മുംബൈ: ക്രിക്കറ്റർ ആകാംക്ഷയോടെ കാത്തിരുന്ന ഇന്ത്യൻ പ്രീമിയർ ലീഗിന് ലഭിച്ചത് വൻവരവേൽപ്പെന്ന് റിപ്പോർട്ട്. നിലവിലെ ജേതാക്കളായ മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിങ്‌സും തമ്മിൽ നടന്ന ഉദ്ഘാടന മത്സരത്തിന് റെക്കോർഡ് കാഴ്ചക്കാരാണ് ഉണ്ടായതെന്ന് ബിബിസിഐ പറയുന്നു.
ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റിസർച്ച് കൗൺസിലിന്റെ (ബാർക്) സർവേ പ്രകാരം 20 കോടിയാളുകൾ ശനിയാഴ്ച രാത്രി അബുദാബിയിൽ വെച്ച് നടന്ന മത്സരം കണ്ടതായി ൂിസിസിഐ സെക്രട്ടറി ജയ് ഷാ ട്വീറ്റ് ചെയ്തു.
‘ഡ്രീം 11 ഐപിഎൽ ഉദ്ഘാടന മത്സരം പുതിയ റെക്കോഡിട്ടു. ബാർക് റേറ്റിങ് പ്രകാരം 20 കോടിയാളുകളാണ് മത്സരം കണ്ടത്. ഏതൊരു രാജ്യത്തെയും കായിക ലീഗുകളിൽ ഏറ്റവും കൂടുതൽ കാഴ്ചക്കാരെ ലഭിച്ച ഉദ്ഘാടന മത്സരമാണിത്’ ഷാ ചൊവ്വാഴ്ച ട്വീറ്റ് ചെയ്തു. സ്റ്റാർ സ്‌പോർട്‌സ് ചാനലിലെയും ഓൺലൈൻ പ്ലാറ്റ്‌ഫോമായ ഡിസ്‌നി ഹോട്‌സ്റ്റാറിലെയും കാഴ്ചക്കാരെ കണക്കാക്കിയാണിതെന്ന് അദ്ദേഹം സൂചിപ്പിച്ചു.
എന്നാൽ ഈ വിവരങ്ങൾ ബാർക് ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. 8.4 ദശലക്ഷം ആളുകളാണ് ഹോട്‌സ്റ്റാറിലൂടെ മത്സരം കണ്ടത്. ഇതിനാൽ തന്നെ കാഴ്ചക്കാരിലെ ബഹുഭൂരിപക്ഷവും ടിവിയിലൂടെയാണ് മത്സരം കണ്ടതെന്ന് വേണം കരുതാൻ. മത്സരത്തിൽ ചെന്നൈ മുംബൈയെ അഞ്ചുവിക്കറ്റിന് തോൽപ്പിച്ചിരുന്നു.
Discussion about this post