ഹൈദരാബാദ്: ഇന്ത്യയില്‍ ടെസ്റ്റ് മത്സരങ്ങളില്‍ ഉപയോഗിക്കുന്ന എസ്ജി പന്തുകളില്‍ അതൃപ്തി അറിയിച്ച് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്റെ എസ്ജി പന്തുകളുടെ സീം നിലവാരം പുലര്‍ത്തുന്നതല്ലെന്ന പരാതിക്കു പിന്നാലെയാണിത്.
ഡ്യൂക്ക് പന്തുകളാണ് ടെസ്റ്റിന് ഏറ്റവും അനുയോജ്യം എന്ന് കോഹ്‌ലി പറഞ്ഞു. ലോകത്ത് എല്ലായിടത്തും ഈ പന്തുകള്‍ ഉപയോഗിക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്പിന്നര്‍മാര്‍ക്കടക്കം ഡ്യൂക്ക് പന്തുകളുടെ സ്ഥിരത സഹായകമാണെന്നും ഡ്യൂക് പന്തുകളുടെ സീം കട്ടിയേറിയതും മികച്ചതുമാണെന്നും കോഹ്‌ലി ചൂണ്ടിക്കാട്ടി.
അശ്വിന്‍ നേരത്തെ വിന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റിലെ വിജയത്തിനു ശേഷമാണ് എസ്ജി പന്തുകളെക്കുറിച്ച് പരാതിപ്പെട്ടിരുന്നത്. എസ്ജി പന്തുകളുടെ സീം അഞ്ചോവറില്‍ കൂടുതല്‍ നിലനില്‍ക്കുന്നില്ലെന്നും വളരെ വേഗം മൃദുവാകുന്നതുമാണെന്ന് കോഹ്‌ലി പറഞ്ഞു.
സ്പിന്നര്‍മാര്‍ക്ക് പന്ത് ഗ്രിപ്പ് ചെയ്യാന്‍ ഇത് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നും അഞ്ചോവര്‍ കഴിയുമ്പോഴേക്കും സീം നഷ്ടമാകുന്ന പന്ത് മുന്‍പെങ്ങും കണ്ടിട്ടില്ലെന്നും മുന്‍പ് ഉപയോഗിച്ചിരുന്ന എസ്ജി പന്തുകള്‍ മികച്ച നിലവാരം പുലര്‍ത്തിയിരുന്നവയായിരുന്നുവെന്നും കോഹ്‌ലി പറഞ്ഞു.
Discussion about this post