മെൽബൺ: ഫൈനൽ വരെ ആവേശത്തോടെ കളിച്ച് എത്തിയ ഇന്ത്യൻ വനിതകൾ ഐസിസി ക്രിക്കറ്റ് ടി20 ലോകകപ്പ് ഫൈനലിൽ പക്ഷെ കളി മറന്നു. ഈ മറവിക്ക് പ്രായശ്ചിത്തമായി നൽകേണ്ടി വന്നത് ലോക കിരീടമെന്ന സ്വപ്ന നേട്ടം കൂടിയാണ്. ഓസ്ട്രേലിയ ഇന്ത്യൻ താരങ്ങൾക്ക് യഥാർത്ഥത്തിൽ എങ്ങനെയാവണം ഫൈനൽ പോരാട്ടമെന്ന് പഠിപ്പിച്ചുകൊടുക്കുന്ന കാഴ്ചയാണ് വനിതാ ലോകകപ്പിലെ കിരീട പോരാട്ടത്തിൽ കണ്ടത്.
ടി20 ലോകകപ്പിന്റെ ഫൈനൽ വരെ അജയ്യരായി എത്തിയ ഇന്ത്യയെ 85 റൺസിന് തകർത്തെറിഞ്ഞാണ് ഓസ്ട്രേലിയൻ പെൺപുലികൾ കപ്പിൽ മുത്തമിട്ടത്. ഇതോടെ വനിതാദിനം ഓസ്ട്രേലിയയ്ക്ക് പുഞ്ചിരിയും ഇന്ത്യയ്ക്ക് കണ്ണീരുമായി. മെൽബൺ ക്രിക്കറ്റ് സ്റ്റേഡിയത്തിലെത്തിയ സ്വന്തം നാട്ടുകാർക്ക് വിരുന്ന് ഒരുക്കുന്നതായിരുന്നു ഓസ്ട്രേലിയൻ പെൺസംഘത്തിന്റെ പ്രകടനം. ഈ വിജയത്തോടെ അഞ്ചാം ലോക കിരീടമാണ് ഓസ്ട്രേലിയൻ വനിതാ ക്രിക്കറ്റിന് സ്വന്തമായത്.
ഇന്ത്യൻ വനിതകൾ കളിമറന്ന കാഴ്ചയാണ് ആദ്യം മുതൽ ആരാധകർക്ക് ദൃശ്യമായത്. പരാജയമായ ഇന്ത്യൻ ബൗളിങ് നിര ഓസ്ട്രേലിയയ്ക്ക് ഒരിക്കലും വെല്ലുവിളി ഉയർത്തിയില്ല. ഇതോടെ 184 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യമാണ് ഇന്ത്യയ്ക്ക് മുന്നിൽ ഓസീസ് ഉയർത്തിയത്. മറുപടി ബാറ്റിങിന് ഇറങ്ങിയ ഇന്ത്യൻ നിരയിലാകട്ടെ, ആദ്യ ഓവറിലെ മൂന്നാം പന്തിൽ തന്നെ ട്വന്റി 20 റാങ്കിങ്ങിലെ ഒന്നാംറാങ്കുകാരിയായ ഷെഫാലി വർമയെ നഷ്ടമായി. ഇതോടെ ഇന്ത്യയുടെ യാത്ര പരാജയത്തിലേക്കാണെന്ന് ഭൂരിപക്ഷത്തിനും ഉറപ്പായി കഴിഞ്ഞിരുന്നു. ീ
ജെമിയ റോഡിഗ്രസ് പൂജ്യത്തിനും സ്മൃതി മന്ദാന 11 റൺസിനും തൊട്ടുപിന്നാലെ തന്നെയായി മടങ്ങി. ടീം ക്യാപ്റ്റനും വെടിക്കെട്ട് ബാറ്റിങ് റാണിയുമായ ഹർമൻപ്രീത് കൗറിന് വെറും 4 റൺസ് മാത്രമേ കമഅടെത്താനായുള്ളൂ. 33 റൺസെടുത്ത ദീപ്തി ശർമയാണ് ഇന്ത്യൻ നിരയിലെ ടോപ്സ്കോറർ.
ഓസീസ് നിരയിൽ മെഗൻ സ്കട്ട് നാലും ജെസ് ജൊനാസെൻ മൂന്നും വിക്കറ്റ് വീഴ്ത്തി. 39 പന്തിൽ നിന്നും 75 റൺസടിച്ച അലിസ ഹീലിയും 54 പന്തിൽ നിന്നും 78 റൺസടിച്ച ബെത്ത് മൂണിയുമാണ് ഓസ്ട്രേലിയക്ക് റൺമല സമ്മാനിച്ചത്.
Discussion about this post