ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു വിരമിച്ചതിനു പിന്നാലെ സഹതാരമായ സുരേഷ് റെയ്നയും അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. ഇന്‍സ്റ്റഗ്രാമിലൂടെ തന്നെയാണ് അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. ധോണി വിരമിക്കല്‍ പ്രഖ്യാപിച്ച നിമിഷങ്ങള്‍ക്കുള്ളിലാണ് സുരേഷ് റെയ്‌നയുടെയും പ്രഖ്യാപനം.
‘നിങ്ങള്‍ക്കൊപ്പം മനോഹരമായി കളിക്കുകയല്ലാതെ മറ്റൊന്നുമില്ല ധോണി, നിങ്ങളുടെ യാത്രയില്‍ നിങ്ങളോടൊപ്പം ചേരുക എന്നത് ഞാന്‍ തിരഞ്ഞെടുക്കുന്നു. ഇന്ത്യക്ക് നന്ദി, ജയ് ഹിന്ദ്’, എന്ന് കുറിച്ചു കൊണ്ടാണ് അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. അടുത്ത മാസം യുഎഇയില്‍ നടക്കുന്ന ഐപിഎല്ലില്‍ ധോനിയും റെയ്‌നയും ചെന്നൈ സൂപ്പര്‍ കിങ്സിനായി കളിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 33-കാരനായ റെയ്ന ഇന്ത്യക്കായി 18 ടെസ്റ്റുകളും 226 ഏകദിനവും 78 ട്വന്റി-20 മത്സരങ്ങളും കളിച്ചിട്ടുണ്ട്.
2011-ലെ ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഓസ്ട്രേലിയക്കെതിരായ ഇന്നിങ്സ് റെയ്നയുടെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നാണ്. 18 ടെസ്റ്റുകളില്‍ നിന്നായി 768 റണ്‍സാണ് റെയ്ന നേടിയത്. ഒരു സെഞ്ചുറിയും ഏഴ് അര്‍ദ്ധ സെഞ്ചുറിയും നേടി. 226 ഏകദിനങ്ങളില്‍ നിന്നായി 35.31 ശരാശരിയില്‍ 5615 റണ്‍സ് നേടിയിട്ടുണ്ട്. അഞ്ചു സെഞ്ചുറികളും 36 അര്‍ദ്ധ സെഞ്ചുറികളും ഉള്‍പ്പെടുന്നു. 78 ട്വന്റി-20 മത്സരങ്ങളില്‍ നിന്ന് 1605 റണ്‍സാണ് റെയ്ന അടിച്ചത്. ഒരു സെഞ്ചുറിയും അഞ്ച് അര്‍ദ്ധസെഞ്ചുറിയും നേടിയിട്ടുണ്ട്.
ഏറെ നാളത്തെ ഊഹോപാഹങ്ങള്‍ക്കൊടുവിലാണ് ധോണി തന്റെ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് അദ്ദേഹം നേരത്തേ വിരമിച്ചിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നതോടെ 16 വര്‍ഷത്തെ അന്താരാഷ്ട്ര കരിയറിനാണ് ഇതോടെ വിരാമമാകുന്നത്. ഇംഗ്ലണ്ടില്‍ നടന്ന ഏകദിന ലോകകപ്പാണ് ധോണിയുടെ കരിയറിലെ അവസാന പരമ്പര. ലോകകപ്പ് സെമിയില്‍ ന്യൂസിലന്‍ഡിനെതിരായ മത്സരം ധോണിയുടെ രാജ്യാന്തര കരിയറിലെ അവസാന മത്സരവുമായി. 2019ലെ ലോകകപ്പ് സെമിഫൈനലില്‍ ഇന്ത്യ തോറ്റശേഷം അന്താരാഷ്ട്ര മത്സരങ്ങള്‍ ധോണി കളിച്ചിട്ടില്ല. 2011ലെ ഏകദിന ലോകകപ്പും 2007ലെ പ്രഥമ ട്വന്റി-20 ലോകകപ്പും ധോണിയുടെ നായകത്വത്തിലാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇതിനു പുറമെ, 2013-ലെ ഐസിസി ചാമ്പ്യന്‍സ് ട്രോഫിയും ഇന്ത്യക്ക് നേടി തന്നു.
350 ഏകദിനങ്ങള്‍ കളിച്ച അദ്ദേഹം 50.57 ശരാശരിയില്‍ 10773 റണ്‍ നേടിയിട്ടുണ്ട്. 10 സെഞ്ചുറികളും 73 അര്‍ദ്ധ സെഞ്ചുറികളും പേരിലുണ്ട്. 98 ട്വന്റി-20 മത്സരങ്ങളില്‍ നിന്നായി 37.60 ശരാശരിയില്‍ 1617 റണ്‍സ് നേടി. രണ്ട് അര്‍ദ്ധ സെഞ്ചുറികളും ഇതില്‍ ഉള്‍പ്പെടുന്നു. 2005 ഒക്ടോബര്‍ 31ന് ശ്രീലങ്കക്കെതിരെ പുറത്താകാതെ നേടിയ 183 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 2017ല്‍ ഇംഗ്ലണ്ടിനെതിരേ നേടിയ 134 റണ്‍സാണ് ധോണിയുടെ കരിയറിലെ അവസാന ഏകദിന സെഞ്ച്വറി. മികച്ച വിക്കറ്റ് കീപ്പറായ ധോണിയുടെ പേരില്‍ ഏകദിനത്തില്‍ മാത്രം 317 ക്യാച്ചുകളും 122 സ്റ്റംപിങ്ങുകളുമുണ്ട്. ബോളിങ്ങിലും കൈവച്ച ധോണി ഒരു വിക്കറ്റും നേടിയിട്ടുണ്ട്.