ന്യൂഡൽഹി: ഐപിഎൽ 13ാം സീസണിനുള്ള ഉത്തേജക മരുന്ന് പരിശോധനയ്ക്കുള്ള നടപടി ക്രമങ്ങൾ തയ്യാറാക്കി ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി (നാഡ). യുഎഇയിൽ സെപ്റ്റംബർ 19ന് ആരംഭിക്കുന്ന ടൂർണമെന്റിനുള്ള നടപടി ക്രമങ്ങൾ തയ്യാറാക്കിയതായി നാഡ അറിയിച്ചു. ഇതു പ്രകാരം ഉത്തേജക വിരുദ്ധ പ്രവർത്തനങ്ങൾക്കായി യുഎഇയിൽ അഞ്ച് ഡോപ്പ് കൺട്രോൾ സെന്ററുകളാണ് (ഡിസിഎസ്) നാഡ ഒരുക്കുന്നത്. ഇന്ത്യൻ താരങ്ങളേയും രാജ്യാന്തര താരങ്ങളേയും പരിശോധിക്കും. ടൂർണമെന്റിലെ പരപിശോധനയ്ക്കായി അഞ്ചുപേരടങ്ങിയ മൂന്നു സംഘങ്ങൾ സെപ്റ്റംബർ ആദ്യവാരം യുഎഇയിലേക്ക് തിരിക്കും.
യുഎഇയിലേക്ക് പുറപ്പെടും മുമ്പും എത്തിയ ശേഷവും നാഡയുടെ പരിശോധനാസംഘത്തിലെ മുഴുവൻ ആളുകളെയും കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കും. കഴിഞ്ഞ 12 സീസണുകളിലായി ഐപിഎല്ലിൽ താരങ്ങളുടെ സാമ്പിൾ ശേഖരണവും പരിശോധനയും നടത്തിയിരുന്നത് സ്വീഡന്റെ ഇന്റർനാഷണൽ ഡോപ്പ് ടെസ്റ്റ് ആന്റ് മാനേജ്‌മെന്റ് (ഐഡിടിഎം) ആയിരുന്നു. 2019 മൂന്നാം പാദം മുതലാണ് ബിസിസിഐ നാഡയുടെ പരിധിയിൽ വന്നത്. ഇതിനു ശേഷമുള്ള നാഡയുടെ പ്രഥമ പ്രധാന ടൂർണമെന്റാണ് സെപ്റ്റംബർ 19ന് ആരംഭിക്കുന്ന ഐപിഎൽ. അതുകൊണ്ടുതന്നെ ഏറെ ശ്രദ്ധയോടെയാണ് നാഡയുടെ നീക്കം.
ഐപിഎൽ മത്സര വേദികളായ ദുബായ്, ഷാർജ, അബുദാബി എന്നിവിടങ്ങളിലായി ഓരോ ഡിസിഎസുകൾ വീതവും മറ്റ് പരിശീലന വേദികളായ ദുബായ് ഐസിസി അക്കാദമിയിലും അബുദാബിയിലെ സയ്യിദ് ക്രിക്കറ്റ് സ്റ്റേഡിയത്തിലുമായി മറ്റ് കേന്ദ്രങ്ങളും ഒരുക്കാനാണ് തീരുമാനം.
അതേസമയം, പരിശോധനകൾ മത്സര വേദികളിൽ വെച്ചുമാത്രം മതിയെന്ന് ഡോപ്പ് കൺട്രോൾ ഓഫീസർമാർക്ക് (ഡിസിഒ) നിർദേശം നൽകിയിട്ടുണ്ടെന്ന് നാഡ ഡയറക്ടർ നവിൻ അഗർവാൾ പറഞ്ഞു. മറ്റ് പരിശോധനകൾ പരിശീലന വേദികളിലെ കേന്ദ്രങ്ങളിൽ നടത്തും. ടൂർണമെന്റിനിടെ താരങ്ങളുടെ 50 സാമ്പിളുകൾ ശേഖരിച്ച് പരിശോധന നടത്തും. യൂറിൻ സാമ്പിൾ കൂടാതെ ആവശ്യമെങ്കിൽ രക്ത സാമ്പിളുകളും ശേഖരിക്കും. രാജ്യാന്തര താരങ്ങളെ കൂടാതെ വിരാട് കോഹ്‌ലി, എംഎസ് ധോണി, രോഹിത് ശർമ്മ എന്നിവരടക്കമുള്ള ഇന്ത്യൻ താരങ്ങളെയും പരിശോധനയ്ക്ക് വിധേയരാക്കാൻ നാഡയ്ക്ക് അനുമതിയുണ്ട്.
Discussion about this post