ദുബായ്: ഐപിഎല്ലിൽ സൂപ്പർ ഓവറിലേക്ക് കടന്ന മുംബൈ-ബാംഗ്ലൂർ സൂപ്പർ മത്സരത്തിൽ തങ്ങളുടെ ടീം പരാജയപ്പെട്ടെങ്കിലും ഇഷാൻ കിഷനെന്ന പുതുതാരോദയത്തിന്റെ പിറവിയിൽ മുംബൈ ആരാധകർ സന്തുഷ്ടരാണ്. ഒരു റൺ അകലെ സെഞ്ച്വറി നഷ്ടമായെങ്കിലും സിക്‌സും ഫോറും പറപറന്ന ഇഷാന്റെ കഴിഞ്ഞദിവസത്തെ ഒരൊറ്റ ഇന്നിങ്‌സ് മാത്രം മതി താരത്തിന്റെ ടാലന്റ് അറിയാൻ. 58 പന്തിൽ രണ്ടു ഫോറും ഒമ്പതു സിക്‌സും സഹിതം 99 റൺസാണ് ബാഗ്ലൂരിനെതിരെ ഈ 22കാരൻ അടിച്ചു കൂട്ടിയത്. എന്നാൽ സൂപ്പർ ഓവറിൽ തോറ്റ മുംബൈയ്ക്ക് ഇഷാന് അർഹിച്ച അഭിനന്ദനം നൽകാനായില്ല.
സൂപ്പർ ഓവർ ആവോളം ആവേശം നിറച്ചപ്പോൾ, പട പൊരുതിയിട്ടും തന്റെ ടീം തോറ്റ വിഷമത്തിൽ തനിച്ചിരുന്ന് കരഞ്ഞ ഇഷാന്റെ ചിത്രമാണ് ഇപ്പോൾ സോഷ്യൽമീഡിയയിലെ ചർച്ചാവിഷയം. ക്രിക്കറ്റർ ആരാധകർ ഒന്നടങ്കം ഇഷാനെ ആശ്വസിപ്പിക്കാനെത്തുന്നുമുണ്ട്. അടുത്ത എംഎസ് ധോണിയെന്നാണ് ഈ ബാറ്റ്‌സ്മാൻ കം കീപ്പറായ ഇഷാനെ വിശേഷിപ്പിക്കുന്നത്.
അതേസമയം, എംഎസ് ധോണിക്ക് പകരക്കാരൻ ആരെന്ന ചോദ്യത്തിന് മറുപടി നൽകാൻ മലയാളി താരം സഞ്ജു സാംസൺ ഉൾപ്പടെയുള്ള താരപ്രതിഭകൾ മാറ്റുരയ്ക്കുന്നതിനിടെ, ഇഷാൻ കിഷനും മത്സര രംഗത്തേക്ക് എത്തിയത് ശ്രദ്ധേയമാവുകയാണ്. ഐപിഎല്ലിലൂടെ രാജസ്ഥാൻ റോയൽസിന്റെ മലയാളി താരം സഞ്ജു സാംസണും കിങ്‌സ് ഇലവൻ പഞ്ചാബിന്റെ ക്യാപ്റ്റൻ കെഎൽ രാഹുലും വെടിക്കെട്ട് പ്രകടനം പുറത്തെടുത്ത് അടുത്ത ധോണി എന്ന പട്ടത്തിനായി മുന്നിൽ തന്നെയുണ്ട്. ഇവർക്കുള്ള തിരിച്ചടി കൂടിയാണ് ഇഷാന്റെ ഗംഭീര പ്രകടനത്തോടെ വ്യക്തമായിരിക്കുന്നത്.
ഈ സീസണിലെ ആദ്യ രണ്ടു മത്സരങ്ങളിൽ ഇഷാൻ കിഷന് സ്ഥാനം ലഭിച്ചിരുന്നില്ല. പകരം പരിചയ സമ്പത്തുള്ള സൗരഭ് തിവാരി ഇഷാന് പകരം ടീമിൽ ഇടം നേടി. ആദ്യ മത്സരത്തിൽ സൗരഭ് അർധ സെഞ്ചുറിയുമായി തിളങ്ങുക കൂടി ചെയ്തതോടെ ഇഷാൻ രണ്ടാം മത്സരത്തിലും പുറത്തിരുന്നു. ഒടുവിൽ മൂന്നാം മത്സരത്തിൽ തന്നിലേക്ക് തേടിയെത്തിയ അവസരം ഇഷാൻ മുതലെടുക്കുകയായിരുന്നു.
Discussion about this post