ലോകത്ത് തന്നെ ഫുട്‌ബോൾ എന്ന് കേട്ടാൽ ആരാധകരുടെ മനസിലേക്ക് ഓടിയെത്തുക ക്രിസ്റ്റിയാനോ റൊണാൾഡോയുടേയും ലയണൽ മെസിയുടേയും പേരുകളായിരിക്കും. ഏത് രാജ്യക്കാരാണെങ്കിലും മെസിയും റോണോയും അവരുടെ നേട്ടങ്ങളും മിക്കവർക്കും കാണാപാഠമായിരിക്കും. പക്ഷെ, കാൽപന്ത് ലോകത്ത് ഇവർ മാത്രമല്ല, അല്ലെങ്കിൽ ഇവരേക്കാൾ സ്വന്തം രാജ്യത്തിനായി ഏറെ നേട്ടങ്ങളുണ്ടാക്കിയ അധികം ചർച്ച ചെയ്യപ്പെടാതെ പോയ നിരവധി താരങ്ങളുണ്ട്. സ്വന്തം രാജ്യത്തിനായി അക്കാലമത്രയും ഉണ്ടായിരുന്ന ചരിത്രം തിരുത്തിയവർ. അവരിൽ റോണോയും മെസിയും തീർച്ചയായുമുണ്ട്. പക്ഷെ അവരേക്കാളേറെ കൈയ്യടി അർഹിക്കുന്നവരുമുണ്ട്. ലോകത്തെ എക്കാലത്തേയും പത്ത് മികച്ച ഫുട്‌ബോൾ താരങ്ങളുടെ പട്ടിക ഉണ്ടാക്കിയാൽ ഇവരായിരിക്കും ആ കോളങ്ങൾ നിറയ്ക്കുക. ആദ്യ പത്തിൽ മെസി ഇടം പിടിക്കാത്ത ആ പട്ടിക നോക്കാം:
#10-സുനിൽ ഛേത്രി(ഇന്ത്യ) 72 ഗോൾ
കാൽപ്പന്ത് കളി ക്രിക്കറ്റിന് ഒരു പടി താഴെ നിൽക്കുന്ന ഇന്ത്യയിൽ ഫുട്ബോൾ ഒരു വികാരമായി നെഞ്ചേറ്റി ഏറെ നേട്ടങ്ങളുണ്ടാക്കിയ താരങ്ങളും ഉണ്ട്ഇ. ഇവരിൽ പ്രധാനിയാണ് ഇന്ത്യൻ ഫുട്‌ബോൾ താരവും നിലവിലെ ടീം ക്യാപ്റ്റനുമായ സുനിൽ ഛേത്രി. കളി തുടരുന്ന താരങ്ങളിൽ ഗോൾ വേട്ടയിൽ റോണോയ്ക്ക് തൊട്ടുതാഴെ രണ്ടാം സ്ഥാനത്താണ് ഛേത്രി. മൂന്നാം സ്ഥാനത്തേക്ക് ഛേത്രി തള്ളിവിട്ടിരിക്കുന്നത് സാക്ഷാൽ മെസിയെ തന്നെയാണ്. 115 അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്നും 72 ഗോൾ സ്വന്തമാക്കിയ താരം ലോകത്തെ എക്കാലത്തേയും മികച്ച ഗോൾ വേട്ടക്കാരിൽ പത്താമനാണ്. എഎഫ്‌സി കപ്പ് 2019ൽ ആരാധകർ ഫേവറിറ്റ് താരമായി തെരഞ്ഞെടുത്തതും ഛേത്രിയെയാണ്. ബംഗളൂരു എഫ്‌സിക്ക് വേണ്ടിയാണ് ക്ലബ് ഫുട്‌ബോളിൽ ഛേത്രി ബൂട്ട് കെട്ടുന്നത്.
#9 ബാഷർ അബ്ദുള്ള(കുവൈറ്റ്) 75 ഗോൾ
ആർക്കും നിഷേധിക്കാനാകാത്ത തരത്തിൽ കുവൈറ്റ് എന്ന രാജ്യത്തിന് ഫുട്‌ബോളിൽ ഒരു പേരുണ്ടാക്കി നൽകിയ താരമാണ് ബാഷർ അബ്ദുള്ള. കുവൈറ്റിന്റെ ജേഴ്‌സിയണിഞ്ഞ് 134 അന്താരാഷ്ട്രങ്ങളിൽ നിന്നും 75 ഗോളാണ് ബാഷർ അടിച്ചുകൂട്ടിയത്. ലോകത്തെ തന്നെ ഗോൾവേട്ടക്കാരിൽ ഒമ്പതാം സ്ഥാനക്കാരൻ ഈ അറബ് കളിക്കാരനാണ്. അൽ-സമിയ ക്ലബിലൂടെ 1994ൽ അരങ്ങേറ്റം കുറിച്ച താരം പിന്നീട് 16 വർഷങ്ങളാണ് ക്ലബിൽ തുടർന്നത്. 1996ൽ രാജ്യത്തിനായി ബൂട്ടി കെട്ടി തുടങ്ങിയ ബാഷർ 2011-ലാണ് ബൂട്ടഴിച്ച് തന്റെ വിരമിക്കൽ പ്രഖ്യാപിച്ചത്.
