ദുബായ്: ഐപിഎൽ 13ാം സീസണിലെ മൂന്നാമത്തെ മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് വിജയം. പത്ത് റൺസിനാണ് സൺ റൈസേഴ്‌സ് ഹൈദരാബാദിനെ ബാംഗ്ലൂർ തകർത്തത്. ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂർ ഉയർത്തിയ 164 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന സൺറൈസേഴ്‌സ് ഹൈദരാബാദ് 19.4 ഓവറിൽ 153 റൺസിന് ഓൾഔട്ടാവുകയായിരുന്നു.
അർധ സെഞ്ചുറി നേടിയ ഇംഗ്ലണ്ട് താരം ജോണി ബെയർസ്‌റ്റോയുടെ മികവിൽ മികച്ച നിലയിലായിരുന്ന ഹൈദരാബാദ് പിന്നീട് കളി കൈവിടുകയായിരുന്നു. യൂസ്‌വേന്ദ്ര ചാഹലിന്റെ മൂർച്ചയേറിയ ബൗളിങാണ് കളി ബാംഗ്ലൂരിന് അനുകൂലമാക്കിയത്. ചാഹല്‍ ബാംഗ്ലൂരിനായി നാല് ഓവറില്‍ വെറും 18 റണ്‍സ് മാത്രം വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. നവ്ദീപ് സെയ്‌നി, ശിവം ദുബെ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
ഒരു ഘട്ടത്തിൽ 15 ഓവറിൽ രണ്ടിന് 121 റൺസെന്ന നിലയിലായിരുന്നു ഹൈദരാബാദ്. 18 റൺസിൽ നിർഭാഗ്യം കൊണ്ട് മാത്രം ഡേവിഡ് വാർണറെ നഷ്ടമായ ശേഷം ഒന്നിച്ച ബെയർസ്‌റ്റോ -മനീഷ് പാണ്ഡെ സഖ്യമാണ് ഹൈദരാബാദ് ഇന്നിങ്‌സിനെ താങ്ങിനിർത്തിയത്. രണ്ടാം വിക്കറ്റിൽ ഇരുവരും 71 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. 33 പന്ത് നേരിട്ട് ഒരു സിക്‌സും മൂന്നു ഫോറുമടക്കം 34 റൺസെടുത്ത പാണ്ഡെയെ മടക്കിയ യൂസ്‌വേന്ദ്ര ചാഹലാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.
ടോസ് ജയിച്ച ഹൈദരാബാദ് ബാംഗ്ലൂരിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. മലയാളി താരം ദേവദത്തും ആരോൺ ഫിഞ്ചു(29)മാണ് ബാംഗ്ലൂർ ബാറ്റിങ് ഓപ്പൺ ചെയ്തത്. ദേവദത്ത് 56 റൺസെടുത്ത് മടങ്ങിയപ്പോൾ, വിരാട് കോഹ്‌ലി 14ഉം, ശിവം ദുബെ ഏഴും റൺസുമായി മടങ്ങി.
താരമായി കേരളത്തിന്റെ സ്വന്തം ദേവദത്ത് പടിക്കൽ
ബംഗളൂരുവിന്റെ വെടിക്കെട്ട് ബാറ്റിങ് നിരയിലേക്ക് ഇന് അഭിമാനത്തോടെ ഈ മലയാളി പയ്യനേയും ചേർത്ത് വെയ്ക്കാം എന്ന് തെളിയിച്ച് ദേവദത്ത് പടിക്കൽ. എടപ്പാൾ സ്വദേശിയായ ദേവദത്ത് ബാംഗ്ലൂരിന് വേണ്ടി ഗംഭീര അരങ്ങേറ്റമാണ് ഐപിഎല്ലിൽ നടത്തിയത്. സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സിന്റെ ഇന്നിങ്‌സ് ഓപ്പൺ ചെയ്ത ദേവ്ദത്ത് പ്രതീക്ഷകൾക്ക് മുകളിലുള്ള പ്രകടനം കാഴ്ചവെച്ചു. 42 പന്തിൽ 56 റൺസുമായി അരങ്ങേറ്റം തന്നെ അർധസെഞ്ച്വറിയാക്കി മാറ്റിയാണ് 20കാരൻ കളം വിട്ടത്.