ന്യൂയോർക്ക്: ആറ് വർഷത്തെ ഇടവേളയ്ക്ക് ഒടുവിൽ യുഎസ് ഓപ്പൺ ടെന്നീസ് കിരീടത്തിൽ മുത്തമിട്ട് ഒരു പുതുമുഖ താരം. ടൈബ്രേക്കറിലൂടെ കന്നി ഗ്രാന്റ്സ്ലാം സ്വന്തമാക്കി ഓസ്ട്രിയൻ താരം ഡൊമിനിക് തീം ആണ് വിസ്മയമായത്. അഞ്ച് സെറ്റ് നീണ്ട മത്സരത്തിൽ ജർമ്മനിയുടെ അലക്‌സാണ്ടർ സവറേവിനെയാണ് തീം പരാജയപ്പെടുത്തിയത്. ആദ്യ രണ്ട് സെറ്റ് പരാജയപ്പെട്ട ശേഷമാണ് ഡൊമിനിക് തീം ഗംഭീര തിരിച്ചുവരവ് നടത്തി കിരീടം സ്വന്തമാക്കിയത്. 71 വർഷത്തിന് ശേഷം ഫൈനലിൽ ആദ്യ രണ്ടു സെറ്റുകൾ കൈവിട്ട ശേഷം തിരിച്ചുവന്ന് യുഎസ് ഓപ്പൺ കിരീടം നേടുന്ന ആദ്യ വ്യക്തിയായി ഡൊമിനിക് തീം മാറി.
രണ്ടാം സീഡായ ഡൊമിനിക് 2-6, 4-6, 6-4, 6-3, 7-6 എന്ന സ്‌കോറിനാണ് വിജയം കൊയ്തത്.ഗ്രാന്റ്സ്ലാം ടൂർണമെന്റിൽ നാലുവർഷത്തിനിടെ ആദ്യമായി റോജർ ഫെഡറർ, റാഫേൽ നദാൽ, നൊവാക് ജോക്കോവിച്ച് എന്നിവരല്ലാതെ പുതിയൊരു ചാമ്പ്യൻ ഉദയം ചെയ്യുകയായിരുന്നു ഇതിലൂടെ. പുരുഷവിഭാഗത്തിൽ ആറു വർഷത്തിനുശേഷമാണ് പുതിയൊരു ഗ്രാന്റ്സ്ലാം ചാമ്പ്യനുണ്ടാവുന്നത്.
23കാരനായ സവറേവിന്റെ കരിയറിലെ ആദ്യത്തെ പ്രധാന ഫൈനലായിരുന്നു. 27കാരനായ തീം നേരത്തേ നാല് തവണ ഫൈനലിൽ എത്തിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് ഫ്രഞ്ച് ഓപ്പൺ ഫൈനലുകളിലും തീം നദാലിനോട് തോൽക്കുകയായിരുന്നു. ഈ വർഷമാദ്യം ഓസ്‌ട്രേലിയൻ ഓപ്പൺ ഫൈനലിൽ അഞ്ച് സെറ്റ് പോരാട്ടത്തിൽ ജോക്കോവിച്ചിനോടും തോറ്റു.