ഫുട്ബോൾ ആരാധകരുടെ പ്രിയതാരം ലയണൽ മെസി ബാഴ്സലോണ വിടുന്നുവെന്ന കാര്യം ഏകദേശം ഉറപ്പായെന്ന് റിപ്പോർട്ട്. ബയേൺ മ്യൂണിക്കിനെതിരെ 8-2 ന് പരാജയപ്പെട്ടതോടെ ബാഴ്സയ്ക്ക് ഉള്ളിലുണ്ടായ പൊട്ടിത്തെറിയാണ് താരം ടീം വിടുന്ന ഘട്ടത്തിലേക്ക് എത്തിച്ചിരിക്കുന്നത്. ഇരുപത് വര്‍ഷമായി മെസി ബാഴ്സലോണ ക്ലബ്ബിന്റെ ഭാഗമാണ്. 2020-21 സീസണ് വരെയാണ് മെസിക്ക് ബാഴ്സയിലെ കരാര്‍.
ബാഴ്സ വിടുന്ന മെസി മാഞ്ചസ്റ്റർ സിറ്റിയിലേക്ക് ചേക്കേറുമെന്നാണ് സൂചനകൾ. സിറ്റി മാനേജർ പെപ് ഗാർഡിയോളയുമായി മെസി ഫോണിൽ സംസാരിച്ചെന്ന് സ്പോർട്സ് മാധ്യമമായ ഇഎസ്പിഎൻ റിപ്പോർട്ട് ചെയ്യുന്നു. 2008-12 കാലത്തെ ന്യൂകാംപിലുണ്ടായിരുന്ന ഗാർഡിയോളയുമായുള്ള സൗഹൃദമാണ് മെസിയെ സിറ്റിയിലേക്ക് അടുപ്പിക്കുന്നത്.
ബാഴ്സയിലുണ്ടായിരുന്ന കാലത്ത് ഗാർഡിയോളയുടെ പരിശീലന മികവും ഏറെ വാഴ്ത്തപ്പെട്ടതായിരുന്നു. രണ്ട് ചാമ്പ്യൻസ് ലീഗ് കിരീടം അക്കാലത്ത് ബാഴ്സയുടെ ക്യാംപിലെത്തിയിരുന്നു. സിറ്റിലെത്തിയ ഗാർഡിയോളയുടെ പ്രകടനവും ഏറെ ശ്രദ്ധേയമാണ്. ഇദ്ദേഹത്തിന്റെ കീഴിൽ സിറ്റിക്ക് രണ്ട് പ്രീമിയർ ലീഗ് കിരീടങ്ങളും സ്വന്തമായി. മെസി കൂടി എത്തിയാൽ കിരീട നേട്ടങ്ങൾ കൂട്ടാമെന്നാണ് സിറ്റിയുടേയും കണക്കുകൂട്ടൽ.
അതേസമയം, ടീം വിടാനുള്ള സന്നദ്ധത ഇന്നലെയാണ് മെസി ബാഴ്സ മാനേജ്മെന്റിനെ അറിയിച്ചത്. ഇക്കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. ഫ്രീ ട്രാൻസ്ഫറിനാണ് ശ്രമമെന്നും റിപ്പോർട്ടുകളുണ്ട്.
Discussion about this post