ദുബായ്: ഐപിഎൽ 13ാം സീസണിൽ തുടർച്ചയായ രണ്ടാം തോൽവി ഏറ്റുവാങ്ങി ചെന്നൈ സൂപ്പർ കിങ്‌സ്. ഡൽഹി ക്യാപിറ്റലിനോട് 44 റൺസിനാണ് ചെന്നൈ പരാജയപ്പെട്ടത്. നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ ഡൽഹി ക്യാപിറ്റൽസ് യുവതാരം പൃഥ്വി ഷായുടെ അർധസെഞ്ച്വറിയുടെ ബലത്തിൽ 176 റൺസിന്റെ വിജയലക്ഷ്യമാണ് ചെന്നൈയ്ക്ക് എതിരെ ഉയർത്തിയത്. ഡൽഹി 20 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 175 റൺസെടുത്തപ്പോൾ ചെന്നൈയ്ക്ക് 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 131 റൺസെടുക്കാനെ സാധിച്ചുള്ളൂ.
35 പന്തിൽ നിന്നും 43 റൺസെടുത്ത ഫാഫ് ഡുപ്ലെസി മാത്രമാണ് ചെന്നൈ നിരയിൽ പൊരുതാനുള്ള ആർജ്ജവം കാണിച്ചത്. നായകൻ മഹേന്ദ്ര സിങ് ധോണി അടക്കമഉള്ളവർ വൻ പരാജയങ്ങളായി. ധോണിക്ക് 12 പന്തിൽ നിന്നും 15 റൺസ് മാത്രമേ എടുക്കാനായുള്ളൂ. ഡൽഹിക്കായി ബൗൾ ചെയ്തവരിൽ അവേശ് ഖാൻ ഒഴികെയുള്ളവരെല്ലാം റൺസ് വിട്ടുകൊടുക്കാൻ മടിച്ചു. കഗിസോ റബാദ മൂന്നും ആന്റിച്ച് നോർചെ രണ്ടും വിക്കറ്റുകൾ വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത ഡൽഹിക്ക് വേണ്ടി പൃഥ്വി ഷാ 35 പന്തിൽ നിന്ന് അർധ സെഞ്ചുറി തികച്ച്, 43 പന്തുകൾ നേരിട്ട് 64 റൺസുമെടുത്താണ് മടങ്ങിയത്. ഒരു സിക്‌സും ഒമ്പത് ഫോറുമടങ്ങിയതായിരുന്നു ഷായുടെ ഇന്നിങ്‌സ്. പിയൂഷ് ചൗളയെറിഞ്ഞ പന്ത് ധോണിയുടെ സമീപത്തേക്ക് അടിച്ചിട്ട് റണ്ണിന് ശ്രമിക്കവെയാണ് ഷാ റൺ ഔട്ടായത്. ധോണി സ്വതസിദ്ധമായ ശൈലിയിൽ സ്റ്റംപ് ചെയ്യുകയായിരുന്നു. ഷായും ശിഖർ ധവാനും ചേർന്ന് മികച്ച തുടക്കം ഡൽഹിക്ക് സമ്മാനിച്ചിരിക്കെയായിരുന്നു വിക്കറ്റ് പിരിഞ്ഞത്. 90 പന്തിൽ നിന്ന് 94 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ശേഷമാണ് ഈ സഖ്യം പിരിഞ്ഞത്. 27 പന്തിൽ നിന്ന് ഒരു സിക്‌സും മൂന്നു ഫോറുമടക്കം 35 റൺസെടുത്ത ധവാനെ പിയുഷ് ചൗളയാണ് മടക്കിയത്. പിന്നീട് മൂന്നാം വിക്കറ്റിൽ ഒത്തുചേർന്ന ക്യാപ്റ്റൻ ശ്രേയസ് അയ്യർ-ഋഷഭ് പന്ത് കൂട്ടുകെട്ട് ഡൽഹിയുടെ സ്‌കോർ ഉയർത്തി. ഇരുവരും ചേർന്ന് 58 റൺസാണ് ഡൽഹി സ്‌കോർ ബോർഡിൽ ചേർത്തത്. 22 പന്തിൽ 26 റൺസെടുത്ത ശ്രേയസ് അയ്യരെ ഉഗ്രനൊരു ഡൈവിങ് ക്യാച്ചിലൂടെ ധോണി പുറത്താക്കുകയായിരുന്നു. 25 പന്തിൽ 37 റൺസെടുത്ത ഋഷഭ് പന്ത് പുറത്താകാതെ നിന്നു.
Discussion about this post