#8-കുനിഷിഗേ കമാമോട്ടോ(ജപ്പാൻ) 75 ഗോൾ
ഏഷ്യയിലെ ഫുട്‌ബോൾ കരുത്തന്മാരായ ജപ്പാന്റെ മികച്ച ഗോൾ ശരാശരി കാത്തു സൂക്ഷിച്ച താരമാണ് കമാമോട്ടോ. ഏഴ് തവണ ജപ്പാൻ മികച്ച ഫുട്‌ബോളർ പുരസ്‌കാരം നേടിയിട്ടുള്ള കമാമോട്ടോ തന്റെ കരിയറിൽ ഒരേയൊരു ക്ലബിനെ മാത്രം നെഞ്ചേറ്റിയാുള്ളൂ എന്നതും പ്രത്യേകതയാണ്. യാൻമർ ഡീസൽ എന്ന ക്ലബിന് വേണ്ടി മാത്രം ക്ലബ് ഫുട്‌ബോളിൽ ബൂട്ട് കെട്ടിയിട്ടുള്ള താരം 300ഓളം മത്സരങ്ങളിലാണ് പങ്കെടുത്തത്. 262 ഗോളുകളും നേടി. രാജ്യത്തിനായി 76 മത്സരങ്ങളിൽ നിന്നായി 75 ഗോളും അടിച്ചെടുത്തു. ഏഷ്യൻ ഗെയിംസിലും ഒളിംപിക്‌സിലും ജപ്പാന് വേണ്ടി ബൂട്ടണിഞ്ഞു. 1968ലെ സമ്മർ ഒളിംപിക്‌സിൽ ടോപ് ഗോൾ സ്‌കോററും കമാമോട്ടോ ആയിരുന്നു.
#7-പെലെ(ബ്രസീൽ) 77 ഗോൾ
വിശേഷണങ്ങൾ ഏറെ ആവശ്യമില്ലാത്ത ഫുട്‌ബോളിന്റെ എക്കാലത്തേയും ഇതിഹാസ താരമാണ് പെലെ. മൂന്ന് ഫുട്‌ബോൾ ലോകകപ്പുകളാണ് പെലെ ബ്രസീലിനായി സമ്മാനിച്ചത്. 1970 ലോകകപ്പിലെ മികച്ച പ്ലേയറും പെലെയായിരുന്നു. മുന്നേറ്റ താരമായിരുന്ന പെലെ തന്റെ കരിയറിന്റെ ഭൂരിപക്ഷവും സാന്റോസ് ക്ലബിന് വേണ്ടിയാണ് കളിച്ചിരുന്നത്. ഇന്നും സാന്റോസിന്റെ ടോപ് ഗോൾ സ്‌കോറർ നേട്ടം പെലെയുടെ പേരിലാണ്. കരിയറിന്റെ അവസാനത്തെ രണ്ടുവർഷം മാത്രമാണ് പെലെ ന്യൂയോർക്ക് കോസ്‌മോസ് ടീമിനോടൊപ്പം ചേർന്നത്.
92 അന്താരാഷ്ട്ര മത്സരങ്ങളിൽ ബ്രസീലിനെ പ്രതിനിധീകരിച്ച പെലെ 77 ഗോളുകളും എതിരാളികളുടെ വലയിലാക്കി.
#6- ഹുസൈൻ സഈദ് (ഇറാഖ്) 78 ഗോൾ
ഒരുകാലത്ത് ഫുട്‌ബോളിന് വലിയ വേരോട്ടമുണ്ടായിരുന്ന ഇറാഖിലെ എക്കാലത്തേയും മികച്ച കളിക്കാരനെന്ന വിശേഷണത്തിന് അർഹനാണ് ഹുസൈൻ സഈദ്. 137 അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്നും ഇറാഖിനായി 78 ഗോളുകൾ നേടി സാക്ഷാൽ പെലെയെ പോലും ഗോൾ നേട്ടത്തിൽ പിന്നിലാക്കിയ താരമാണ് സഈദ്. അൽ-തലബ എന്ന ക്ലബിന് വേണ്ടി മാത്രം കളത്തിലിറങ്ങിയ സഈദ് 81 മത്സരങ്ങളിൽ നിന്നായി 122 ഗോളുകളും നേടി 1990ൽ വിരമിച്ചു.
