകളിൽ താണ്ഡവമാടി മോർഗനാണ് സ്‌കോർ 170 കടത്തിയത്. 23 പന്തുകളിൽ നിന്നും താരം 34 റൺസെടുത്ത് മോർഗൻ പുറത്താകാതെ നിന്നു.
Discussion about this post