ലോകകപ്പ് നേടുന്ന ഇന്ത്യയെ കാണാൻ വീൽചെയറിൽ സ്റ്റേഡിയത്തിലെത്തി താരമായി; ഒടുവിൽ ലോകകപ്പ് സ്വപ്‌നം ബാക്കിയാക്കി യാത്രയായി

ലണ്ടൻ: 2019 ലോകകപ്പിൽ ടീം ഇന്ത്യയുടെ മത്സരം കാണാൻ ലണ്ടനിലെ സ്‌റ്റേഡിയത്തിലേക്ക് വീൽചെയറിൽ എത്തി ലോകത്തിന് മുന്നിൽ താരമായ മുത്തശ്ശി ആരാധിക അന്തരിച്ചു. ഇന്ത്യൻ ടീമിന്റെ എക്കാലത്തേയും സൂപ്പർ ഫാനായ ചാരുലത പട്ടേൽ (87) ജനുവരി 13-നാണ് അന്തരിച്ചത്. ചാരുലതയുടെ മരണത്തിൽ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്. ടീം ഇന്ത്യയുടെ സൂപ്പർ ആരാധിക ചാരുലത പട്ടേൽ ജി ഞങ്ങളുടെ ഹൃദയങ്ങളിൽ തുടരും. ക്രിക്കറ്റിനോടുള്ള അവരുടെ അഭിനിവേശം നമ്മളെ പ്രചോദിപ്പിക്കുമെന്നും ബിസിസിഐ ട്വിറ്ററിൽ കുറിച്ചു.

ലോകകപ്പിൽ ഇന്ത്യ-ബംഗ്ലാദേശ് മത്സരം നടക്കുമ്പോഴാണ് വീൽചെയറിൽ എത്തിയ ചാരുലത മുത്തശ്ശി ആരാധകരുടെയും നായകൻ വിരാട് കോഹ്‌ലി ഉൾപ്പടെയുള്ളവരുടേയും ഹൃദയം കവർന്നത്. മത്സരത്തിലുടനീളം ഇന്ത്യൻ ടീമിനെ പ്രോത്സാഹിപ്പിച്ച മുത്തശ്ശി ആരാധികയെ മത്സരശേഷം കോഹ്‌ലിയും ഇന്ത്യൻ താരങ്ങളും സന്ദർശിച്ചിരുന്നു. പേരക്കുട്ടി അഞ്ജലിക്കൊപ്പമായിരുന്നു അന്ന് ചാരുലത പട്ടേൽ ഇന്ത്യയുടെ ലോകകപ്പ് മത്സരം കാണാനെത്തിയത്. ഒരു ഓപ്പൺ ഹാർട്ട് ബൈപ്പാസ് സർജറിക്ക് ശേഷമായിരുന്നു മുത്തശ്ശി ഒരു ക്ഷീണവുമില്ലാതെ ക്രിക്കറ്റ് മത്സരങ്ങൾ കാണാൻ ഓടിയെത്തിയത്.

ഗുജറാത്തിൽ വേരുകളുള്ള ചാരുലത ജനിച്ചത് ദക്ഷിണാഫ്രിക്കയിലാണ്. 1974-ൽ ഇംഗ്ലണ്ടിലെത്തി. 36 വർഷങ്ങൾക്കു മുൻപ് ലോർഡ്‌സിൽ ക്രിക്കറ്റ് ചരിത്രം തിരുത്തിയെഴുതി കപിലിന്റെ ചെകുത്താൻമാർ ലോകകിരീടം ഉയർത്തുമ്പോൾ ഗാലറിയിൽ അതിന് സാക്ഷിയായി ചാരുലത പട്ടേൽ ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ കോഹ്‌ലിയുടെ പടയും കിരീടം ഉയർത്തുന്നത് കാണാൻ ഈ മുത്തശ്ശി ഏറെ ആഗ്രഹിച്ചിരുന്നു. ഈ ആഗ്രഹം ബാക്കിയാക്കിയാണ് മുത്തശ്ശി വിടവാങ്ങിയിരിക്കുന്നത്.

Exit mobile version