ഇസ്ലാമാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് ഇന്ത്യ-പാകിസ്താൻ ബന്ധം ഇത്രയേറെ വഷളാക്കിയതെന്ന പരാമർശവുമായി മുൻ പാക് ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി. മോഡി ചിന്തിക്കുന്നത് നിഷേധാത്മകമായിട്ടാണെന്നും അദ്ദേഹം അധികാരത്തിൽ തുടരുന്നിടത്തോളം കാലം ഇന്ത-പാക് ബന്ധം മെച്ചപ്പെടില്ലെന്നും അഫ്രീദി പറഞ്ഞു.
മോഡി അധികാരത്തിൽ തുടരുന്നിടത്തോളം ഇന്ത്യയിൽ നിന്ന് അനുകൂലമായ പ്രതികരണമുണ്ടാകുമെന്ന് കരുതുന്നില്ല. ഇന്ത്യക്കാർ ഉൾപ്പെടെയുള്ള എല്ലാവരും മോഡി ചിന്തിക്കുന്നതിനെ കുറിച്ച് മനസിലാക്കണം. നിഷേധാത്മകമായിട്ടാണ് അദ്ദേഹം ചിന്തിക്കുന്നത്- ക്രിക്കറ്റ് പാകിസ്താന് നൽകിയ അഭിമുഖത്തിൽ അഫ്രീദി പറഞ്ഞു.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ക്രിക്കറ്റ് മത്സരം പുനരാരംഭിക്കുന്നത് സംബന്ധിച്ച ചോദ്യത്തോടായിരുന്നു അഫ്രീദിയുടെ പ്രതികരണം. ഇന്ത്യ-പാകിസ്താൻ ബന്ധം വഷളാകാൻ ഒരേ ഒരാളാണ് കാരണം. അതല്ല നമുക്ക് വേണ്ടത്. അതിർത്തിയുടെ ഇരുഭാഗത്തുള്ളവരും പരസ്പരം ഇരുരാജ്യങ്ങളിലേക്കും സഞ്ചരിക്കാൻ ആഗ്രഹിക്കുന്നു. മോഡി എന്താണ് ചെയ്യാൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹത്തിന്റെ അജണ്ട എന്താണെന്നും മനസ്സിലാകുന്നില്ലെന്നും അഫ്രീദി പറഞ്ഞു.
2013 മുതൽ മറ്റ് രാജ്യങ്ങളിൽ വെച്ചുനടക്കുന്ന പരമ്പരകളിൽ അല്ലാതെ ഇന്ത്യയും പാകിസ്താനും തമ്മിൽ ഉഭയകക്ഷി മത്സരങ്ങൾ കളിക്കുന്നില്ല. 2008ലെ മുംബൈ ഭീകരാക്രമണത്തിന് ശേഷം ഐസിസി പരമ്പരകളിൽ അല്ലാതെ ഇന്ത്യയും പാകിസ്ഥാനും മുഖാമുഖം ഏറ്റുമുട്ടിയിട്ടില്ല.