മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിന് തന്നെ നാണക്കേടായ ഒത്തുകളി വിവാദത്തില്‍ പെട്ട് ക്രിക്കറ്റി കരിയര്‍ അവസാനിച്ച ശഅരീശാന്ത് വീണ്ടും വിവാദ കോളങ്ങളില്‍ നിറയുകയാണ്. ചെയ്യാത്ത കുറ്റത്തിന് ആരോപണ വിധേയനായതോടെ താന്‍ ആത്മഹത്യയെക്കുറിച്ചു പോലും ചിന്തിച്ചിരുന്നുവെന്നാണ് ശ്രീശാന്ത് ഒരു സ്വകാര്യ ചാനലിനോട് വെളിപ്പെടുത്തിയിരിക്കുന്നത്.
സ്വകാര്യ ചാനലില്‍ കണ്ണീരോടെ ശ്രീശാന്ത് നടത്തിയ വെളിപ്പെടുത്തല്‍ ഇങ്ങനെ: ‘വാതുവയ്പുകാരില്‍നിന്ന് 10 ലക്ഷം രൂപ മേടിച്ച് ഞാന്‍ ഒത്തുകളിച്ചെന്നായിരുന്നു ആരോപണം. എനിക്കെതിരെ ഇക്കാര്യത്തില്‍ തെളിവുണ്ടെന്നും അവര്‍ പ്രചരിപ്പിച്ചു. എന്നാല്‍, ജീവിതത്തിലിതുവരെ ഞാന്‍ വാതുവയ്പുകാരുമായി ബന്ധപ്പെട്ടിട്ടില്ല. ഒത്തുകളിച്ചിട്ടുമില്ല. തകര്‍ന്നുപോയ ഞാന്‍ ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചു. അടുത്ത സുഹൃത്തുക്കള്‍ പോലും ഞാന്‍ ഒത്തുകളിച്ചെങ്കിലും അതുപോട്ടെ എന്ന രീതിയിലാണ് പെരുമാറിയത്. ഇന്ത്യയിലെ സ്റ്റേഡിയങ്ങളില്‍ കാലുകുത്താന്‍ പോലും എനിക്കിപ്പോള്‍ അനുവാദമില്ല. ഭാവിയില്‍ എന്റെ മക്കള്‍ ക്രിക്കറ്റ് കളിക്കാന്‍ ഇറങ്ങിയാല്‍ അതു കാണാന്‍ എനിക്കെങ്ങനെ കഴിയും’ – ശ്രീശാന്ത് ചോദിച്ചു
അതിനിടെ ശ്രീശാന്തിന്റെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് സ്വകാര്യ ചാനല്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത കുറിപ്പിനു താഴെ ‘എപ്പിക്’ എന്ന് ചിരിക്കുന്ന ഇമോജി സഹിതം പരിഹാസപൂര്‍വം കമന്റിട്ട രാജസ്ഥാന് റോയല്‍സ് മുന്‍ ഉടമ രാജ് കുന്ദ്രയും വിവാദ നായകനായിരിക്കുകയാണ്. ശ്രീശാന്തിനെതിരെ പരിഹാസപൂര്‍വം കമന്റിട്ട കുന്ദ്രയ്ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനമാണുയര്‍ന്നത്. ശ്രീശാന്ത് കുറ്റാരോപിതനായിരുന്നെങ്കിലും കോടതി കുറ്റവിമുക്തനാക്കിയതാണെന്ന് ശ്രീയെ അനുകൂലിക്കുന്നവര്‍ ചൂണ്ടിക്കാട്ടി. അതേസമയം, രാജ് കുന്ദ്രയ്ക്കുനേരെ ഉയര്‍ന്ന വാതുവയ്പ് ആരോപണത്തില്‍ കുറ്റക്കാരനാണെന്നാണ് കോടതി കണ്ടെത്തിയതെന്നും ഇവര്‍ വിമര്‍ശിക്കുന്നു.
ഇതിനിടെയാണ് കുന്ദ്രയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് ശ്രീശാന്തിന്റെ ഭാര്യ ഭുവനേശ്വരി കുമാരിയും രംഗത്തെത്തിയത്. ‘ശ്രീശാന്തിന് നല്‍കാനുള്ള പ്രതിഫലം പോലും കൊടുത്തുതീര്‍ക്കാത്ത വ്യക്തിയാണ് ഇയാള്‍. വാതുവയ്പിന് കോടതി കുറ്റക്കാരനാണെന്നു കണ്ടെത്തിയിട്ടും ഇവിടെ കമന്റ് ചെയ്യാന്‍ ഇയാള്‍ കാണിച്ച തന്റേടമാണ് ‘എപ്പിക്’. വാതുവയ്പു വിവാദത്തില്‍ ശ്രീ കുറ്റക്കാരനല്ലെന്ന് കോടതി തന്നെ കണ്ടെത്തിയിട്ടുള്ളതാണ്’ – ഭുവനേശ്വരി കുറിച്ചു.
ഐപിഎല്ലില്‍ രാജസ്ഥാന് റോയല്‍സിനു കളിക്കുന്നതിനിടെ 2013ലാണ് ശ്രീശാന്ത് ഉള്‍പ്പെടെയുള്ള ഏതാനും താരങ്ങള്‍ വാതുവയ്പു വിവാദത്തില്‍പ്പെടുന്നത്. ഇതോടെ ശ്രീശാന്തുമായുള്ള കരാര്‍ രാജസ്ഥാന് റദ്ദാക്കിയിരുന്നു. 2015ല്‍ ശ്രീശാന്തിനും സഹതാരങ്ങള്‍ക്കുമെതിരായ ആരോപണങ്ങളില്‍ മതിയായ തെളിവില്ലെന്ന കാരണത്താല്‍ ഡല്‍ഹി ഹൈക്കോടതി ഇവരെ കുറ്റവിമുക്തരാക്കിയിരുന്നു.
Discussion about this post