മുംബെ: ഇന്ത്യന്‍ വനിതാ ക്രിക്കറ്റില്‍ വിവാദക്കാറ്റ് ആഞ്ഞടിക്കുന്നു. വനിതാ ലോകകപ്പ് സെമിയില്‍ നിന്നും മുതിര്‍ന്നതാരം മിതാലിയെ കളിപ്പിക്കാത്തതുമായി ബന്ധപ്പെട്ട വിവാദം പുകയുകയാണ്. മിതാലിയും പരിശീലകനും ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീതും തമ്മില്‍ അത്രരസകരമായ ബന്ധമല്ലെന്ന് വിവാദം ചൂണ്ടിക്കാണിക്കുന്നു.
ഹര്‍മന്‍ പ്രീതിനെതിരെ മിതാലിയുടെ മാനേജര്‍ നേരത്തെ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പരിശീലകന്‍ രമേഷ് പവാറും മിതാലി രാജും തമ്മിലുള്ള അസ്വാരസ്യം മറനീക്കി പുറത്തുവന്നിരിക്കുന്നത്.
ഇന്നലെ പവാറിനെതിരെ ബിസിസിഐയ്ക്ക് മുന്നില്‍ പരാതിയുമായി മിതാലി രംഗത്തെത്തിയിരുന്നു. ഈ കത്ത് മാധ്യമങ്ങള്‍ ചോര്‍ന്നതും വിവാദത്തിന് ആക്കം കൂട്ടി. മിതാലിയുടെ കുറ്റപ്പെടുത്തലുകള്‍ക്ക് മറുപടി നല്‍കി രമേശ് പവാറും ഇതോടെ രംഗത്തെത്തിയിരിക്കുകയാണ.്
മിതാലി രാജും താനും തമ്മില്‍ അകല്‍ച്ചയുണ്ടെന്ന് പാവാര്‍ ബിസിസിഐ അധികൃതര്‍ക്കു മുന്നില്‍ സമ്മതിച്ചു. അതേസമയം, എപ്പോഴും ഒഴിഞ്ഞുമാറുന്ന പ്രകൃതമായതിനാല്‍ കൈകാര്യം ചെയ്യാന്‍ ബുദ്ധിമുട്ടുള്ള വ്യക്തിയാണ് മിതാലിയെന്നും പവാര്‍ ആരോപിച്ചു.
ഇംഗ്ലണ്ടിനെതിരായ ലോക ട്വന്റി-ട്വന്റി സെമി ഫൈനലില്‍നിന്നു മിതാലിയെ ഒഴിവാക്കുകയും മത്സരത്തില്‍ ഇന്ത്യ തോല്‍ക്കുകയും ചെയ്ത സാഹചര്യത്തില്‍ മിതാലി, ട്വന്റി-ട്വന്റി ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍, കോച്ച് രമേഷ് പാവാര്‍ എന്നിവരോട് ബിസിസിഐ പ്രത്യേക വിശദീകരണം തേടിയിരുന്നു.
ടൂര്‍ണമെന്റിലെ മോശം സ്ട്രൈക്ക് റേറ്റാണ് മിതാലിയെ ടീമില്‍നിന്ന് ഒഴിവാക്കാന്‍ കാരണമായി പവാര്‍ ചൂണ്ടിക്കാട്ടിയത്. ഈ സാഹചര്യത്തില്‍ ശക്തരായ ഓസീസിനെതിരെ വിജയിച്ച ടീമിനെ സെമിയില്‍ നിലനിര്‍ത്താന്‍ തീരുമാനിക്കുകയായിരുന്നുവെന്നും പാവാര്‍ ബിസിസിഐക്കു മുന്നില്‍ വെളിപ്പെടുത്തി.
ബാറ്റിംഗ് ഓര്‍ഡറില്‍ മാറ്റം വരുത്തിയതില്‍ പ്രതിഷേധിച്ച് താന്‍ വിരമിക്കുമെന്ന് മിതാലി പറഞ്ഞുവെന്നും ബാഗെടുത്ത് ഇറങ്ങിപ്പോകാന്‍ തുനിഞ്ഞെന്നും പവാര്‍ പറയുന്നു.
അതേസമയം, സ്ട്രൈക്ക് റേറ്റിന്റെ അടിസ്ഥാനത്തിലാണു മിതാലിയെ ഒഴിവാക്കിയതെങ്കില്‍ പാകിസ്താനും അയര്‍ലന്‍ഡിനുമെതിരായ കളികളില്‍ മിതാലിയെ എന്തിന് ടീമില്‍ ഉള്‍പ്പെടുത്തി എന്ന ചോദ്യത്തിനു പവാര്‍ മറുപടി നല്‍കിയില്ല. ഈ രണ്ടു മല്‍സരങ്ങളിലും അര്‍ധ സെഞ്ചുറി നേടിയ മിതാലി, പ്ലെയര്‍ ഓഫ് ദ് മാച്ച് പുരസ്‌കാരവും നേടിയിരുന്നു.
രമേഷ് പവാര്‍ തന്നെ അവഗണിക്കുകയും ആത്മവിശ്വാസം തകര്‍ത്ത് നശിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തതായി മിതാലി ആരോപിച്ചിരുന്നു.
Discussion about this post