ന്യൂഡൽഹി: കേന്ദ്ര കായിക മന്ത്രാലയത്തിന്റേയോ ദേശീയ ഫെഡറേഷന്റേയോ സമ്മതമില്ലാതെ ‘ഇന്ത്യൻ കബഡി ടീം’ പാകിസ്താനിൽ. ലോക ചാമ്പ്യൻഷിപ്പിൽ മാറ്റുരക്കാനായാണ് ടീം പാകിസ്താനിലെത്തിയത്. തിങ്കളാഴ്ച ലാഹോറിലാണ് ചാമ്പ്യൻഷിപ്പ്. ഇതിനായി വാഗ അതിർത്തി കടന്നാണ് ഇന്ത്യൻ സംഘം ലാഹോറിലെത്തിയത്.
ആതിഥേയരുടെ സ്വീകരണ ചിത്രം സമൂഹ മാധ്യമങ്ങളിൽ ഹിറ്റായപ്പോഴാണ് അധികൃതർ പോലും ഇന്ത്യൻ ടീം പാകിസ്താനിലെത്തിയ വിവരമറിയുന്നത്. പിന്നാലെ, ഔദ്യോഗികമായി ഒരു ഇന്ത്യൻ ടീമിനെയും പാകിസ്താനിലേക്ക് അയച്ചിട്ടില്ലെന്ന വിശദീകരണവുമായി കേന്ദ്ര കായിക മന്ത്രാലയും ദേശീയ കബഡി ഫെഡറേഷനും രംഗത്തെത്തി.
വിദേശരാജ്യങ്ങളിലെ മത്സരങ്ങളിൽ രാജ്യത്തെ പ്രതിനിധാനം ചെയ്യാൻ കായിക മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം എന്നിവയുടെ അനുമതി വേണം. പാകിസ്താനിലേക്ക് പോകാൻ ഒരു ടീമിനും അനുമതി നൽകിയിട്ടില്ല -കായിക മന്ത്രാലയ വക്താവ് അറിയിച്ചതിങ്ങനെ.
ഇങ്ങനെ ഒരു ടീമിനെക്കുറിച്ച് അറിയില്ല. ഇന്ത്യൻ ടീമിന്റെ പേരിൽ പോയവർക്കെതിരെ നടപടിയെടുക്കുമെന്നാണ് അമച്വർ കബഡി ഫെഡറേഷൻ തലവൻ എസ്പി ഗാർഗും അറിയിച്ചു. വാഗ അതിർത്തിയിൽ പാക് കബഡി ഫെഡറേഷനാണ് ടീമിനെ സ്വീകരിച്ചത്. 2010 മുതൽ ആറുതവണ വേദിയൊരുക്കിയ ഇന്ത്യയായിരുന്നു ജേതാക്കൾ. അഞ്ചുതവണ ഫൈനലിൽ പാകിസ്താനായിരുന്നു എതിരാളികൾ.
Discussion about this post