ഇൻഡോർ: ഗുവാഹത്തയിലെ ആദ്യ ട്വന്റി-20 മത്സരം മഴ കൊണ്ടുപയത് ആരാധകരെ നിരാശരാക്കിയെങ്കിലും രണ്ടാം മത്സരത്തിൽ ആരാധകർക്ക് ആവേശജയം സമ്മാനിച്ച് ഇന്ത്യ. ശ്രീലങ്കയെ തകർത്തെറിഞ്ഞ പ്രകടനത്തോടെ ഇന്ത്യക്ക് ഇൻഡോറിൽ ഏഴു വിക്കറ്റ് വിജയം. 143 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 15 പന്ത് ശേഷിക്കെയാണ് ഏഴ് വിക്കറ്റ് വിജയം സ്വന്തമാക്കിയത്. ഇതോടെ മൂന്നു ട്വന്റി-20 മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 1-0ന് മുന്നിലെത്തി. മൂന്നാം മത്സരം വെള്ളിയാഴ്ച്ച ഗഹൂഞ്ചെയിൽ നടക്കും.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങി മോശം പ്രകടനം കാഴ്ചവെച്ച ശ്രീലങ്ക ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 142 റൺസാണ് നേടിയത്. വെല്ലുവിളിയാകാത്ത ഈ സ്‌കോർ അടിച്ചെടുക്കാനായി ബാറ്റേന്തിയ ഇന്ത്യയ്ക്ക് കെഎൽ രാഹുലും ശിഖർ ധവാനും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. ഇരുവരും 71 റൺസ് കൂട്ടുകെട്ടുണ്ടാക്കി. രാഹുൽ 32 പന്തിൽ ആറു ഫോറിന്റെ സഹായത്തോടെ 45 റൺസ് അടിച്ചപ്പോൾ 29 പന്തിൽ 32 റൺസായിരുന്നു ധവാന്റെ സമ്പാദ്യം. പിന്നീട് ശ്രേയസ് അയ്യരും വിരാട് കോഹ്‌ലിയും ഇന്നിങ്‌സ് നയിച്ചു. 26 പന്തിൽ 34 റൺസെടുത്ത ശ്രേയസിനെ കലാഹിരു കുമാര പുറത്താക്കി. 17 പന്തിൽ 30 റൺസുമായി ഇന്ത്യൻ ക്യാപ്റ്റൻ പുറത്താകാതെ നിന്നു.
ക്രീസിലെത്തിയ ഋഷഭ് പന്തിന് ഒരു പന്ത് മാത്രമെ നേരിടേണ്ടിയേ വന്നുള്ളു. അപ്പോഴേക്കും 18ാം ഓവറിലെ മൂന്നാം പന്തിൽ സിക്‌സ് അടിച്ച് കോഹ്‌ലി ഇന്ത്യയുടെ വിജയം ഉറപ്പിച്ചു.
കളിയിലുടനീളം നിർഭാഗ്യം പിന്തുടർന്ന ശ്രീലങ്കയ്ക്ക് രണ്ട് റൺസിനിടെ അവസാന മൂന്നു വിക്കറ്റ് നഷ്ടമായി. ഇന്ത്യക്കായി പന്തെറിഞ്ഞവരെല്ലാം വിക്കറ്റ് വീഴ്ത്തി. ശർദ്ദുൽ ഠാക്കൂർ മൂന്നു വിക്കറ്റെടുത്തപ്പോൾ നവദീപ് സയ്‌നിയും കുൽദീപ് യാദവും രണ്ടു വീതം വിക്കറ്റ് വീഴ്ത്തി. വാഷ്ങ്ടൺ സുന്ദർ, ജസ്പ്രീത് ഭൂമ്ര എന്നിവർ ഓരോ വിക്കറ്റെടുത്തു. 34 റൺസെടുത്ത കുശാൽ പെരേരയാണ് ലങ്കയുടെ ടോപ്പ് സ്‌കോറർ.