ബെല്‍ഗ്രേഡ്: ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം നൊവാക് ജോക്കോവിച്ചിന് കൊവിഡ് 19 സ്ഥിരീകരിച്ചു. ജോക്കോവിച്ച് സംഘടിപ്പിച്ച ചാരിറ്റി ടെന്നീസ് ടൂര്‍ണമെന്റില്‍ പങ്കെടുത്ത മൂന്നു താരങ്ങള്‍ക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജോക്കോവിച്ചിനും കൊവിഡ് 19 പോസ്റ്റീവായി പരിശോധനാഫലം എത്തിയത്.
ജോക്കോവിച്ചിന്റെ ഭാര്യ ജെലീനയുടെ കൊവിഡ് പരിശോധനാഫലവും പോസിറ്റീവാണ്. നേരത്തെ ക്രൊയേഷ്യന്‍ താരം ബോര്‍ന കോറിച്ച്, ബള്‍ഗേറിയയുടെ ഗ്രിഗര്‍ ദിമിത്രോവ്, സെര്‍ബിയയുടെ വിക്ടര്‍ ട്രോയിസ്ക്കി എന്നിവര്‍ക്കാണ് കൊവിഡ് ബാധിച്ചിരുന്നത്. സെര്‍ബിയയിലെ സെന്‍ട്രല്‍ ബെല്‍ഗ്രേഡിലെ ജോക്കോവിച്ച് ടെന്നീസ് കോംപ്ലക്സിലും ക്രൊയേഷ്യയിലെ സദറിലുമായി നടന്ന ടൂര്‍ണമെന്റില്‍ നിരവധി താരങ്ങള്‍ പങ്കെടുത്തിരുന്നു.
സാമൂഹിക അകലം പാലിക്കാതെ ടൂര്‍ണമെന്റ് സംഘടിപ്പിച്ചതിനെ തുടര്‍ന്ന് വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. ജോക്കോവിച്ചിന് പുറമെ പ്രമുഖ താരങ്ങളായ ഡൊമിനിക് തീം, അലക്സാണ്ടര്‍ സ്വരേവ് എന്നിവരും ടൂര്‍ണമെന്റില്‍ പങ്കെടുത്തിരുന്നു.
Discussion about this post