ന്യൂഡൽഹി: വീണ്ടുമൊരു ഐപിഎൽ സീസൺ ആരംഭിക്കാനിരിക്കെ മുമ്പത്തെ ഐപിഎൽ കാലത്തെ കുറിച്ച് വിവാദ വെളിപ്പെടുത്തലുമായി പ്രശസ്ത പിനന്ണി ഗായകൻ അഭിജിത് ഭട്ടാചാര്യ. ഐപിഎൽ ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഉടമ ഷാരൂഖ് ഖാൻ സൗരവ് ഗാംഗുലിയോട് മോശമായാണ് പെരുമാറിയതെന്ന് അഭിജിത് ആരോപിക്കുന്നു. ആദ്യ സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമിന്റെ ക്യാപ്റ്റനായിരുന്നു സൗരവ് ഗാംഗുലി. അന്ന് ടീമിന് സെമിയിലെത്താൻ പോലും സാധിക്കാതെ വന്നതോടെ 2009ൽ തന്നെ ഗാംഗുലിയെ ക്യാപ്റ്റൻ സ്ഥാനത്തുനിന്നും നീക്കി. 2011 ലെ താരലേലത്തിനു മുൻപ് കൊൽക്കത്ത ടീമിൽനിന്നും ഗാംഗുലിയെ പുറത്താക്കുകയും ചെയ്തു. ഇത് ഷാരൂഖിന്റെ നിർദേശ പ്രകാരമായിരുന്നു എന്നാണ് അഭിജിത് പറയുന്നത്. പിന്നീട് ലേലത്തിൽ ആരും വാങ്ങാതിരുന്ന ഗാംഗുലി ഫാസ്റ്റ് ബോളർ ആശിഷ് നെഹ്‌റയ്ക്കു പകരക്കാരനായി പുണെ വാരിയേഴ്‌സിലാണു കളിച്ചത്.
ഐപിഎൽ കരിയറിൽ 59 മത്സരങ്ങളാണു ഗാംഗുലി കളിച്ചിട്ടുള്ളത്. 1349 റൺസും നേടി. 2012 ൽ പുണെയിൽ കൊൽക്കത്തയ്ക്ക് എതിരായിട്ടായിരുന്നു ഗാംഗുലിയുടെ അവസാന ഐപിഎൽ മത്സരം.
അതേസമയം, ദാദയോട് ഷാറൂഖ് ഖാൻ മോശമായാണ് പെരുമാറിയതന്ന് അഭിജിത് ഭട്ടാചാര്യ പറയുന്നു. ഷാരൂഖ് സൗരവ് ഗാംഗുലിയുടെ മനോവീര്യം കെടുത്തി. ഷാറൂഖ് ഖാൻ കെകെആർ ഉണ്ടാക്കി, ഗാംഗുലിയെ നീക്കി. അതിനു വേണ്ടി മാത്രമാണ് അദ്ദേഹം വന്നതെന്നാണു തോന്നുന്നത്. ക്രിക്കറ്റിൽ ക്യാപ്റ്റന്റെ ചുമതലയെന്താണെന്നു നമുക്ക് കാണിച്ചു തരികയാണു ഗാംഗുലി ചെയ്തത്. എന്നാൽ ഗ്രെഗ് ചാപ്പലിന്റെയും കിരൺ മോറെയുടെയും താൽപര്യങ്ങൾ അദ്ദേഹത്തിന്റെ മനോവീര്യം കെടുത്തിയെന്നും ഒരു സ്‌പോർട്‌സ്മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ അഭിജിത് ഭട്ടാചാര്യ പറഞ്ഞു.
ഗാംഗുലിയെ പുറത്താക്കി മറ്റാരെയങ്കിലും ടീമിലേക്ക് തെരഞ്ഞെടുക്കാൻ ഷാരൂഖ് പറഞ്ഞതായും ഭട്ടാചാര്യ ആരോപിച്ചു. ഐപിഎൽ കണ്ട് താൻ ഇപ്പോൾ സമയം കളയാറില്ല. എന്നാൽ ഗല്ലി ക്രിക്കറ്റ് കളിക്കാറുണ്ട്. അതിലാണു കൂടുതൽ വിനോദമെന്നും ഭട്ടാചാര്യ വ്യക്തമാക്കി.
Discussion about this post