ദുബായ്: യുഎഇയിൽ ഐപിഎൽ 2020 സീസൺ ആരംഭിക്കാനിരിക്കെ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി യുഎഇ ക്രിക്കറ്റ് അസോസിയേഷൻ പ്രതിനിധികൾക്കുമൊപ്പം നിൽക്കുന്ന ചിത്രം സോഷ്യൽമീഡിയയിൽ വൈറലാകുന്നു. ഗാംഗുലി തന്നെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ചിത്രത്തിലെ ഒരു ‘മറച്ചുവെക്കലാണ്’ ചിത്രത്തെ ശ്രദ്ധേയമാക്കുന്നത്.
ഗാംഗുലിയും സംഘവും ഗ്രൗണ്ടിൽ ചിത്രത്തിന് പോസ് ചെയ്യുമ്പോൾ, പിന്നിലായി പാകിസ്താൻ ക്രിക്കറ്റ് താരങ്ങളുടെ വലിയ കട്ടൗട്ട് കാണാം. ഈ കട്ടൗട്ടിലെ മുഖങ്ങൾ തിരിച്ചറിയാത്ത വിധം മങ്ങൽ വരുത്തിയാണ് ഗാംഗുലി ചിത്രം പോസ്റ്റ് ചെയ്തത്. ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നിന്നെടുത്ത ഈ ചിത്രം വൈറലാവുകയാണ്.
അതേസമയം, ഐപിഎൽ 13ാം സീസൺ ഒരുക്കങ്ങൾ വിലയിരുത്തിയ ഗാംഗുലിയും സംഘവും മതിപ്പ് പ്രകടിപ്പിച്ചു. ഐപിഎൽ ചെയർമാൻ ബ്രിജേഷ് പട്ടേൽ, മുൻ ചെയർമാൻ രാജീവ് ശുക്ല, ബിസിസിഐ ജോയന്റ് സെക്രട്ടറി ജയേഷ് ജോർജ്, ഷാർജ ക്രിക്കറ്റ് സ്റ്റേഡിയം, എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡ് ഭാരവാഹികൾ എന്നിവരും ഗാംഗുലിയ്ക്ക് ഒപ്പമുണ്ടായിരുന്നു.
Discussion about this post