ട്രൈ ബ്രേക്കറില്‍ തകര്‍ത്തു; കാള്‍സന്‍ തന്നെ രാജാവ്! ലോക ചെസ് കിരീടം വീണ്ടും നോര്‍വേയിലേക്ക്; നിരാശയില്‍ അമേരിക്ക

ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ ലോക ഒന്നാം നമ്പര്‍ താരം മാഗ്‌നസ് കാള്‍സന്‍ വീണ്ടും കിരീടം ചൂടി.

ലണ്ടന്‍: ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ ലോക ഒന്നാം നമ്പര്‍ താരം മാഗ്‌നസ് കാള്‍സന്‍ വീണ്ടും കിരീടം ചൂടി. അമേരിക്കന്‍ താരം ഫാബിയാനോ ടൈ ബ്രേക്കറില്‍ നോര്‍വേ താരത്തിനു മുന്നില്‍ മുട്ടുമടക്കി. നിശ്ചിത 12 ഗെയിമുകളിലെ സമനിലയ്ക്കു ശേഷം നടന്ന ടൈബ്രേക്കറില്‍ തുടര്‍ച്ചയായി 3 ഗെയിമുകള്‍ വിജയിച്ചാണ് ഫാബിയാനോയെ കാള്‍സന്‍ നിലംതൊടീച്ചത്. കാള്‍സന്‍ അനിഷേധ്യ ലീഡെടുത്തതോടെ (3-0) ടൈബ്രേക്കറില നാലാം ഗെയിം വേണ്ടിവന്നില്ല. 2013ല്‍ ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദിനെ തോല്‍പ്പിച്ച് കീരീടം സ്വന്തമാക്കിയ മാഗ്‌നസ് പിന്നീട് ആനന്ദിനെയും സെര്‍ജി കര്യാക്കിനെയും തോല്‍പ്പിച്ച് കിരീടം നിലനിര്‍ത്തിയിരുന്നു.

ഫാബിയാനോ ക്ലാസിക്കല്‍ ഗെയിമുകളില്‍ ഒപ്പത്തിനൊപ്പം പോരാടി 12 ഗെയിമുകളും സമനിലയാക്കിയിരുന്നു. എന്നാല്‍ ടൈബ്രേക്കറിലെ വേഗ ചെസില്‍ കാള്‍സന്റെ മേധാവിത്തത്തിന് ഒപ്പം നില്‍ക്കാന്‍ ഫാബിയാനോയ്ക്കായില്ല.

ബെര്‍ലിനില്‍ നടന്ന ലോക ചാംപ്യന്‍ഷിപ്പ് കാന്‍ഡിഡേറ്റ്‌സ് ടൂര്‍ണമെന്റില്‍ കരുത്തരായ 7 എതിരാളികളെ ഒരു പോയിന്റ് വ്യത്യാസത്തില്‍ മറികടന്നാണ് കരുവാന ഫൈനലിനു യോഗ്യത നേടിയത്.

ഇരുപത്തേഴുകാരനായ മാഗ്‌നസ് 2011മുതല്‍ ലോക റാങ്കിങ്ങില്‍ ഒന്നാമതാണ്. 2013 ആനന്ദിനെതിരെ നേടിയ വിജയത്തിനു ശേഷം ആദ്യമായാണ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഒറ്റമല്‍സരവും തോല്‍ക്കാതെ മാഗ്‌നസ് കിരീടം നേടുന്നത്.

Exit mobile version