പാരീസ്: ഫുട്‌ബോള്‍ ലോകത്തെ യുവരാജാവായി ക്രൊയേഷ്യന്‍ താരം ലൂക്ക മോഡ്രിച്ച്. ബാലന്‍ ഡി ഓര്‍ പുരസ്‌കാരം സ്വന്തമാക്കി. ഫുട്ബോള്‍ ലോകത്തെ വമ്പന്മാരായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയും ആന്‍ത്വാന്‍ ഗ്രീസ്മാനെയും പിന്തള്ളിയാണ് ക്രൊയേഷ്യന്‍ നായകന്‍ ഈ നേട്ടം സ്വന്തമാക്കിയത്. ഇതോടെ ഫുട്ബോള്‍ ലോകത്ത് കഴിഞ്ഞ പത്തുവര്‍ഷമായി നിലനിന്നിരുന്ന കീഴവഴ്ക്കത്തിന് വിരാമമായി. മെസിയും റൊണാള്‍ഡോയും മാത്രമാണ് 2008 മുതല്‍ ബാലന്‍ ഡി ഓര്‍ സ്വന്തമാക്കിയിരിക്കുന്നത്.
ബ്രസീലിയന്‍ താരം കക്ക 2007 ല്‍ ബാലന്‍ ഡി ഓര്‍ നേടിയ ശേഷം ഇതാദ്യമായി മെസിയും റൊണാള്‍ഡോയും അല്ലാത്ത ഒരാള്‍ കാല്‍പ്പന്ത് കളിയിലെ ഏറ്റവും മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ട കാഴ്ച്ചയാണ് ലൂക്ക കാണിച്ചു തന്നത്. റഷ്യന്‍ ലോകകപ്പില്‍ മിന്നും പ്രകടനമാണ് താരം നടത്തിയത്. പ്രതീക്ഷകളുടെ ഭാരമില്ലാത്ത കറുത്തകുതിരകളായി ടീമിനെ ലൂക്കാ ഫൈനലില്‍ എത്തിച്ചു. ടൂര്‍ണമെന്റിന്റെ താരവും ലൂക്കായിരുന്നു.
ലോകകപ്പിന് ശേഷം യൂറോപ്യന്‍ ഫുട്ബോളര്‍ ഓഫ് ദ ഇയര്‍, ഫിഫ ബെസ്റ്റ് പ്ലെയര്‍ എന്നീ പുരസ്‌കാരങ്ങളും നേടിയിട്ടുള്ള ലൂക്കാ പഴയ യുഗോസ്ലാവിയന്‍ മേഖലയില്‍നിന്നുള്ള താരമാണ്. ബാലന്‍ ഡി ഓര്‍ നേടുന്ന പഴയ യുഗോസ്ലാവിയന്‍ മേഖലയില്‍ നിന്നുള്ള ആദ്യ താരവും ലൂക്കായാണ്.
രണ്ടാം സ്ഥാനത്ത് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, മുന്നാ സ്ഥാനത്ത് ഗ്രീസ്മാന്‍, നാലാം സ്ഥാനത്ത് കിലിയന്‍ എംബാപ്പെ എന്നിവര്‍ എത്തിയപ്പോള്‍ മെസി അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ആറാം സ്ഥാനമാണ് മുഹമ്മദ് സലാ നേടിയത്.