പാരീസ്: ഫ്രാൻസിന്റെ യുവ ഫുട്‌ബോളർ കിലിയൻ എംബാപ്പെയ്ക്ക് കൊറോണ വൈറസ് ബാധിച്ചെന്ന സംശയത്തെത്തുടർന്ന് നടത്തിയ പരിശോധനയിൽ ഫലം നെഗറ്റീവ്. ഏതാനും ദിവസങ്ങളായി പനി ഉൾപ്പടെയുള്ള അസുഖ ലക്ഷണങ്ങൾ കാണിച്ച എംബാപ്പെയെ വിദഗ്ധ പരിശോധനയ്ക്ക് വിധേയനാക്കുകയായിരുന്നു. ചാമ്പ്യൻസ് ലീഗിൽ പിഎസ്ജിയുടെ മുൻനിരക്കാരനായ എംബാപ്പെയുടെ പരിശോധാഫലം ടീമിനും ആരാധകർക്കും ആശ്വാസമായിരിക്കുകയാണ്.
ഡോർട്മുണ്ടിനെതിരായ മത്സരത്തിൽ താരം കളത്തിലിറങ്ങുമെന്നാണ് നിലവിൽ ആരാധകരുടെ പ്രതീക്ഷ. എന്നാൽ തിങ്കളാഴ്ച മുതൽ പരിശീലനത്തിനിറങ്ങാത്ത എംബാപ്പെയുടെ ആരോഗ്യനിലയിൽ ആശങ്കയുണ്ടെന്ന പ്രതികരണമാണ് കോച്ച് തോമസ് ടഷെലിൻ പങ്കുവെച്ചിരിക്കുന്നത്. സീസണിൽ ഇതുവരെ പിഎസ്ജിയ്ക്കായി 32 മത്സരങ്ങൾ കളിച്ച എംബാപ്പെ 30 ഗോളുകൾ നേടിയിട്ടുണ്ട്.