ദുബായ്: ഐപിഎൽ 2020 യുഎഇയിൽ ആരംഭിക്കാനിരിക്കെ ഇന്ത്യക്കാരനായ ഏക ഇന്ത്യൻ ഹെഡ് കോച്ച് എന്ന വിശേഷണത്തെ കുറിച്ച് പ്രതികരിച്ച് അനിൽ കുംബ്ലെ. വിദേശികളെ പരിശീലകരായി എത്തിക്കുന്നത് വൈദഗ്ധ്യമുള്ള ഇന്ത്യക്കാരുടെ കുറവ് കൊണ്ടല്ലെന്ന് കുംബ്ലെ പ്രതികരിച്ചു. എട്ട് ഐപിഎൽ ടീമുകളിൽ ഒരേയൊരു ടീമിന് മാത്രമാണ് ഇന്ത്യക്കാരനായ പരിശീകനുള്ളത്. കിങ്‌സ് ഇലവൻ പഞ്ചാബിനെ പരിശീലിപ്പിക്കുന്ന കുംബ്ലെ മാത്രമാണ് ഐപിഎല്ലിലെ ഇന്ത്യക്കാരനായ മുഖ്യപരിശീലകൻ. മറ്റെല്ലാ ടീമുകളേയും പരിശീലിപ്പിക്കുന്നത് വിദേശികളായ പരിശീലകരാണ്.
ഇന്ത്യൻ പ്രീമിയർ ലീഗിൽ വിദേശി പരിശീലകരുടെ ആധിക്യവും ഇന്ത്യക്കാരുടെ എണ്ണക്കുറവും വൈരുദ്ധ്യമായി തോന്നുന്നു എന്നാണ് കുംബ്ലെയുടെ പ്രതികരണം. എന്തുകൊണ്ട് ഇന്ത്യക്കാരായ പരിശീലകരില്ല എന്ന് ചോദിച്ചാൽ കൃത്യമായി മറുപടി പറയാൻ സാധിക്കില്ലെന്നു പറഞ്ഞ കുംബ്ലെ, പക്ഷെ മികവുറ്റ ഇന്ത്യക്കാരുടെ ലഭ്യത കുറവാണെന്ന് വിശ്വസിക്കുന്നില്ലെന്നും ഹിന്ദുസ്ഥാൻ ടൈംസിനോട് പ്രതികരിച്ചു. ടൂർണമെന്റിന്റെ പേര് ഇന്ത്യൻ പ്രീമിയർ ലീഗ് എന്നാണെങ്കിലും താനാണ് ഏക ഇന്ത്യൻ കോച്ച് കേൾക്കുമ്പോൾ തന്നെ കുറച്ച് വൈരുദ്ധ്യം അനുഭവപ്പെടുന്നില്ലേയെന്നും കുംബ്ലെ ചൂണ്ടിക്കാണിച്ചു. കൂടുതൽ ഇന്ത്യക്കാരായ പരിശീലകർ കൂടി ഉണ്ടായിരുന്നെങ്കിൽ നന്നായേനെ എന്നാണ് തന്റെ അഭിപ്രായമെന്നും കുംബ്ലെ പറയുന്നു.
ഇന്ത്യൻ ടീമിന്റെ മുൻ പരിശീലകൻ കൂടിയായ കുംബ്ലെ ഐപിഎല്ലിൽ കിങ്‌സ് ഇലവന് പഞ്ചാബിന്റെ മുഖ്യപരിശീലകനെന്ന പദവിയാണ് അലങ്കരിക്കുന്നത്. ദുബായിയിൽ തന്റെ ടീമിന്റെ പരിശീലിപ്പിക്കുന്നതിന്റെ തിരക്കിലാണ് കുംബ്ലെ. കർണാടക സ്വദേശിയായ കുംബ്ലെ തന്റെ ടീമിന് വേണ്ടി പഞ്ചാബിയും പഠിച്ചെടുത്താണ് ടീമംഗങ്ങളോട് സംവദിക്കുന്നത്.
അതേസമയം, ഐപിഎൽ ചരിത്രത്തിൽ തന്നെ നാലാമത്തെ മുഖ്യപരിശീലകനാണ് കുംബ്ലെ. മുമ്പ് മൂന്ന് ഇന്ത്യക്കാർക്ക് മാത്രമാണ് ഈ പദവിയിലിരിക്കാൻ അവസരം ലഭിച്ചിട്ടുള്ളത്. ലാൽചന്ദ് രജ്പുത്ത് (മുംബൈ ഇന്ത്യൻസ്), റോബിൻസിങ് (സൺറൈസേഴ്‌സ് ഹൈദരാബാദ്), വെങ്കടേഷ് പ്രസാദ്(റോയൽ ചലഞ്ചേഴ്‌സ് ബംഗ്ലൂർ) എന്നിവരാണ് കുംബ്ലെയുടെ ഇന്ത്യക്കാരായ മുൻഗാമികൾ.
എട്ട് ഐപിഎൽ ഫ്രാഞ്ചൈസികളിൽ ഏഴ് ഫ്രാഞ്ചൈസികളിലും മുഖ്യപരിശീലകന്മാർ വിദേശികളാണ്. ബ്രണ്ടൻ മക്കല്ലം(കൊൽക്കത്ത് നൈറ്റ് റൈഡേഴ്‌സ്), റിക്കി പോണ്ടിങ് (ഡൽഹി ക്യാപിറ്റൽസ്), ആൻഡ്രൂ മക്‌ഡൊണാൾഡ്(രാജസ്ഥാൻ റോയൽസ്), മഹേള ജയവർധനെ(മുംബൈ ഇന്ത്യൻസ്), ട്രെവർ ബെയ്‌ലിസ്(സൺറൈസേഴ്‌സ് ഹൈദരാബാദ്),സ്റ്റീഫൻ ഫ്‌ളെമിങ്(ചെന്നൈ സൂപ്പർ കിങ്‌സ്), സൈമൺ കാറ്റിച്ച്(റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരു) ഇങ്ങനെ പോകുന്നു പട്ടിക.
Discussion about this post