ഗോവ: സ്വന്തം തട്ടകത്തില്‍ കളി നടന്നിട്ടും മികച്ച ഫോമിലായിട്ടും ഗോവയ്ക്ക് ബംഗളൂരുവിനെതിരെ തോല്‍വി വഴങ്ങാനായിരുന്നു വിധി. രണ്ട് ചുവപ്പ് കാര്‍ഡുകള്‍ പിറന്ന മത്സരത്തില്‍ സുനില്‍ ഛേത്രിയുടെ നിര്‍ണായക ഗോളില്‍ ബംഗളൂരു വിജയത്തേരേറി.
ലീഗിലെ ഏറ്റവും മികച്ച രണ്ട് ടീമുകള്‍ ഏറ്റുമുട്ടിയപ്പോള്‍ ആവേശത്തിന് ഒട്ടും കുറവ് വന്നില്ല. ജയത്തോടെ ബംഗളൂരു പോയന്റില്‍ ഒന്നാമതുള്ള എഫ്സി ഗോവയ്ക്ക് ഒപ്പമെത്തി.
കളിയുടെ ആദ്യ പകുതിയില്‍ ഇരുടീമുകളും ഒപ്പത്തിനൊപ്പം നിന്നു എങ്കിലും ആദ്യത്തെ തകര്‍പ്പന്‍ ഗോള്‍ ബംഗളൂരുവിന് ലീഡ് നല്‍കുകയായിരുന്നു. പിന്നീട് കളിയുടെ 33ആം മിനുട്ടില്‍ രാഹുല്‍ ബെഹ്കെ ആണ് ഒരു ഗംഭീര ബാക്ക് ഹീല്‍ ഫ്ളിക്കിലൂടെ ബംഗളൂരുവിന് ആ ഗോള്‍ നേടിക്കൊടുത്തത്.
ബെഹ്കെയുടെ കരിയറിലെ ആദ്യ ഐഎസ്എല്‍ ഗോള്‍ കൂടിയാണിത്. ഐഎസ്എല്ലിലെ തന്റെ 47ആം മത്സരത്തിലാണ് ബെഹ്കെയുടെ ആദ്യ ഗോള്‍ പിറന്നത്. ഉദാന്തയുടെ ക്രോസില്‍ നിന്ന് ഒരു ഡൈവിങ് ഹെഡറിലൂടെ ആയിരുന്നു ഛേത്രിയുടെ ഗോള്‍. സീസണിലെ ഛേത്രിയുടെ അഞ്ചാം ഗോളായിരുന്നു ഇത്.
രണ്ടാം പകുതിയില്‍ തിരിച്ചുവരാമെന്നാണ് ഗോവ കരുതിയെങ്കിലും രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ഗോവ 10 പേരായി ചുരുങ്ങി. ഗോവയുടെ സെന്റര്‍ ബാക്കായ മുഹമ്മദ് അലി രണ്ടാം മഞ്ഞകാര്‍ഡ് വാങ്ങി പുറത്ത് പോയതാണ് ഗോവയ്ക്ക് വിനയായത്. കളി ഗോവയ്ക്ക് കൈവിട്ടു പോവുകയാണ് എന്ന് തോന്നിയപ്പോള്‍ കളിയിലെ രണ്ടാമത്തെ ചുവപ്പ് കാര്‍ഡും വന്നു.
ഇത്തവണ ബംഗളൂരു താരമാണ് ചുവപ്പ് കണ്ടത്. 59ആം മിനുട്ടില്‍ ഹൈ ബൂട്ടിന് ദിമാസ് ദെല്‍ഗാഡോ ആണ് ഡയറക്ട് ചുവപ്പ് കണ്ടത്. ഒടുവില്‍ 73ആം മിനുട്ടില്‍ ഗോള്‍ കണ്ടെത്തി ഗോവ ആശ്വാസം നേടി.
ബംഗളൂരുവിനെക്കാള്‍ രണ്ട് മത്സരങ്ങള്‍ കൂടുതല്‍ കളിച്ച എഫ്സി ഗോവയ്ക്ക് ഒന്നാം സ്ഥാനത്ത് തുടരാന്‍ ഇതോടെ വരും മത്സരങ്ങള്‍ നിര്‍ണ്ണായകമാണ്.
ഇന്നത്തെ ജയത്തോടെ ബംഗളൂരുവിന് ആറു മത്സരങ്ങളില്‍ 16 പോയന്റായി. 16 പോയന്റ് തന്നെ ഉള്ള എഫ്സി ഗോവയാണ് ലീഗില്‍ ഇപ്പോള്‍ ഒന്നാം സ്ഥാനത്ത്.
Discussion about this post