ഹൊബാർട്ട്: ഇന്ത്യയ്ക്ക് അഭിമാനമായി വീണ്ടും വനിതാ ടെന്നീസ് താരം സാനിയ മിർസ. 33ാം വയസിൽ കിരീടം നേട്ടത്തോടെ ടെന്നീസ് കോർട്ടിലേക്ക് ഗംഭീര തിരിച്ച് വരവ് നടത്തി സാനിയ മിർസ വിസ്മയമായിരിക്കുകയാണ്. ഹോബർട്ട് ഇന്റർനാഷണൽ ടെന്നീസ് ടൂർണമെന്റിന്റെ ഡബിൾസ് ഫൈനലിലാണ് സാനിയ മിർസ-നദിയ കിച്‌നോക്ക് സഖ്യം കിരീടം നേടിയത്. സ്‌കോർ 6-4, 6-4. സാനിയയുടെ കൂട്ടാളി നദിയ ഉക്രൈൻ താരമാണ്.
ചൈനയുടെ രണ്ടാം സീഡ് താരങ്ങളായ ഷുവായ് പെങ്-ഷുവായ് സാങ് ജോഡിയെയാണ് കലാശക്കളിയിൽ സാനിയ സഖ്യം തകർത്തത്. ടൂർണമെന്റിൽ ഇന്ത്യ-ഉക്രൈൻ സഖ്യം സീഡ് ചെയ്യപ്പെട്ടിട്ടുണ്ടായിരുന്നില്ല. കഴിഞ്ഞദിവസം സെമിയിൽ സ്ലൊവേനിയൻ-ചെക്ക് ജോഡിയായ ടമാര സിദാൻസെകിനെയും മരിയ ബൗസ്‌കോവയെയും നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചായിരുന്നു സാനിയ-കിച്‌നോക്ക് സഖ്യത്തിന്റെ മുന്നേറ്റം.
അമ്മയായതിന് ശേഷം ടെന്നീസ് കോർട്ടിൽ നിന്ന് സാനിയ മിർസ വിട്ടു നിൽക്കുകയായിരുന്നു. 2017ലാണ് അവർ അവസാന മത്സരത്തിനായി കളത്തിലിറങ്ങിയത്. അന്ന് പരിക്കേറ്റ് പിൻമാറുകയും ചെയ്തിരുന്നു. കളത്തിലേക്ക് ഇറങ്ങിയതുമുതൽ വിവാദങ്ങൾക്കും വിമർശനങ്ങൾക്കും നിരന്തരം വിധേയായ സാനിയ ഗംഭീര തിരിച്ച് വരവ് നടത്തി വിമർശകരുടെയെല്ലാം വായടപ്പിച്ചുകൊണ്ടാണ്.
Discussion about this post