ന്യൂഡൽഹി: കേരളാ ബ്ലാസ്റ്റേഴ്സിന്റെ മിന്നും താരമായി നിന്ന് ഒരുപാട് നേട്ടങ്ങൾ സമ്മാനിച്ച് മുൻനായകനും പ്രതിരോധ താരവുമായ സന്ദേശ് ജിംഗാൻ ക്ലബിനോട് വിട പറയുകയാണ്. പരസ്പര ധാരണയോടെ മാനേജ്മെന്റും താരവും വേർപിരിയൽ കരാറിലെത്തിയതോടെ ആരാധകർക്കും ഏറെ സങ്കടമായിരിക്കുകയാണ്. ഇതിനിടെയാണ് തനിക്ക് എന്നും അകമഴിഞ്ഞ പിന്തുണ നൽകിയ ബ്ലാസ്റ്റേഴ്സ് ആരാധകരോട് നന്ദിയും കടപ്പാടും അറിയിച്ച് ജംഗാൻ വിടപറയൽ കുറിപ്പ് ട്വിറ്ററിൽ കുറിച്ചിരിക്കുന്നത്.
ഇതുവരെയുള്ള തന്റെ ഫുട്ബോൾ കരിയറിലെ ഏറ്റവും പ്രയാസമേറിയ നിമിഷമാണിതെന്നാണ് താരത്തിന്റെ വാക്കുകൾ. ‘ഒന്നിച്ച് ഒരുപാട് നമ്മൾ ഓർമ്മകൾ സൃഷ്ടിച്ചിട്ടുണ്ട്. അതെല്ലാം ഇനിയുള്ള എന്റെ ജീവിതത്തിൽ ഞാൻ ഓർക്കും. ഒരു വ്യക്തിയെന്ന നിലയിലും ഫുട്ബോളറെന്ന നിലയിലും എന്റെ വളർച്ചയ്ക്ക് സഹായകമായത് നിങ്ങളാണ്. നിങ്ങളെല്ലാം എന്നും എന്റെ കുടുംബമായിരിക്കും. കേരള ബ്ലാസ്റ്റേഴ്സിനും കേരളത്തിലെ ജനങ്ങൾക്കും എല്ലാ ഭാവുകങ്ങളും. നിങ്ങളുടെ ടീമിനോടുള്ള പിന്തുണ തുടരുക’, ജിംഗാൻ കുറിച്ചു.
2014ലെ ഐഎസ്എൽ ആദ്യ സീസൺ മുതൽ ബ്ലാസ്റ്റേഴ്സിന് ഒപ്പമുള്ള സന്ദേശ് ജിംഗാൻ ആറ് സീസണുകളിലായി ഇതുവരെ ക്ലബിന്റെ 76 മത്സരങ്ങൾക്ക് ബൂട്ട് കെട്ടി. താരം ടീം വിടുന്ന കാര്യം കേരളാ ബ്ലാസ്റ്റേഴ്സ് ക്ലബ്ബ് മാനേജ്മെന്റ് തന്നെയാണ് ഔദ്യോഗിക പത്രക്കുറിപ്പിലൂടെ അറിയിച്ചത്. ജിംഗാനോടുള്ള ആദരസൂചകമായി ക്ലബ്ബ് അദ്ദേഹം അണിഞ്ഞിരുന്ന 21ാം നമ്പർ ജേഴ്സി പിൻവലിക്കുന്നതായും പ്രഖ്യാപിച്ചു. ഇന്ത്യൻ ഫുട്ബോൾ ചരിത്രത്തിൽ ആദ്യമായാണ് ഒരു താരം ക്ലബ്ബ് വിട്ടുപോകുമ്പോൾ ജേഴ്സി പിൻവലിക്കുന്നത്. ജിംഗാന്റെ സംഭാവനകൾ എടുത്തുപറഞ്ഞ് ക്ലബ്ബ് ഉടമ നിഖിൽ ഭരദ്വാജാണ് ജേഴ്സി വിരമിച്ചതായി പ്രഖ്യാപിച്ചത്.