ദുബായ്: ഐപിഎൽ 13ാം സീസണിലെ ആറാം മത്സരത്തിൽ റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരും കിങ്‌സ് ഇലവൻ പഞ്ചാബും ഏറ്റുമുട്ടുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ പഞ്ചാബ് 207 റൺസിന്റെ വിജയലക്ഷ്യം ഉയർത്തി ബാംഗ്ലൂരിനെ ബാറ്റിങിനയച്ചു. രണ്ടാമത്തെ ഓവർ കടന്നപ്പോൾ തന്നെ മൂന്ന് താരങ്ങളെ നഷ്ടപ്പെട്ട് ബാംഗ്ലൂരിന്റെ നില പരുങ്ങലിലാണ്. ഒരു റൺ എടുത്ത മലയാളി താരം ദേവ്ദത്ത് പടിക്കലും നായകൻ കോഹ്‌ലിയും റണ്ണൊന്നുമെടുക്കാതെ ജോഷ് ഫിലിപ്പിയുമാണ് തിരിച്ച് കൂടാരം കയറിയത്.
നേരത്തെ, ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടെ പിഴവിൽ രണ്ട് തവണ ജീവൻ ലഭിച്ച പഞ്ചാബ് ക്യാപ്റ്റൻ കെഎൽ രാഹുൽ ഐപിഎൽ 13ാം സീസണിലെ ആദ്യ സെഞ്ച്വറി സ്വന്തമാക്കി. തകർത്തടിച്ച രാഹുലിന്റെ മികവിൽ പഞ്ചാബ് നിശ്ചിത 20 ഓവറിൽ മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തിലാണ് 206 റൺസെടുത്തത്. വിരാട് കോഹ്‌ലി രണ്ടു തവണ ക്യാച്ചുകൾ കൈവിട്ട് സഹായം ചെയ്തപ്പോൾ രാഹുൽ 69 പന്തിൽനിന്ന് 132 റൺസുമായി പുറത്താകാതെ നിന്നു. 14 ഫോറും ഏഴു സിക്‌സറുകളും നിറഞ്ഞ ഇന്നിങ്‌സാണ് രാഹുലിന്റേത്. ഇതിനിടെ ഐപിഎലിൽ ഏറ്റവും വേഗത്തിൽ 2000 റൺസ് പൂർത്തിയാക്കുന്ന ഇന്ത്യൻ താരമായും രാഹുൽ മാറി. സാക്ഷാൽ സച്ചിൻ തെണ്ടുൽക്കറിന്റെ റൈക്കോർഡ് മറി കടന്നാണ് നേട്ടം. 2013 ൽ റോയൽ ചാലഞ്ചേഴ്‌സിനായി അരങ്ങേറിയ രാഹുൽ 60 ഇന്നിങ്‌സുകളിൽനിന്നാണ് 2000 റൺസ് പിന്നിട്ടത്. സച്ചിൻ 63 ഇന്നിങ്‌സുകളിൽനിന്നാണ് 2000 റൺസ് നേടിയത്.
മായങ്ക് അഗർവാൾ (20 പന്തിൽ 26), നിക്കോളാസ് പുരാൻ (18 പന്തിൽ 17), ഗ്ലെൻ മാക്‌സ്‌വെൽ (5), കരുൺ നായർ (എട്ടു പന്തിൽ പുറത്താകാതെ 15)എന്നിങ്ങനെയാണ് മറ്റു പഞ്ചാബ് താരങ്ങളുടെ പ്രകടനം. ഒന്നാം വിക്കറ്റിൽ രാഹുൽ – മായങ്ക് സഖ്യവും രണ്ടാം വിക്കറ്റിൽ രാഹുൽ-പുരാൻ സഖ്യവും 57 റൺസ് വീതമെടുത്തു. മാക്‌സ്‌വെൽ പെട്ടെന്നു മടങ്ങിയെങ്കിലും നാലാം വിക്കറ്റിൽ കരുൺ നായരെ കൂട്ടുപിടിച്ച് രാഹുൽ 78 റൺസ് കൂട്ടുകെട്ടും ഉയർത്തി. വെറും 28 പന്തിൽനിന്നാണ് രാഹുൽ-കരുൺ സഖ്യം 78 റൺസ് ചേർത്തത്. ഇതിൽ കരുണിന്റെ സംഭാവന 15 റൺസ് മാത്രം. ബാംഗ്ലൂരിനായി ശിവം ദുബെ രണ്ടും യുസ്‌വേന്ദ്ര ചാഹൽ ഒരു വിക്കറ്റും വീഴ്ത്തി.