മുംബൈ: ഐപിഎൽ മത്സരങ്ങളുടെ ഒരുക്കങ്ങൾ വിലയിരുത്താൻ മുൻ ഇന്ത്യൻ ക്യാപ്റ്റനും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി യുഎഇയിലേക്ക് തിരിച്ചു. സെപ്റ്റംബർ 19നാണ് ഐപിഎൽ ആരംഭിക്കുന്നത്. ഇതിനു മുന്നോടിയായാണ് ഗാംഗുലിയുടെ യാത്ര. അബുദാബിയിലും ഷാർജയിലും ദുബായിയിലുമായി നടക്കുന്ന മത്സരങ്ങളുടെ ഒരുക്കങ്ങൾ വിലയിരുത്താനാണ് ഗംഗുലി ഇന്ന് യുഎഇയിലേക്ക് തിരിച്ചത്.
കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ പ്രോട്ടോക്കോൾ പാലിച്ച് മാസ്‌കും ഫേയ്‌സ് ഷീൽഡും അണിഞ്ഞ് യാത്രയ്ക്ക് ഒരുങ്ങി നിൽക്കുന്ന ചിത്രം ഗാംഗുലി തന്നെ സോഷ്യൽമീഡിയയിൽ പങ്കുവെച്ചു. ‘ ആറ് മാസത്തിനിടയിലെ എന്റെ ആദ്യത്തെ വിമാനയാത്ര ഐപിഎല്ലിനായി ദുബായിലേക്ക്, ഭ്രാന്തമായ ജീവിത മാറ്റങ്ങൾ’- ചിത്രത്തോടൊപ്പം ഗാംഗുലി കുറിച്ചു.
ഏപ്രിൽ-മേയ് മാസത്തിൽ നടക്കുന്ന ഐപിഎൽ ടൂർണമെന്റ് റദ്ദാക്കുകയാണെങ്കിൽ 4000 കോടിയോളം രൂപയുടെ ബാധ്യതയാണ് ബിസിസിഐയ്ക്ക് സമ്മാനിക്കുക. ഇതോടെയാണ് വൈകിയാണെങ്കിലും ടൂർണമെന്റ് യുഎഇയിൽ വെച്ച് നടത്താൻ ബിസിസിഐ തീരുമാനിച്ചത്.
ചിരവൈരികളായ മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിങ്‌സുമാണ് ഉദ്ഘാടന മത്സരത്തിൽ ഏറ്റുമുട്ടുക. ഈ മാസം 19ന് അബുദാബിയിൽ വെച്ചാണ് മത്സരം. കൊവിഡ് ഏറ്റവുമധികം മോശമായി ബാധിച്ച ടീം കൂടിയാണ് ചെന്നൈ. എംഎസ് ധോണി നയിക്കുന്ന ടീമിൽ രണ്ട് കളിക്കാർക്കും മറ്റ് സ്റ്റാഫംഗങ്ങൾക്കും ഉൾപ്പടെ 13 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.
Discussion about this post