#5 ഗോഡ്ഫ്രി ചിതാലു (സാംബിയ) 79 ഗോൾ
എക്കാലത്തേയും മികച്ച സാംബിയൻ ഫുട്‌ബോളർ എന്ന വിശേഷണം സ്വന്തമാക്കി ഗോഡ്ഫ്രി ചിതാലു 1964ലാണ് അരങ്ങേറ്റം കുറിച്ചത്. 111 അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്നായി 79 ഗോളുകളും നേടി. കളത്തിൽ ആക്രമിച്ചു കളിക്കുന്ന ചിതാലു 1974ൽ സാംബിയയെ ആഫ്രിക്കൻ നേഷൻസ് കപ്പിൽ ഫൈനലിലെത്തിച്ചതാണ് മികച്ച നേട്ടം. വിരമിച്ചതിനു ശേഷം കബ്വേ വാരിയേർസ് പരിശീലകനായിരിക്കെ 1993ൽ അറ്റ്‌ലാന്റിക് സമുദ്രത്തിന് മുകളിൽ വെച്ചുണ്ടായ വിമാനാപകടത്തിൽ ചിതാലുവും മുഴുവൻ കാബ്വേ സ്‌ക്വാഡും മരണത്തിന് കീഴടങ്ങി.
#4 ഫെറെൻക് പുസ്‌കാസ് (ഹംഗറി) 84 ഗോൾ
ഫുട്‌ബോളിൽ പുസ്‌കാസ് എന്ന പേര് തന്നെ മികച്ച താരത്തിന് നൽകുന്ന ഒരു പുരസ്‌കാരത്തിന്റേതാണ്. ആ പുരസ്‌കാരം ഏർപ്പെടുത്താൻ തന്നെ കാരണക്കാരനായ ഇതിഹാസ താരമാണ് പുസ്‌കാസ്. 85 അന്താരാഷ്ട്ര വേദികളിൽ നിന്നും 84 ഗോളുകളാണ് പുസ്‌കാസിന്റെ നേട്ടം. ഗോളടി യന്ത്രമെന്നൊക്കെ വിശേഷിപ്പിക്കാവുന്ന താരമാണ് അദ്ദേഹം. 1943ൽ ബുഡാപെസ്റ്റ് ഹോൻവെഡ് ക്ലബിനായി അരങ്ങേറ്റം കുറിച്ച പുസ്‌കാസ് 1958ൽ റയൽ മാഡ്രിഡിലേക്ക് ചേക്കേറും മുമ്പ് തന്നെ 358 ഗോളുകൾ സ്വന്തം പേരിൽ കുറിച്ചിരുന്നു. അദ്ദേഹത്തിന്റെ മികവിന് മറ്റു വിശേഷണങ്ങളുടെ ആവശ്യം പോലുമില്ല. 180 ലീഗ് മത്സരങ്ങളിൽ നിന്നും 156 ഗോൾ റയലിനായും പുസ്‌കാസ് അടിച്ചുകൂട്ടി. 1954 ലോകകപ്പിൽ ഹംഗറിയെ രണ്ടാംസ്ഥാനക്കാരാക്കിയതും പുസ്‌കാസിന്റെ നേട്ടമായിരുന്നു.
#3 മൊഖ്താർ ധരി(മലേഷ്യ) 85 ഗോൾ
ദക്ഷിണ കൊറിയ, ജപ്പാൻ പോലെയുള്ള ഏഷ്യൻ കരുത്തന്മാരോട് ഏറ്റുമുട്ടിയിട്ടും മലേഷ്യ വെന്നിക്കൊടി പാറിക്കാൻ കാരണമായിട്ടുണ്ടെങ്കിൽ അത് മൊഖ്താർ ധരി എന്ന ‘സൂപ്പർ മൊഖ്’ എന്ന ഒരൊറ്റ പേരു കാരണമാണ്. മലേഷ്യയ്ക്കായി 139 മത്സരങ്ങൾക്ക് ബൂട്ട് കെട്ടി 85 ഗോളുകൾ നേടിയ കരുത്തുറ്റ സെന്റർ ഫോർവേഡാണ് മൊഖ്താർ. 1974 ഏഷ്യൻ ഗെയിംസിൽ മലേഷ്യ വെങ്കല മെഡൽ കൊയ്തതിൽ നിർണായക പങ്കുവഹിച്ചത് മൊഖ്താർ ആയിരുന്നു. 1990ൽ ക്ലബ് ഫുട്‌ബോളിൽ നിന്നുൾപ്പടെ വിരമിച്ച സൂപ്പർ മൊഖ് അസുഖബാധിതനായി 1991ൽ മരണത്തിന് കീഴടങ്ങി.
