മെല്‍ബണ്‍: ഓസ്ട്രേലിയന്‍ പര്യടനത്തിന് മുന്നോടിയായി ഇന്ത്യന്‍ താരങ്ങള്‍ രണ്ടാഴ്ചത്തെ ക്വാറന്റീന് പൂര്‍ത്തിയാക്കണമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ സിഇഒ നിക്ക് ഹോക്ക്ലി. ക്വാറന്റീന് കാലാവധി ഒരാഴ്ചയായി കുറയ്ക്കണമെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി ആവശ്യപ്പെട്ടിരുന്നു.
14 ദിവസമെന്ന ക്വാറന്റീന് കാലാവധി വെട്ടിക്കുറയ്ക്കണമെന്നും ഇത്രയും നാള് താരങ്ങള്‍ക്കു ഹോട്ടല്‍ മുറിക്കുള്ളില്‍ തന്നെ കഴിയുക ബുദ്ധിമുട്ടായിരിക്കുമെന്നായിരുന്നു ഗാംഗുലി നേരത്തെ ചൂണ്ടിക്കാട്ടിയത്. എന്നാല്‍ അഭ്യര്‍ഥന തള്ളുകയായിരുന്നു.
നേരത്തേ തീരുമാനിച്ച പ്രകാരം ടെസ്റ്റ് പരമ്പരയ്ക്കു മുമ്പ് രണ്ടാഴ്ച തന്നെ ടീം ഇന്ത്യക്കു നിര്‍ബന്ധിത ക്വാറന്റീനില്‍ കഴിയേണ്ടി വരും. എന്നാല്‍, രണ്ടാഴ്ച തന്നെ ക്വാറന്റീന് ഉണ്ടാവുമെങ്കിലും ഈ കാലയളവില്‍ താരങ്ങള്‍ക്ക് പരിശീലനം നടത്താനുള്ള സൗകര്യമൊരുക്കുമെന്നും ഹോക്ക്ലി പറഞ്ഞു. ഇതിനായി ആരോഗ്യ വിദഗ്ധരുടെയും അധികാരികളുടെയും മാര്‍ഗനിര്‍ദേശങ്ങള്‍ സ്വീകരിക്കുമെന്നും ഹോക്ക്ലി അറിയിച്ചു. അഡ്ലെയ്ഡ് ഓവലില്‍ പരിശീലനവും അവിടെ പുതുതായി നിര്‍മിച്ച ഹോട്ടലില്‍ താമസ സൗകര്യവും ഒരുക്കാനാണ് ക്രിക്കറ്റ് ഓസ്ട്രേലിയയുടെ പദ്ധതി.
ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ പര്യടനം ഏറെ കരുതലോടെയാണ് ക്രിക്കറ്റ് ഓസ്ട്രേലിയ കാണുന്നത്. മൂന്നു വീതം ട്വന്റി-20യും ഏകദിനവും നാല് ടെസ്റ്റുകളുമാണ് പരമ്പരയിലുള്ളത്. ഒക്ടോബര്‍ 11 മുതല്‍ അടുത്ത വര്‍ഷം ജനുവരി 17 വരെ നീണ്ടുനില്‍ക്കുന്നതാണ് പരമ്പര. ഒക്ടോബര്‍ 11-ന് ട്വന്റി-20 പരമ്പര തുടങ്ങും. ഡിസംബര്‍ മൂന്നു മുതല്‍ ടെസ്റ്റ് പരമ്പരയും ആരംഭിക്കും.
Discussion about this post