മുര്‍ത്താസ അഹമ്മദി..! പ്ലാസ്റ്റിക് കവര്‍ കൊണ്ട് അര്‍ജന്റീനയുടെ ജഴ്സിയുണ്ടാക്കി അതില്‍ മെസിയുടെ പേരും നമ്പര്‍ വരച്ചണിഞ്ഞു ലോകത്തിന്റെ ശ്രദ്ധ നേടിയ ആ കുഞ്ഞു മെസി മുര്‍ത്താസ അഹമ്മദിയ്ക്ക് നാടുവിടേണ്ടി വന്നു. താലിബാന് ഭീഷണിയെത്തുടര്‍ന്നാണ് അഫ്ഗാനിസ്ഥാനുകാരന് മുര്‍ത്താസയും കുടുംബവും ഗസ്നിലെ വീടുവിട്ടതെന്ന് എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നു.
പ്ലാസ്റ്റിക് കവറില്‍ നീല കളര്‍ അടിച്ചുണ്ടാക്കിയ ജഴ്സിയില്‍ മെസി എന്ന് എഴുതി ആരാധനയുടെ വേറിട്ട തലമായിരുന്നു ഈ ബാലന് കാഴ്ചവച്ചത്. ഈ ചിത്രവും നിഷ്കളങ്കമായ ആ സ്നേഹവും ലോകത്തിന്റെയും മെസിയുടെയും മനം കവര്‍ന്നു.
പിന്നീട് മെസി തന്നെ മുര്‍ത്താസയെയും കുടുംബത്തെയും കാബൂളിലേക്കു ക്ഷണിച്ചു. യുണിസെഫ് വഴി ഒരു പന്തും ജഴ്സിയും സമ്മാനമായി നല്കി. പിന്നീട് ഖത്തറില്‍വെച്ച് മുര്‍ത്താസയെ മെസി നേരില്‍ കാണുകയും ചെയ്തു. ഖത്തറില്‍ ബാഴ്സലോണയുടെ സൗഹൃദ മത്സരത്തിനായി മെസിയുടെ കൈപിടിച്ച് മുര്‍ത്താസയും കളത്തിലിറങ്ങിയിരുന്നു.
താലിബാന് ആക്രമണം രൂക്ഷമായതോടെയാണ് ഗ്രാമവാസികള്‍ ഒഴിഞ്ഞുപോയത്. എന്നാല്‍ മുര്‍ത്താസക്ക് മെസി സമ്മാനിച്ച ഫുട്ബോളും ജേഴ്സിയും ഇവര്‍ക്ക് കൂടെകൊണ്ടുപോകാനായില്ലെന്നാണ് റിപ്പോര്‍ട്ട്. വെടിയൊച്ച കേട്ടതോടെ രാത്രി തന്നെ കൈയില്‍ കിട്ടിയ സാധനങ്ങളുമെടുത്ത് വീടുവിട്ടിറങ്ങുകയായിരുന്നുവെന്ന് മുര്‍ത്താസയുടെ മാതാവ് ഷെഫീഖ വെളിപ്പെടുത്തി.
Discussion about this post