#2ക്രിസ്റ്റ്യാനോ റൊണാൾഡോ (പോർച്ചുഗൽ) 101 ഗോൾ
ഇനിയും റെക്കോർഡുകൾ തകർക്കാനായി കളത്തിൽ തുടരുന്ന ക്രിസ്റ്റിയാനോ റൊണാൾഡോ നിലവിൽ കളി തുടരുന്ന താരങ്ങളിൽ ഒന്നാമനാണെങ്കിലും എക്കാലത്തേയും കണക്കെടുക്കുമ്പോൾ രണ്ടാം സ്ഥാനത്ത് തുടരുകയാണ്. ക്ലബ് ഫുട്‌ബോളിൽ യുവന്റസിൽ തുടരുന്ന 35കാരനായ താരം ഇനിയും നേട്ടങ്ങൾ കൊയ്യുക തന്നെ ചെയ്യുമെന്ന് ഉറപ്പാണ്. 2003ൽ പോർച്ചുഗലിനായി അരങ്ങേറ്റം കുറിച്ച റോണോ 2016ൽ പോർച്ചുഗലിന് യൂറോ കപ്പ് നേടി കൊടുത്താണ് ക്ലബിന് മാത്രമല്ല രാജ്യത്തിനായും ഏറെ ചെയ്യാനുണ്ടെന്ന് തെളിയിച്ചത്. മാഞ്ചസ്റ്റർ യുണൈറ്റഡിനായും റയൽ മാഡ്രിഡിനായും കളത്തിലിറങ്ങിയ റോണോ ഇരു ക്ലബുകളുടേയും എക്കാലത്തേയും മികച്ച താരങ്ങളിൽ ഒരാളായി തന്നെയാണ് വിലയിരുത്തപ്പെടുന്നത്.
#1 അലി ഡേയ് (ഇറാൻ) 109 ഗോൾ
അധികം വൈകാതെ മറ്റൊരു താരം ഈ റെക്കോർഡ് തകർത്തേക്കാമെങ്കിലും, ഇതിഹാസങ്ങൾ വാഴുന്ന ഫുട്‌ബോളിൽ അവർക്കു പോലും എത്തിപ്പിടിക്കാൻ പറ്റാത്ത അത്രയേറെ ഉയരത്തിൽ ഒരു നേട്ടമുണ്ടാക്കി വെച്ചതിന്റെ പേരിൽ ഇറാന്റെ അലി ഡേയ് എന്നും ഓർമ്മിക്കപ്പെടും. ഹെഡറുകൾക്ക് പേരുകേട്ട ഈ ഇറാനിയൻ താരത്തിന്റെ പേരിൽ അന്താരാഷ്ട്ര തലത്തിൽ 109 ഗോളുകളുടെ റെക്കോർഡാണ് നിലനിൽക്കുന്നത്. എക്കാലത്തേയും ഗോൾ വേട്ടക്കാരിൽ ഒന്നാമൻ. 1998-ൽ ഇറാനെ ഏഷ്യൻ ഗെയിംസ് പൊന്നണിയിച്ചത് ഡേയ്‌യുടെ കളി മികവിലായിരുന്നു. 2006ൽ ഫിഫ ലോകകപ്പിൽ ഇറാൻ ടീമിനെ പ്രതിനിധീകരിച്ച് അലിയും പങ്കെടുത്തിരുന്നു. 1997 മുതൽ ജർമ്മൻ ക്ലബ് ഫുട്‌ബോളിലെ സ്ഥിരംസാന്നിധ്യമായ അലി വിരമിക്കും വരെ ബയേൺ മ്യൂണിക്കിലായിരുന്നു.
2007ൽ വിരമിച്ച അലി ഇറാൻ ദേശീയ ടീമിന്റേയും അദ്ദേഹത്തിന്റെ ആദ്യകാല ടീമായ പെർസെപോളിസിന്റെയും പരിശീലകനാണ്.