നായകനായ ശേഷം മിതാലിയെപ്പോലെ തനിക്കും ഡഗ് ഔട്ടിലിരിക്കേണ്ടി വന്നിട്ടുണ്ട്; സൗരവ് ഗാംഗുലി

മിതാലിയെ പുറത്തിരുത്തിയെന്ന് അറിഞ്ഞപ്പോള്‍ എനിക്ക് എന്നെ തന്നെയാണ് ഓര്‍മ്മ വന്നത്

കൊല്‍ക്കത്ത: ട്വന്റി 20 വനിതാ ലോകകപ്പിന്റെ സെമി ഫൈനലില്‍ മിതാലി രാജിനെ പുറത്തിരുത്തിയ സംഭവത്തില്‍ പ്രതികരിച്ച് മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി. മിതാലിയെ പുറത്തിരുത്തിയെന്ന് അറിഞ്ഞപ്പോള്‍ എനിക്ക് എന്നെ തന്നെയാണ് ഓര്‍മ്മ വന്നത്.

ഏകദിനത്തിലെ ഏറ്റവും മികച്ച കളിക്കാരനായിട്ടും 15 മാസത്തോളം ഒറ്റ ഏകദിനത്തില്‍ പോലും എന്നെ കളിപ്പിക്കാതിരുന്നിട്ടുണ്ടെന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി. ട്വന്റി 20 വനിതാ ലോകകപ്പിന്റെ സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ മിതാലി രാജിനെ കളിപ്പിക്കാത്തതില്‍ വിവാദം കൊഴുക്കുന്നതിനിടെയാണ് പ്രതികരണവുമായി ഗാംഗൂലി രംഗത്തെത്തിയത്.

ഇതുപോലെ തഴയപ്പെട്ട ഗ്രൂപ്പിലേക്ക് മിതാലിക്കും സ്വാഗതം എന്നേ എനിക്ക് പറയാനുള്ളു. ക്യാപ്റ്റന്‍മാര്‍ പുറത്തിരിക്കാന്‍ പറഞ്ഞാല്‍ അതുപോലെ ചെയ്യുക. ഫൈസലാബാദില്‍ ഞാനും അതാണ് ചെയ്തത്. മിതാലിയെ പുറത്തിരുത്തിയതിലല്ല, സെമിയില്‍ ഇന്ത്യ ഇംഗ്ലണ്ടിനോട് തോറ്റതിലാണ് തനിക്ക് ഏറെ നിരാശ. കാരണം ഈ ടീമിന് അതിനപ്പുറം പോവാനുള്ള മികവുണ്ടായിരുന്നു.

പരിക്കുകളോ ഫോം ഇല്ലായ്മയോ അലട്ടാതിരുന്ന മിതാലിയെ മത്സരത്തില്‍ നിന്ന് ഒഴിവാക്കിയത് വിവാദമായിരുന്നു. ഇന്ത്യക്കായി ട്വന്റി 20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയിട്ടുള്ള മിതാലിയെ റിസര്‍വ് ബെഞ്ചിലിരുത്തിയതിനെതിരേ നിരവധി പേരാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ രംഗത്തെത്തുന്നത്. പലരും കടുത്ത ഭാഷയിലാണ് ഈ തീരുമാനത്തെ വിമര്‍ശിച്ചത്.

Exit mobile version