മുംബൈ: നിരവധി നായകന്മാർക്ക് കീഴിൽ കളിച്ചിട്ടുണ്ടെങ്കിലും തനിക്ക് ഏറ്റവും പ്രിയപ്പെട്ട ക്യാപ്റ്റനെ വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ ടീം ബാറ്റ്സ്മാനായിരുന്ന ഗൗതം ഗംഭീർ. സൗരവ് ഗാംഗുലി തൊട്ട് വിരാട് കോഹ്ലി വരെയുള്ളവർക്ക് കീഴിൽ ഗംഭീർ ഇന്ത്യൻ ജേഴ്സിണിഞ്ഞ് കളത്തിലിറങ്ങിയിട്ടുണ്ട്.
അതേസമയം, താരതമ്യേന കുറച്ച് ടെസ്റ്റിൽ മാത്രം ഇന്ത്യയെ നയിച്ച ബൗളറായ അനിൽ കുംബ്ലെയാണ് തന്നിൽ ഏറ്റവും വിശ്വാസമർപ്പിച്ചിരുന്ന ക്യാപ്റ്റനെന്ന് ഗംഭീർ വെളിപ്പെടുത്തിയിരിക്കുകയാണ്. അന്ന് കുംബ്ലെയുടെ ടീമിൽ തനിക്ക് ഒരു സ്ഥാനമുറപ്പായിരുന്നു എന്നും ഗംഭീർ ഓർത്തെടുത്തു.
‘ഞാനും സെവാഗും ഒരിക്കൽ ഡിന്നർ കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു. കുംബ്ലെ അടുത്ത് വന്ന് പറഞ്ഞു, ഓസീസിനെതിരായ പരമ്പരയിലുടനീളം നിങ്ങൾ തന്നെയായിരിക്കും ഓപ്പണർമാർ. നിങ്ങൾ എട്ട് തവണ ഡക്കിൽ പുറത്തായാലും അതിൽ മാറ്റമുണ്ടാകില്ല. എന്റെ കരിയറിൽ അതിന് മുമ്പും ശേഷവും അത്തരം വാക്കുകൾ ഞാൻ കേട്ടിട്ടില്ല. അദ്ദേഹത്തിന് വേണ്ടി ഞാനെന്റെ ജീവൻ നൽകും’ഗംഭീർ പറയുന്നു. അതേസമയം, ആ പരമ്പരയിൽ ഇരട്ടസെഞ്ച്വറി നേടിയാണ് ഗംഭീർ ക്യാപ്റ്റന്റെ ആത്മവിശ്വാസത്തിന് കടപ്പാട് അറിയിച്ചത്. സൗരവ് ഗാംഗുലി, രാഹുൽ ദ്രാവിഡ്, എംഎസ് ധോണി, വിരാട് കോഹ്ലി എന്നിവർക്ക് കീഴിലും ഗംഭീർ കളിച്ചിട്ടുണ്ട്.
ഇവർക്ക് ലഭിച്ചത് പോലെ ദീർഘമായ ക്യാപ്റ്റൻസി കരിയർ കുംബ്ലെയ്ക്ക് ലഭിച്ചിരുന്നെങ്കിൽ ഒരുപാട് റെക്കോഡുകൾ അദ്ദേഹം സ്വന്തമാക്കിയേനെയെന്നും ഗംഭീർ കൂട്ടിച്ചേർത്തു. 14 ടെസ്റ്റിലാണ് കുംബ്ലെ ഇന്ത്യയെ നയിച്ചത്.
Discussion about this post